വടക്കേകാട്: കപ്ലേങ്ങാട് ഭഗവതി ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ശ്രമം നാട്ടുകാർ തടഞ്ഞു. മാർച്ച് 11ന് സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കാനിരിക്കെയാണ് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഏറ്റെടുക്കൽ നടപടിക്കായി എത്തിയത്.
ക്ഷേത്ര ഭരണസമിതിയും നാട്ടുകാരും ഇതിനെതിരെ പ്രതിഷേധിച്ചു. സുപ്രീംകോടതി ഉത്തരവ് വരാതെ നടപടി ഉണ്ടാകരുതെന്ന് ക്ഷേത്ര കമ്മിറ്റി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥർ മടങ്ങി.
വ്യാഴാഴ്ച പുലര്‍ച്ച അഞ്ചോടെ കനത്ത പൊലീസ് സുരക്ഷയിലാണ് ഉദ്യോഗസ്ഥരെത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകൾ നാമജപവുമായി ഗേറ്റിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നു.
ഉദ്യോഗസ്ഥരും പൊലീസും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്ന 11 വരെ സമയം അനുവദിക്കാമെന്ന ധാരണയിലെത്തിയത്. ഗുരുവായൂര്‍ എ.സി.പി സുന്ദരന്‍, വടക്കേകാട് എസ്.എച്ച്.ഒ ആര്. ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലര്‍ച്ച 4.45ഓടെ ക്ഷേത്രത്തിന് ചുറ്റും നിലയുറപ്പിച്ചു.
രണ്ട് കിലോമീറ്റര്‍ അകലെ മുക്കിലപീടിക സെന്ററിലും കൊച്ചന്നൂര്‍ സെന്ററിലും റോഡിലിറങ്ങി വാഹനങ്ങള്‍ പൊലീസ് തടഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്ത് അഗ്നിരക്ഷ സേനയും ജലപീരങ്കിയും എത്തിയിരുന്നു.
1993ല്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പട്ടികയിൽ ഉൾപ്പെടുത്തിയ ക്ഷേത്രമാണിതെന്ന് എക്സിക്യൂട്ടിവ് ഓഫിസര്‍ അജിന് ആര്. ചന്ദ്രന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭക്തരില്‍നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ബോര്‍ഡ് അന്വേഷിച്ച് 2022 ഡിസംബറില്‍ എക്സിക്യൂട്ടിവ് ഓഫിസറെ നിയമിച്ചിരുന്നു.
ട്രസ്റ്റിക്കാണ് ക്ഷേത്രാധികാരം എന്ന വാദവുമായി കമ്മിറ്റി മുന്‍സിഫ് കോടതിയെ സമീപിച്ചെങ്കിലും ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് ട്രസ്റ്റിക്ക് അധികാരമെന്നും എക്സിക്യൂട്ടിവ് ഓഫിസര്‍ ചുമതലയേല്‍ക്കുന്നതിന് തടസ്സമില്ലെന്നും കോടതി ഉത്തരവായി. ഈ കേസ് കോടതിയില്‍ തുടരു ന്നുണ്ട്. ഇതിനെതിരെ കമ്മിറ്റി ഹൈകോടതിയെ സമീപിച്ചെങ്കിലും ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ കമ്മിറ്റിക്ക് അധികാരമില്ലെന്ന് ഹൈകോടതിയും ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കാന്‍ എത്തിയതെന്ന് എക്സിക്യൂട്ടിവ് ഓഫിസര്‍ പറഞ്ഞു.
കോടതിയില്‍ കേസ് നിലനില്ക്കുമ്പോള് ക്ഷേത്രം ഏറ്റെടുക്കാന്‍ നേരം പുലരുംമുമ്പ് എത്തിയത് സി.പി.എം നടത്തിയ രാഷ്ട്രീയ നീക്കമാണെന്ന് ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് പ്രമോദ് കിളിയംപറമ്പില്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.