കുളമാവ്: ഇടുക്കി ജലാശയത്തിൽ മീൻ പിടിക്കാൻ പോയ മൂന്നംഗ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. കോഴിപ്പിള്ളി വല്യവീട്ടിൽ ദിവാകരനെയാണ് (55) കാണാതായത്. ഇടുക്കി അണക്കെട്ടിന്‍റെ ഭാഗമായ കുളമാവ് ഭാഗത്ത് വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം.
ദിവാകരന്‍റെ ഒപ്പമുണ്ടായിരുന്ന കോഴിപ്പിള്ളി കുളത്തുങ്കൽ അതീഷ് (30), കുളമാവ് പാറക്കൽ ബാബുക്കുട്ടൻ (38) എന്നിവരാണ് രക്ഷപ്പെട്ടത്. ദിവാകരനുവേണ്ടി നാട്ടുകാരും അഗ്നിരക്ഷാസേനയും നാവികസേനയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വൈകീട്ട് അഞ്ചരയോടെ തിരച്ചിൽ നിർത്തി.
വെള്ളിയാഴ്ച വീണ്ടും തുടരും. ഡാമിനകത്തേക്ക് നീങ്ങി കഴിഞ്ഞപ്പോൾ വള്ളം മുങ്ങുകയായിരുന്നു. ഈ സമയം സമീപത്ത് മീൻപിടിക്കാൻ എത്തിയ മുത്തിയുരുണ്ട സ്വദേശികളായ തച്ചിലേടത്ത് ചാണ്ടി, നോബിൾ, ജോമോൻ എന്നിവരാണ് ബാബുക്കുട്ടനെയും അതീഷിനെയും രക്ഷപ്പെടുത്തിയത്. ദിവാകരൻ വെള്ളത്തിൽ താഴ്ന്നുപോയി. ദിവാകരനും അതീഷും ബന്ധുക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.