കോഴിക്കോട്: വൻ ജനപ്രവാഹം സാക്ഷ്യം വഹിച്ച സമാപന സമ്മേളനത്തോടെ മുജാഹിദ് സമ്മേളനത്തിന് ഉജ്ജ്വല സമാപനം. ഞായറാഴ്ച രാവിലെ മുതൽ സരോവരത്തെ സലഫി നഗറിലെ പന്തൽ പ്രവർത്തകരെക്കൊണ്ട് തിങ്ങിനിറഞ്ഞു. രാജ്യത്തെ മുസ്‍ലിം ന്യൂനപക്ഷത്തിന്റെ അസ്തിത്വവും അഭിമാനവും തകര്‍ക്കുന്ന രൂപത്തില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെടുന്നത് ജാഗ്രതയോടെ കാണണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വിവിധ സമുദായങ്ങളുടെ പേരില്‍ പ്രത്യക്ഷപ്പെടുന്ന മിലിട്ടന്റ് ഗ്രൂപ്പുകള്‍ സമുദായങ്ങൾ നേടിയ സർവ പുരോഗതിയും തകര്‍ക്കുകയാണ്. മുസ്‍ലിം ചെറുപ്പത്തെ തീവ്രവാദ കെണിയില്‍ നിന്നും രക്ഷിക്കാനും വിവേകത്തിന്റെ വഴി കാണിക്കാനും സമുദായം മുന്നോട്ടുവരണം. വിശ്വാസികളെ കബളിപ്പിക്കുന്ന ആത്മീയ കച്ചവടക്കാരെ നിലക്കുനിര്‍ത്താന്‍ മഹല്ലുകള്‍ മുന്നിട്ടിറങ്ങണം.
ഉന്നത വിദ്യാഭ്യാസ രംഗത്തെ പാഠ്യപദ്ധതി പരിഷ്‌കരണം ഭാവിതലമുറയുടെ ഭദ്രമായ ജീവിതംകൂടി മുന്നില്‍ കണ്ടാകണമെന്ന് വിദ്യാർഥിനി സമ്മേളനം അഭിപ്രായപ്പെട്ടു. വിവാഹ രംഗത്ത് നിലനില്‍ക്കുന്ന പേക്കൂത്തുകള്‍ അവസാനിപ്പിക്കണം. മദ്‌റസ സംവിധാനം ആധുനികവത്കരിക്കാന്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തയാറാവണമെന്ന് പ്രബോധക സംഗമം ആവശ്യപ്പെട്ടു. ഈസ മദനി അധ്യക്ഷത വഹിച്ചു. സംവരണം സങ്കീര്‍ണതകള്‍ നിറച്ച് കോടതി കയറ്റി അര്‍ഹരായവര്‍ക്ക് സംവരണം നിഷേധിക്കുന്ന സാഹചര്യം ഗൗരവത്തോടെ കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഹിജാബിന്റെ പേരിൽ ഒരു സമൂഹത്തെ അവമതിക്കാനും അവരുടെ സ്വാതന്ത്ര്യം നിഷേധിക്കാനുമുള്ള ശ്രമങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ആക്ടിവിസ്റ്റ് അഡ്വ. ദീപിക സിങ് രാജാവത്ത് പറഞ്ഞു. വനിത സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അവർ. എം.ജി.എം പ്രസിഡന്റ് സുഹറ മമ്പാട് അധ്യക്ഷത വഹിച്ചു. രമ്യ ഹരിദാസ് എം.പി, ഫാത്തിമ മുസാഫിർ (ചെന്നൈ), ഷമീമ ഇസ്‌ലാഹിയ, ആയിഷ ചെറുമുക്ക്, ആമിന അൻവരിയ, ജമീല എടവണ്ണ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.