ന്യൂമാഹി പുന്നോലിൽ സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്ന് സി.പി.എം നേതാവ് എ. വിജയരാഘവൻ. ആർ.എസ്.എസിന്‍റേത് സമാധാന അന്തരീക്ഷം തകർക്കാനുള്ള ഗൂഡനീക്കമാണ്. സി.പി.എം പതാക ദിനത്തിൽ കൊലപാതകം നടത്തിയത് ആസൂത്രിതമായാണ്. ആർ.എസ്.എസ് ക്രൂരതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ കൊലപാതകമെന്നും വിജയരാഘവൻ പറഞ്ഞു.
സി.പി.എം യാതൊരു പ്രകോപനവും ഉണ്ടാക്കിയിട്ടില്ലെന്നും നാട്ടിൽ കലാപം ഉണ്ടാക്കാൻ ആർ.എസ്.എസ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പുലർച്ചെയാണ് പുന്നോൽ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ ഹരിദാസിനെ ഒരു സംഘം ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവേ വീടിനടുത്ത് വെച്ചാണ് വെട്ടേറ്റത്. പുലർച്ചെ രണ്ട് മണിക്കായിരുന്നു ആക്രമണം.
ബൈക്കിലെത്തിയ സംഘമാണ് കൊല നടത്തിയത്. വെട്ടേറ്റ ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയി. ബഹളം കേട്ട് സംഭവ സ്ഥലത്ത് എത്തിയ ബന്ധുക്കളുടെ കൺമുന്നിലായിരുന്നു ക്രൂരമായ അക്രമം. ഹരിദാസനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഹോദരൻ സുരനും വെട്ടേറ്റു.
പുന്നോലിൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് സി.പി.എം -ബി.ജെ.പി സംഘർഷമുണ്ടായിരുന്നു. ഇതിനിടെ, ഹരിദാസനെ കൊലപ്പെടുത്തുമെന്ന് തലശ്ശേരി കൊമ്മൽ വാർഡിലെ കൗൺസിലർ പ്രസംഗിച്ചിരുന്നുവെന്നും ഇതിന് ശേഷമാണ് കൊലപാതകം നടന്നതെന്നും സി.പി.എം ജില്ല സെക്രട്ടറി എം.വി.ജയരാജൻ ആരോപിച്ചിരുന്നു. ക്ഷേത്രത്തിലെ ഉത്സവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രകോപനപരമായ പ്രസംഗം.
കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശേരി നഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ സി.പി.എം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറ് മണിവരെ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.