വിദേശ വനിതയുടെ കൊല; തുണയായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ റിപ്പോർട്ടുകളും

തിരുവനന്തപുരം: സാഹചര്യത്തെളിവും ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണ് വിദേശ വനിതയുടെ കൊലപാതകക്കേസിൽ പ്രതികളെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. കേസ് തെളിയിക്കുക അന്വേഷണസംഘത്തിനും പ്രോസിക്യൂഷനും കടുത്ത വെല്ലുവിളിയായിരുന്നെന്നു പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജ് പ്രതികരിച്ചു.

38 ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത് എന്നത് വെല്ലുവിളിയായിരുന്നു. മൃതദേഹം ജീർണിച്ച നിലയിലായിരുന്നതിനാൽ പല തെളിവും നഷ്ടപ്പെട്ടിരുന്നു. എന്നാൽ, സാഹചര്യത്തെളിവുകൾ ഉപയോഗിച്ച് കേസ് ബിൽഡ് ചെയ്യാൻ പൊലീസിന് കഴിഞ്ഞു. അത് കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു. പ്രദേശത്തെക്കുറിച്ച് ഒരു പരിചയവുമില്ലാത്ത യുവതിക്ക് സ്ഥലം നന്നായി അറിയാവുന്ന ആളുടെ സഹായമില്ലാതെ എത്താൻ സാധിക്കില്ലെന്ന വാദം അംഗീകരിക്കപ്പെട്ടു. ഇത് ആര് എന്നതായിരുന്നു അടുത്ത ചോദ്യം. 18 സാഹചര്യങ്ങൾ പ്രോസിക്യൂഷൻ മുന്നോട്ടുെവച്ചു.

അത് കോടതി അംഗീകരിച്ചു. നിർണായക സാക്ഷിയായ കെമിക്കൽ എക്സാമിനർ മൊഴിമാറ്റിയെങ്കിലും മറ്റ് റിപ്പോർട്ടുകൾ ഗുണംചെയ്തു. പോസ്റ്റ്മോർട്ടം നടത്തിയ ഡോ. ശശികലയുടെ സംശയത്തിന് ഇടയില്ലാത്ത വിധമുള്ള റിപ്പോർട്ട് കോടതി അംഗീകരിച്ചു. സ്വകാര്യഭാഗത്ത് മുറിവുകൾ ഉണ്ടായിരുന്നു. മൃതദേഹത്തിൽ അടിവസ്ത്രം ഉണ്ടായിരുന്നില്ല. ഒന്നാംപ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അടിവസ്ത്രം കണ്ടെത്തി. ഇത് താൻ വിദേശത്തുനിന്ന് വാങ്ങി നൽകിയതാണെന്ന് യുവതിയുടെ സഹോദരി തിരിച്ചറിഞ്ഞു. ഇത്തരം സാഹചര്യത്തെളിവുകളിലൂടെയാണ് പ്രതികളെ കുടുക്കിയത്. കുറ്റപത്രം നൽകി മൂന്നുവർഷത്തിന് ശേഷമാണ് വിധി വരുന്നത്. ഹൈകോടതി നിർദേശപ്രകാരമാണ് വിചാരണ പൂർത്തിയാക്കിയത്. അസി.കമീഷണർ ദിനിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് ഐ.ജി പി. പ്രകാശും പ്രതികരിച്ചു. 

Tags:    
News Summary - The murder of a foreign woman; Circumstantial evidence and scientific reports have helped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.