മലപ്പുറം: മുസ്‍ലീം ലീഗിന്റെ ഉരുക്കു കോട്ടകളിൽ പിണറായി വിജയന്റെ നവകേരള സദസ്സ് ഇളക്കിമറിച്ചത് നാല് നാൾ. രാഷ്ട്രീയ പ്രതിരോധങ്ങൾ ഏറെയില്ലാതെയാണ് മലപ്പുറത്ത് മന്ത്രിസഭയുടെ ബസ് കടന്നുപോയത്. ജില്ലയിലെ 16 മണ്ഡലങ്ങളിലും നവകേരള സദസ്സിൽ വൻ ജനാവലിയെ അണിനിരത്താനായത് പാർട്ടിക്ക് വലിയ നേട്ടമായി.
സർക്കാർ പരിപാടിയാണിതെന്ന് മുഖ്യമന്ത്രി ആവർത്തിച്ചപ്പോഴും ലക്ഷങ്ങൾ ചെലവഴിച്ച ആഢംബരവേദികളിൽ നടന്ന രാഷ്ട്രീയ പൊതുയോഗങ്ങളായി മാറുകയായിരുന്നു പലതും. കോൺഗ്രസിനെതിരെയുള്ള കടന്നാക്രമണങ്ങളാണ് എല്ലായിടത്തും കണ്ടത്. മുസ്‍ലിം ലീഗ് കോൺഗ്രസിന്റെ സമ്മർദ്ദത്തിന് വഴങ്ങി നവകേരള സദസ്സ് ബഹിഷ്കരിക്കുന്നു എന്ന നിലയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിമർശിച്ചത്.
യു.ഡി.എഫിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാവാം പി.കെ. കുഞ്ഞാലിക്കുട്ടിയെ തലോടിക്കൊണ്ട് മന്ത്രി ശിവൻകുട്ടി ചില വേദികളിൽ സംസാരിച്ചു. പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷമായ ഭാഷയിൽ കടന്നാക്രമണം നടന്നപ്പോൾ മലപ്പുറത്തുകാരനായ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മൗനം ശ്രദ്ധിക്കപ്പെട്ടു. ബഹിഷ്കരണ വീരൻ എന്നാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ മഞ്ചേരിയിൽ വിശേഷിപ്പിച്ചത്.
മുസ്‍ലിം ലീഗിൽ നിന്നോ കോൺഗ്രസിൽ നിന്നോ വിലാസമുള്ള നേതാക്കളെയോ പ്രവർത്തകരെയോ പ്രഭാത സദസ്സിൽ പങ്കെടുപ്പിക്കാൻ സംഘാടനത്തിന് ചുക്കാൻ പിടിച്ച സി.പി.എമ്മിനായില്ല. ആകെ കിട്ടിയത് പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകനെയാണ്. ചില പ്രാദേശിക നേതാക്കളെയും പങ്കെടുപ്പിക്കാനായി. സമസ്തയിലെ എണ്ണപ്പെട്ട നേതാക്കളെ മലപ്പുറത്ത് പ്രഭാത സദസ്സുകളിൽ പങ്കെടുപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു.
ഇടതുപക്ഷത്തിന് നാല് മണ്ഡലങ്ങളാണ് ജില്ലയിൽ. താനൂർ, പൊന്നാനി, തവനൂർ, നിലമ്പൂർ മണ്ഡലങ്ങൾ. ഇവിടെക്കൂടിയതിലോ അതിലധികമോ ആൾക്കൂട്ടം നവകേരള സദസ്സിനുണ്ടായത് ശ്രദ്ധിക്കപ്പെട്ടു. ശാരീരികമായി ക്ഷീണിതനായപ്പോഴും പിണറായി വിജയന് ഈ ആൾക്കൂട്ടം ആവേശം പകർന്നു. അദ്ദേഹത്തിന്റെ വാർത്താസമ്മേളനങ്ങളിൽ ഈ സന്തോഷം ദൃശ്യമായി.
അതേസമയം, യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലയിൽ മുഖ്യമന്ത്രിക്ക് നിരവധി കേന്ദ്രങ്ങളിൽ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. യൂത്ത് ലീഗിന്റെ ഭാഗത്ത് നിന്നും ചില കേന്ദ്രങ്ങളിൽ കരിങ്കൊടിയുണ്ടായി. നവകേരള സദസ്സിലും പ്രഭാത സദസ്സിലും പുതുതായി എന്തു പറഞ്ഞു, എന്ത് പ്രഖ്യാപനമുണ്ടായി എന്ന് ചോദിച്ചാൽ ഒന്നുമില്ലെന്നാണ് ഉത്തരം. മലപ്പുറം ജില്ലയിൽ നിന്ന് 80,885 പരാതികൾ ഏറ്റുവാങ്ങിയാണ് മുഖ്യമന്ത്രിയുടെ ബസ് പാലക്കാട്ടേക്ക് കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.