തിരുവനന്തപുരം: നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക് ഭരണഘടന തയാറാക്കുന്നു. സംഘടന രജിസ്റ്റർ ചെയ്ത് സമിതി ഔദ്യോഗികമായി പ്രവർത്തിക്കാനും തീരുമാനിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം ആദ്യമായി വിളിച്ചുചേർത്ത സമിതി സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത യോഗം, സമിതിയിൽ അംഗമായ സഹസംഘടനകൾക്ക് കരട് ഭരണഘടന ചർച്ചക്കും അഭിപ്രായം അറിയാനുമായി വിതരണം ചെയ്തു. കേരളീയ മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കുകയാണ് സമിതി ഉദ്ദേശ്യലക്ഷ്യമായി കരട് ഭരണഘടനയിൽ പറയുന്നത്.
സമൂഹത്തിൽ നിന്ന് അന്ധവിശ്വാസവും അനാചാരവും തുടച്ചുനീക്കുക, സ്ത്രീ-പുരുഷ-ഭിന്നലിംഗ സമത്വം നടപ്പാക്കുക തുടങ്ങിയവയും ലക്ഷ്യങ്ങളായി വിവരിക്കുന്നു. സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കാനും തീരുമാനിച്ചു. ഭരണഘടന സംരക്ഷണ ദിനത്തിന്‍റെ സംസ്ഥാനതല പ്രചാരണ ഉദ്ഘാടനം അന്നേ ദിവസം അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി നിർവഹിക്കും. തുടർന്ന്, ജില്ലതല സമിതി രൂപവത്കരിച്ച് ഭരണഘടന സംരക്ഷണ ദിന പ്രചാരണങ്ങൾ സംഘടിപ്പിക്കും.
ഭരണഘടന സംരക്ഷണവും നിയമ സാക്ഷരതയും മുഖ്യലക്ഷ്യമായി സമിതി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിൽ നിലനിൽക്കുന്ന പ്രതിലോമ കാര്യങ്ങളെ തുറന്നുകാട്ടണം. സാമൂഹിക നീതിയിലധിഷ്ഠിതമായ സുസ്ഥിര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമിതിയുടെ സംസ്ഥാന കൺവീനർ സ്ഥാനം പുന്നല ശ്രീകുമാർ ഒഴിഞ്ഞതിനെ തുടർന്ന് പി. രാമഭദ്രനെ കൺവീനറായി തെരഞ്ഞെടുത്തു. സമിതി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം പങ്കെടുത്തു. കഴിഞ്ഞ സർക്കാറിന്‍റെ അവസാനകാലത്ത് പൊതുതെരഞ്ഞെടുപ്പ് വന്നതോടെ സമിതി പ്രവർത്തനം മന്ദീഭവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.