ആലുവ: ബസ് യാത്രക്കിടെ അപസ്മാരം അനുഭവപ്പെട്ട വീട്ടമ്മയെ അതിവേഗം ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും. കോതമംഗലം-ആലുവ റൂട്ടിൽ സർവിസ് നടത്തുന്ന കോക്കാടൻസ് എന്ന ബസിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കണ്ണമാലി പള്ളിയിലെ പെരുന്നാളിന് പങ്കെടുക്കാനാണ് കോതമംഗലം നെല്ലിമറ്റം സ്വദേശി എൽസി ഭർത്താവ് തോമസിനൊപ്പം യാത്ര പുറപ്പെട്ടത്. ബസ് ചെമ്പറക്കിയിൽ എത്തിയപ്പോഴാണ് എൽസിക്ക് ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ടത്.
കണ്ടക്ടർ അനൂപ് വിവരം അറിയിച്ചതിനെത്തുടർന്ന് ഡ്രൈവർ ബേസിൽ ബസ് നേരെ രാജഗിരി ആശുപത്രിയിലേക്ക് വിട്ടു. ഇതിനകം ബസുടമ സുൽഫിവഴി രോഗിയെ സ്വീകരിക്കാൻ വേണ്ട തയാറെടുപ്പുകൾ ആശുപത്രിയിൽ ഒരുക്കിയിരുന്നു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച എൽസിയെ തുടർന്ന് വിദഗ്ധ പരിശോധനക്ക് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
എൽസി സുഖംപ്രാപിച്ച് വരുന്നതായി രാജഗിരി ആശുപത്രി ന്യൂറോളജി വിഭാഗത്തിലെ ഡോ. ശ്രീറാം പ്രസാദ് പറഞ്ഞു. ജോലിക്കിടയിൽ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണെന്നും യാത്രക്കാരെല്ലാം പിന്തുണയുമായി കൂടെയുണ്ടായിരുന്നെന്നും ഡ്രൈവർ ബേസിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.