ആർ.എസ്.എസുകാർ സ്കൂളിൽ കയറി ഇടിക്കട്ട കൊണ്ട് ഇടിച്ചിട്ട് പതറിയിട്ടില്ല; ഫാഷിസ്റ്റുകളെ അംഗീകരിക്കില്ലെന്ന് ടി.എൻ. പ്രതാപൻ

തൃശ്ശൂർ: ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും ഭീഷണി കണ്ട് ഭയപ്പെടുന്ന ആളല്ല താനെന്ന് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ എം.പി. ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട. ഒരു വർഗീയ ഫാഷിസ്റ്റ് ഭീഷണിക്ക് മുമ്പിലും പതറില്ലെന്നും പ്രതാപൻ പറഞ്ഞു.

തന്‍റെ ഇടത് കണ്ണിന് താഴെ ഒരു അടയാളം കാണാം. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽ കയറി ആർ.എസ്.എസുകാർ ഇടിക്കട്ട കൊണ്ട് ഇടിച്ചതാണ്. എന്നിട്ട് പതറി പിന്നോട്ട് പോയിട്ടില്ലെന്നും പ്രതാപൻ വ്യക്തമാക്കി.

പാർലമെന്‍റിൽ നരേന്ദ്ര മോദിയെയും അമിത് ഷായെയും മുഖത്ത് നോക്കി ചോദ്യം ചെയ്ത ആളാണ് താൻ. ന്യൂനപക്ഷത്തിലെ ഏതെങ്കിലും വർഗീയ ഫാഷിസ്റ്റുകളുടെ പേര് പറഞ്ഞ് വിരട്ടേണ്ട. ഒരു വർഗീയ ഫാഷിസ്റ്റുകളെയും അംഗീകരിക്കില്ല. തൃശൂർ മതനിരപേക്ഷതയുടെ മണ്ണാണ്. തൃശ്ശൂരിൽ കോൺഗ്രസ് സ്ഥാനാർഥി ഹൈക്കമാൻഡ് തീരുമാനിക്കുമ്പോൾ വരുമെന്നും അദ്ദേഹം പറഞ്ഞു.

ജനപ്രതിനിധികൾക്കെതിരെയും ജനാധിപത്യ സംവിധാനങ്ങൾക്കെതിരെയും സഭ്യത വിട്ട് കോൺഗ്രസ് സമരപരിപാടി നടത്തില്ല. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിക്കെതിരെ ഷൂ എറിഞ്ഞ കെ.എസ്.യു അതിൽ നിന്ന് പിന്തിരിഞ്ഞു. കോൺഗ്രസിന് ചില സമരരീതികളുണ്ട്. ഗാന്ധിയുടെയും നെഹ്റുവിന്‍റെയും സംസ്കാരത്തിൽ വരുന്നവരാണ് തങ്ങൾ. ആ സംസ്കാരത്തിന്‍റെ അതിർവരമ്പ് ലംഘിക്കുന്ന ഒരു സമരരീതിയും അനുവർത്തിക്കില്ലെന്നും ടി.എൻ. പ്രതാപൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - The RSS did not flinch after entering the school and hitting it with sticks- T.N. Prathapan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.