റോഡ് പരിപാലനത്തിൽ സുതാര്യത ഊട്ടിയുറപ്പിക്കാൻ റണ്ണിംഗ് കോൺട്രാക്റ്റ് ബോർഡ് പദ്ധതി നിലവിൽ വന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാര്യത്തിൽ സുതാര്യത ഊട്ടിയുറപ്പിക്കുന്ന റണ്ണിംഗ് കോൺട്രാക്റ്റ് ബോർഡ് സ്ഥാപിക്കൽ സംവിധാനവുമായി പൊതുമരാമത്ത് വകുപ്പ്. റോഡിന്റെ പരിപാലന കാലയളവിന് ശേഷമുള്ള കാലം റോഡിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ടവരിൽ നിക്ഷിപ്തമാക്കി ആ വിവരം പൊതുജനത്തെ അറിയിക്കുന്ന സംവിധാനമാണിത്.

പൊതുമരാമത്ത് റോഡുകളിൽ റണ്ണിംഗ് കോൺട്രാക്റ്റ് ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിച്ചു. റോഡ് പരിപാലനത്തിൽ വലിയ കുതിച്ചുചാട്ടമാണ് പുതിയ സംവിധാനമെന്ന് അദ്ദേഹം പറഞ്ഞു.

പൊതുമരാമത്ത് റോഡുകളിൽ 12,322 കിലോമീറ്റർ ദൂരം റണ്ണിംഗ് കോൺട്രാക്റ്റ് ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ഇത് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മൊത്തം റോഡിന്റെ 40 ശതമാനം വരും. റോഡിന്റെ രണ്ടറ്റത്തും സ്ഥാപിക്കുന്ന നീല നിറത്തിലുള്ള ബോർഡിൽ കരാറുകാരന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെയും പേര്, ഫോൺ നമ്പറുകൾ, റോഡ് നിർമാണ, പരിപാലന കാലാവധി വിവരങ്ങൾ എന്നിവയെല്ലാം ഉണ്ടാകും.

ഇതുവരെ പരിപാലന കാലാവധി കഴിഞ്ഞ റോഡിൽ സംഭവിക്കുന്ന തകർച്ചക്ക് ആർക്കാണ് ഉത്തരവാദിത്വമെന്ന അനാഥാവസ്ഥ ഉണ്ടായിരുന്നെന്നും ആ അവസ്ഥക്ക് പരിഹാരമായതായും മന്ത്രി റിയാസ് ചൂണ്ടിക്കാട്ടി. ബോർഡ് സ്ഥാപിച്ച ശേഷം അതിൻപ്രകാരമുള്ള കാര്യങ്ങൾ നടക്കുന്നുവെന്ന് ഉറപ്പാക്കാൻ പി.ഡബ്ല്യു.ഡി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, നോഡൽ ഓഫീസർ എന്നിവരടങ്ങിയ കമ്മിറ്റിയുടെ പ്രത്യേക പരിശോധന എല്ലാ ജില്ലകളിലും സെപ്റ്റംബർ 20 മുതൽ തുടങ്ങും.

വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. റോഡിന്റെ പരിപാലനകാലയളവ് പൊതുജന സമക്ഷം വെളിപ്പെടുത്തിയ ഡിഫക്റ്റ് ലയബിലിറ്റി പീര്യഡ് ബോർഡ് സ്ഥാപിച്ചതിന്റെ വിജയകരമായ അനുഭവത്തിന് ശേഷമാണ് റണ്ണിംഗ് കോൺട്രാക്റ്റ് ബോർഡ് നടപ്പാക്കുന്നത്. 2026 ഓടെ സംസ്ഥാനത്തെ ഭൂരിഭാഗം റോഡുകളും ബി.എം ആന്റ് ബി.സി നിലവാരത്തിലേക്ക് ഉയർത്താൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

ആലുവ- പെരുമ്പാവൂർ റോഡിൽ റീ-സർഫസിംഗ് പ്രവൃത്തി നടത്താൻ കിഫ്ബിയോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് സെകട്ടറി അജിത്കുമാർ, ജോയിന്റ് സെക്രട്ടറി സാംബശിവ റാവു തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - The Running Contract Board scheme was introduced to ensure transparency in road maintenance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.