തിരുവനന്തപുരം: എസ്.എഫ്.ഐയുടെ സമ്മർദങ്ങൾക്ക് സംസ്ഥാന സർക്കാരും വകുപ്പ് മന്ത്രിയും വഴങ്ങുന്നതാണ് അക്കാദമിക് മേഖലയുടെ നിലവാര തകർച്ചക്കും അച്ചടക്കരാഹിത്യത്തിനും കാരണമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി. കെട്ടിച്ചമച്ച പുതിയ പരാതിയിൽ കാസർകോട് ഗവൺമെന്റ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. എം. രമയുടെ പെൻഷൻ അനുകൂല്യങ്ങൾ തടയാനാണ് സർക്കാർ നീക്കമെന്നും കാമ്പയിൻ കമ്മിറ്റി വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.
കാസർകോട് ഗവൺമെന്റ് കോളജിൽ എസ്.എഫ്.ഐ വിദ്യാർഥികളുടെ നേതൃത്വത്തിൽ ലഹരി ഉപയോഗം വ്യാപകമാണെന്നും അസാന്മാർഗിക പ്രവർത്തനം നടക്കുന്നുവെന്നും തുറന്നുപറഞ്ഞതിന്റെ പേരിൽ, എസ്.എഫ്.ഐയുടെ സമ്മർദ്ദത്തിന് വഴങ്ങി സ്ഥലം മാറ്റിയ കാസർകോട് ഗവൺമെന്റ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. എം രമക്ക് നൽകിയ കുറ്റപത്രമുൾപ്പടെയുള്ള വകുപ്പ് തല അന്വേഷണം ഹൈകോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്ത സാഹചര്യത്തിൽ, കെട്ടിച്ചമച്ച മറ്റൊരു പരാതിയിന്മേൽ സർവീസിൽ നിന്നും വിരമിക്കുന്ന അവസാന പ്രവർത്തി ദിവസം പുതിയൊരു കുറ്റപത്രവുമായി സർക്കാർ. അധ്യാപികയുടെ പെൻഷൻ അനുകൂല്യങ്ങൾ ഏത് വിധേനയും തടയുക എന്നത് മാത്രമാണ് തിരക്കിട്ട് നൽകിയ കുറ്റപത്രത്തിനു പിന്നിലെന്നാണ് ആക്ഷേപം.
സി.പി.എം സംഘടനയുമായി എതിർത്ത് നിന്നതിന്റെ പേരിൽ കെ.ടി.യു വി.സിയുടെ താൽകാലിക ചുമതല വഹിച്ചിരുന്ന എഞ്ചിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. സിസാ തോമസിന് വിരമിക്കുന്ന ദിവസം കുറ്റപത്രം നൽകിയതിന് സമാനമായാണ് ഡോ. രമക്കെതിരായ നടപടിയും. സിസാ തോമസിനെതിരെ സർക്കാർ സുപ്രീം കോടതി വരെ അപ്പീൽ നൽകിയെങ്കിലും സർക്കാർ നിലപാട് കോടതി തള്ളുകയായിരുന്നു. വിരമിച്ച് ഒരു വർഷം കഴിഞ്ഞിട്ടും പെൻഷൻ അനുകൂല്യങ്ങൾ അനുവദിച്ചിട്ടില്ല.
2022ൽ കാസർകോട് ഗവൺമെന്റ് കോളജിൽ പ്രവേശനം നേടുവാൻ പരിശ്രമിച്ച ഒരു വിദ്യാർഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. സ്ത്രീധന നിരോധന നിയമപ്രകാരവും റാഗിങ് വിരുദ്ധ ചട്ടപ്രകാരവും രക്ഷിതാക്കൾ നൽകുന്ന സത്യവാങ്മൂലം കാസർകോട് ഗവൺമെന്റ് കോളജിൽ വിദ്യാർഥി പ്രവേശനത്തിന് മാനദണ്ഡമാണ് എന്നത് പ്രിൻസിപ്പാൾ എന്ന നിലയിൽ വിദ്യാർഥിയെ ബോധിപ്പിച്ചപ്പോൾ രക്ഷിതാവിനെ കൊണ്ടുവന്ന് അഡ്മിഷൻ എടുത്തുകൊള്ളാം എന്ന് തീരുമാനമെടുത്ത് പോയ വിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ട് വർഷം കഴിഞ്ഞുള്ള നടപടി. പ്രായപൂർത്തിയായ വിദ്യാർഥിനിക്ക് കോളജ് പ്രവേശനത്തിന് രക്ഷകർത്താവിന്റെ സാന്നിധ്യം ആവശ്യമില്ലെന്നതാണ് പരാതിക്കാരിയുടെ നിലപാട്.
ലഹരി ഗവൺമെന്റ് കോളജിൽ വ്യാപകമാണ് എന്ന റിപ്പോർട്ടുള്ളതിനാൽ രക്ഷിതാക്കൾ അഡ്മിഷൻ സമയത്ത് നിർബന്ധമായും കോളജിൽ എത്തണമെന്ന് പി.ടി.എ തീരുമാനവും എടുത്തിരുന്നു. എന്നാൽ പരാതി നൽകിയ വിദ്യാർഥി കാസർകോട് ഗവൺമെന്റ് കോളജിൽ താൽകാലികമായി പ്രവേശനം നേടുകയും ചെയ്തിരുന്നു. വിദ്യാർഥിയുടെ ഉയർന്ന ഓപ്ഷൻ ആയുള്ള തലശ്ശേരി ബ്രണ്ണൻ കോളജിൽ പിന്നീട് വിദ്യാർഥിനി പ്രവേശം നേടുകയും ചെയ്തു. പ്രസ്തുത പരാതിയിൽ പ്രിൻസിപ്പാളിനെതിരെ തെളിവൊന്നും ഇല്ലാത്ത സാഹചര്യത്തിൽ കെട്ടിച്ചമച്ച മറ്റൊരു പരാതിയുമയാണ് അധ്യാപികക്കെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് രംഗത്ത് എത്തിയിരിക്കുന്നത്.
എസ്.എഫ്.ഐ നേതാക്കളുടെ സമ്മർദങ്ങൾക്ക് സർക്കാരും വകുപ്പ് മന്ത്രിയും വഴങ്ങുന്നതാണ് അക്കാദമിക് മേഖലയുടെ നിലവാര തകർച്ചക്കും കോളജുകളിലെ അച്ചടക്കരാഹിത്യത്തിനും കാരണമാകുന്നതെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ അഭിപ്രായപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.