കോഴിക്കോട്: കുന്ദമംഗലത്തെ പ്രവാസി വ്യവസായിയിൽനിന്ന് 59 ലക്ഷം രൂപയും കാറും സ്വർണമാലയും തട്ടിയ ഹണിട്രാപ് സംഘത്തിലെ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാംപ്രതി കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഒ. സിന്ധുവിെൻറ (46) ഭർത്താവ് കൂത്തുപറമ്പിലെ നിധിൻ നന്ദനെയാണ് (38) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
നാഗർകോവിലിൽനിന്ന് അന്വേഷണ സംഘം പിടികൂടിയ ഇയാളെ കോഴിക്കോട്ടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രണ്ടാംപ്രതിയായ ഇയാളെ കോടതി റിമാൻഡ് ചെയ്ത് കോഴിക്കോട് സബ്ജയിലിലേക്ക് മാറ്റി. പ്രതിയെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.
സംഘം പാവങ്ങാട് സ്വദേശിക്ക് മറിച്ചുവിറ്റ കാർ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. അഞ്ചു പവെൻറ സ്വർണമാല കണ്ടെടുക്കാനുണ്ട്. കേസിൽ പെരുമണ്ണ സ്വദേശി കളത്തിങ്ങൽ കെ. ഷനൂബ് (39), ഫാറൂഖ് കോളജ് സ്വദേശി അനുഗ്രഹയിൽ ശരത്കുമാർ (27) എന്നിവരും നേരത്തേ അറസ്റ്റിലായിരുന്നു. കേസിൽ കൂടുതൽ പേർക്ക് പങ്കുള്ളതായാണ് സൂചന.
2019 ഒക്ടോബറിൽ ഫോണിലൂടെ പരിചയപ്പെട്ട വ്യവസായിയെ കോഴിക്കോട്ടെ ഹോട്ടൽ, ബ്യൂട്ടിപാർലർ ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞാണ് സിന്ധുവിെൻറ നേതൃത്വത്തിൽ തട്ടിപ്പിനിരയാക്കിയത്.
17 ലക്ഷം രൂപ ഓൺലൈനായും ബാക്കി തുക നേരിട്ടുമാണ് വ്യവസായി കൈമാറിയത്. കഴിഞ്ഞ ഫെബ്രുവരി 23ന് വ്യാപാര കരാറിൽ ഒപ്പുവെക്കാനെന്ന തരത്തിൽ സംഘം കാരപ്പറമ്പിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചവശനാക്കുകയും വസ്ത്രങ്ങളഴിച്ച് നഗ്നനാക്കി സിന്ധുവിനൊപ്പം നിർത്തി ഫോട്ടോയും വിഡിയോയും പകർത്തുകയുമായിരുന്നു. ഇൗ വേളയിലാണ് കാറും സ്വർണമാലയും കവർന്നത്.
വീണ്ടും പണമാവശ്യപ്പെട്ടതോടെയാണ് വ്യവസായി പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.