കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിനായി കണ്ണൂർ ഒരുങ്ങി. ചുവരെഴുത്തിനായി മിക്കയിടത്തും മതിലുകളും ചുവരുകളിലും ചായംപൂശി തുടങ്ങി. ചിലയിടങ്ങളിൽ ചിഹ്നം വരച്ചിട്ടുണ്ട്. മുന്നണികൾ ഇതുവരെ സ്ഥാനാർഥി പ്രഖ്യാപനം നടത്താത്തതിനാൽ പേരെഴുതാനുള്ള സ്ഥലം ഒഴിച്ചിട്ടാണ് ചുവരെഴുത്ത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ന്യൂജൻ മാർഗങ്ങൾ ഉണ്ടെങ്കിലും ചുവരെഴുത്തിനേക്കാൾ വലിയ പബ്ലിസിറ്റി വേറെയില്ലെന്ന് രാഷ്ട്രീയക്കാരും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരും ഒരുപോലെ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനായി ചുവരെഴുതിയ സ്ഥലങ്ങളിൽ ചിഹ്നം നിലനിർത്തി സ്ഥാനാർഥികളുടെ പേരുവിവരങ്ങൾ മായ്ച്ചതായും കാണാം. ചിലയിടങ്ങളിൽ പേരെഴുതാതെപ്രിയ സ്ഥാനാർഥിക്ക് വോട്ടുചെയ്യുക എന്നുവരെ എഴുതിവെച്ചിട്ടുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം വന്നയുടൻ വിട്ടഭാഗത്ത് നേതാക്കളുടെ പേരും എഴുതിച്ചേർക്കും. ഉറപ്പായ യു.ഡി.എഫ് സീറ്റുകളിൽ സ്ഥാനാർഥി നിർണയം ഏറക്കുറെ പൂർത്തിയായതായാണ് വിവരം.
സി.പി.എം ജില്ല കമ്മിറ്റി യോഗം ചേർന്ന് സ്ഥാനാർഥി ചർച്ചകൾ പുരോഗമിക്കുകയാണ്. എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് വാക്യം ചുമരുകളിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ എൻ.ഡി.എ പ്രചാരണത്തിെൻറ ചുവരെഴുത്തും ആരംഭിച്ചിട്ടുണ്ട്. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും മതിലുകളിലും ചുവരുകളിലുമെല്ലാം എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ യാത്രകളുടെ വിവരങ്ങളാണുള്ളത്. തെരഞ്ഞെടുപ്പ് അടുത്തതോടെ അവക്ക് വെള്ളപൂശേണ്ട തിരക്കിലാണ് പ്രവർത്തകർ.
ചുവരെഴുത്തിനെ തുടർന്നുണ്ടാകുന്ന സംഘർഷങ്ങൾ എങ്ങനെ തടയാമെന്ന ചിന്തയിലാണ് പൊലീസ്. ജില്ലയിൽ തെരഞ്ഞെടുപ്പ് കാലത്തെ സംഘർഷങ്ങളുടെ തുടക്കം മിക്കപ്പോഴും ചുവരെഴുത്തുമായി ബന്ധപ്പെട്ടായിരുന്നു. ചുവരെഴുത്തുകൾക്കൊപ്പം സൈബർ ഇടങ്ങളിലും പ്രചാരണം തുടങ്ങിയിട്ടുണ്ട്.
വികസനനേട്ടങ്ങൾ വോട്ടാക്കാൻ പോസ്റ്റുകളും പോസ്റ്ററുകളുമായി എൽ.ഡി.എഫ് പ്രവർത്തകരെത്തുേമ്പാൾ അഴിമതിയാരോപണങ്ങളും പി.എസ്.സി ഉദ്യോഗാർഥികളുടെ സമരവും ആഴക്കടൽ മത്സ്യബന്ധനവുമെല്ലാം യു.ഡി.എഫ് െപ്രാഫൈലുകളിൽ നിറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.