മുട്ടം: ഇഷ്ടപ്പെട്ട യുവാവിനൊപ്പം കോടതി വിട്ടയച്ച വിദ്യാർഥിനിക്കും സുഹൃത്തുക്കൾക്കും ബന്ധുക്കളുടെയും സി.പി.എം പ്രാദേശിക നേതാക്കളുടെയും മർദനം. സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസുകാർക്കും മർദനമേറ്റു. വനിത പൊലീസിന്‍റെ മൊബൈൽ ഫോൺ പിടിച്ചുപറിക്കുകയും യുവതി എത്തിയ കാർ തട്ടിക്കൊണ്ട് പോകുകയും ചെയ്തു. ഉന്നത പൊലീസ് ഇടപെടലിൽ പിന്നീട് കാറും ഫോണും തിരികെ നൽകി.
ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെ മുട്ടം ജില്ല കോടതിക്ക് സമീപമാണ് സംഭവം. തൊടുപുഴക്ക് സമീപം പഠിക്കുന്ന ചെറുതോണി മറിയാറൻകുടി സ്വദേശിനിയായ കോളജ് വിദ്യാർഥിനിക്കും മലപ്പുറം സ്വദേശിയായ യുവാവിനും സുഹൃത്തുക്കൾക്കുമാണ് മർദനമേറ്റത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: നാലാം തീയതിയാണ് പെൺകുട്ടിയെ കാണാനില്ലെന്ന പരാതി കരിങ്കുന്നം സ്റ്റേഷനിൽ ലഭിച്ചത്.
ഫോൺരേഖ പരിശോധിച്ചതിൽനിന്ന് യുവതി മലപ്പുറത്താണെന്ന് മനസ്സിലാക്കി പൊലീസെത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി നിർദേശപ്രകാരം ഷെൽറ്റർ ഹോമിൽ താമസിപ്പിച്ച യുവതിയെ ബുധനാഴ്ച ഉച്ചയോടെ വീണ്ടും കോടതിയിൽ ഹാജരാക്കി. കോടതി യുവതിയെ കാമുകനൊപ്പം വിട്ടയച്ചു. കോടതി നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങിയ യുവതിയെയും സുഹൃത്തുക്കളെയും സംഘടിച്ചെത്തിയവർ റോഡിൽ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ് ഏതാനും പൊലീസുകാർ സ്ഥലത്ത് എത്തിയെങ്കിലും തൊടുപുഴയിൽനിന്നുള്ള പ്രാദേശിക സി.പി.എം നേതാക്കൾ സംഭവത്തിൽ ഉൾപ്പെട്ടതിനാൽ ഇവർക്ക് കാര്യമായി ഇടപെടാനായില്ല. തുടർന്ന് വിവിധ സ്റ്റേഷനുകളിൽനിന്നായി തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നൂറോളം പൊലീസുകാർ മുട്ടത്ത് തമ്പടിച്ചു.
സി.പി.എം നേതാക്കൾ ഉൾപ്പെടെ ഇരുവിഭാഗത്തിലുംപെട്ട 14 പേർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. യുവതിയെയും സുഹൃത്തിനെയും വൈകീട്ട് ഏഴോടെ പൊലീസ് സുരക്ഷയിൽ മലപ്പുറത്തേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.