കേരളവും തമിഴ്നാടും സംയുക്ത ശിപാർശ സമർപ്പിക്കണം
ന്യൂഡൽഹി: മുല്ലപ്പെരിയാർ മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കാമെന്ന സൂചന നൽകിയ സുപ്രീംകോടതി, സമിതിക്ക് നൽകേണ്ട അധികാരങ്ങൾ സംബന്ധിച്ച് ശിപാർശകൾ സംയുക്തമായി സമർപ്പിക്കാൻ കേരള-തമിഴ്നാട് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ശിപാർശ തയാറാക്കാൻ ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത യോഗം ചേരണമെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജികളിൽ അന്തിമ വാദം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് സംയുക്ത യോഗത്തിനുള്ള സുപ്രീംകോടതി നിർദേശം. സംയുക്ത യോഗത്തിന്റെ മിനുട്ട്സ് ഹരജികൾ അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമ്പോൾ ഹാജരാക്കണമെന്നും കോടതി നിർദേശം നൽകി.
പുതിയ അണക്കെട്ട് നിർമിക്കുന്നത് സംബന്ധിച്ച് മേൽനോട്ട സമിതിയിൽ ചർച്ച നടക്കട്ടെയെന്ന് നിലപാടാണ് കോടതി എടുത്തത്. അണക്കെട്ട് സുരക്ഷിതമാണോയെന്ന് തീരുമാനിക്കേണ്ടത് വിദഗ്ധരാണെന്നും ജലനിരപ്പ് 142 അടിയിൽനിന്ന് ഉയർത്തുന്നത് നിലവിൽ പരിഗണനയിൽ ഇല്ലെന്നും കോടതി വ്യക്തമാക്കി.
മുല്ലപ്പെരിയാർ മേൽനോട്ട സമിതി തീരുമാനങ്ങളിൽ കേരളവും തമിഴ്നാടുമായും ഉള്ള സമവായം പരിഗണിക്കണമെന്ന് സുപ്രീംകോടതി ബുധനാഴ്ച അന്തിമ വാദം തുടങ്ങിയപ്പോൾ തന്നെ ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടിന്റെ സുരക്ഷാ പ്രക്രിയ ശാക്തീകരിക്കേണ്ടത് കേരളത്തിന്റെയും തമിഴ്നാടിന്റെയും ആവശ്യമാണെന്നും കോടതി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.