കോഴിക്കോട്: അട്ടപ്പാടി ചീരക്കടവിലേത് ആദിവാസികളുടെ പൂർവികവരുടെ ഭൂമി തന്നെയെന്ന് ട്രൈബൽ താലൂക്ക് തഹസിൽദാർ. എന്നാൽ, ആദിവാസികൾ പറയുന്നതിൽ കുറച്ചൊക്കെ സത്യമാണെന്നും തഹസിൽദാർ മാധ്യമം ഓൺലൈനോട് പറഞ്ഞു. ആദിവാസികളുടെ ഭൂമി പണ്ട് പൂർവികരാരെങ്കിലും കൈമാറ്റം ചെയ്തിട്ടുണ്ടോയെന്ന് അറിയില്ല. അത് സംബന്ധിച്ച രേഖകൾ പരിശോധിച്ചിട്ടില്ല.
ആദിവാസികളുടെ പൂർവികർ കൊടുത്തുപോയതാണോ എന്ന സംശയമുണ്ട്. വില്ലേജ് ഓഫിസറുടെ അഭിപ്രായത്തിൽ ആദിവാസികളുടെ പൂർവികർ ഭൂമി കൈമാറ്റം ചെയ്തതാകാൻ സാധ്യതയുണ്ട്. അതിന്റെ അടിസ്ഥാനത്തിലായിരിക്കാം ഇപ്പോഴത്തെ കൈവശക്കാരന് പട്ടയം കിട്ടിയതെന്നാണ് വില്ലേജ് ഓഫിസർ തഹസിൽദാരോട് സൂചിപ്പിച്ചത്. ഇപ്പോഴത്തെ കൈവശക്കാരന് അങ്ങനെ കൈമാറി കിട്ടിയതാകാം.
ചീരക്കടവിൽ കുറെക്കാലമായി ആദിവാസികളും ഇപ്പോഴത്തെ കൈവശക്കാരനും തമ്മിൽ ഭൂമി തർക്കം നിലനിൽക്കുന്നുണ്ട്. ഇപ്പോൾ ഭൂമിക്ക് നികുതി അടക്കുന്നയാൾ മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ ഹരജി ഫയൽ ചെയ്തിരുന്നു.
വില്ലേജിൽ നികുതി അടക്കുന്ന ഭൂമിയിൽ പ്രവേശിപ്പിക്കാൻ ആദിവാസികൾ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻസിഫ് കോടതിയിൽ ഹരജി നൽകിയത്. ആ കേസിൽ നികുതി അടക്കുന്ന ആളിന് അനുകൂലമായാണ് വിധിവന്നത്. തുടർന്ന് ഭൂമിയുടെ അവകാശികളായ ആദിവാസികൾ ഒറ്റപ്പാലം സബ്കോടതിയിൽ ഹരജി നൽകി.
അതേസമയം, മുൻസിഫ് കോടതിയുടെ വിധി നടപ്പാക്കണെന്ന് ആവശ്യപ്പെട്ട് ഭൂമി നികുതി അടക്കുന്നയാൾ ഹൈകോടതിയിൽ ഹരജി നൽകി. ഹൈകോടതിയിലെ കേസിൽ എതിർഭാഗം ആദിവാസികളും പൊലീസും ആയിരുന്നു. ആദിവാസികൾ ഹൈകോടതിയിൽ കേസിന് പോയില്ല. ഹരജിക്കാരൻ മുൻസിഫ് കോടതി വിധി ഹൈകോടതിയിൽ സമർപ്പിച്ചു. സ്വാഭാവികമായും എതിർ കക്ഷിയായി ആരുമില്ലാത്തിനാൽ കോടതി നികുതി അടക്കുന്നയാളിന് അനുകൂലമായി വിധിച്ചു.
എന്നാൽ ഹൈകോടതിയുടെ ആദ്യ ഉത്തരവിൽ സർവേ നമ്പർ 751/1 ഒന്നിലെ ഭൂമിയെന്നാണ് രേഖപ്പെടുത്തിയത്. അത് തെറ്റായിട്ടാണ് കാണുന്നത്. ആ സർവേ നമ്പറിലെ ( 751/1 ലെ ) ഭൂമിയിൽ പ്രവേശിക്കാൻ ഹരജിക്കാരന് സംരക്ഷണം നൽകണമെന്നാണ് ഹൈകോടതി ഉത്തരവ്. യഥാർഥത്തിൽ ഈ ഭൂമി 750/1 എന്ന സർവേ നമ്പറിലാണ്.
പൊലീസ് സംരക്ഷണം തരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാരൻ കോടകിയലക്ഷ്യകേസ് ഫയൽ ചെയ്തു. നിശ്ചിത തീയതിക്കകം പൊലീസ് സംരക്ഷണം നൽകണമെന്ന് കോടതി കർശന നിർദേശം നൽകി. അപ്പോഴും ആദിവാസികൾ ഹൈകോടതിയിൽ വാദിക്കാനെത്തിയില്ല. കോടതി ഉത്തരവ് നടപ്പാക്കാൻ പൊലീസിന് ഉത്തരവാദിത്തമുണ്ട്. അതിനാലാണ് പൊലീസ് എത്തിയതെന്നും തഹസിൽദാർ പറഞ്ഞു.
വ്യാഴാഴ്ച ചീരക്കടവ് ഊരിൽ യോഗം വിളിച്ചു. വില്ലേജ് ഓഫിസർ, ഐ.ടി.പി ഓഫിസർ എന്നിവരോടൊപ്പം തഹസിൽദാരും എത്തി. ഹൈകോടതിയിൽ അപ്പീൽ നടപടി സ്വീകരിക്കണെന്നാണ് തഹസിൽദാരുടെ അഭിപ്രായം. സർവേ നമ്പർ 751/1 ന് കോടതി ഉത്തരവ് സമ്പാദിച്ച് 750/1 ലെ ഭൂമി കൈയേറുന്നതിന് എങ്ങനെയെന്ന് ആദിവാസികൾ റവന്യൂ ഉദ്യോഗസ്ഥർക്ക് മറുപടിയില്ല.
കോടതിയിൽ കൊടുത്ത ഹരജിയിൽ സർവേ നമ്പർ 751/1 എന്നാക്കിയതിൽ ദുരൂഹതയുണ്ടെന്നും ആദിവാസികൾ പറയുന്നു. ഈ രണ്ട് ഭൂമിയും വ്യാജരേഖയുടെ പിൻബലത്തിൽ സ്വന്തമാക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. അതിന് പാടവയൽ വില്ലേജ് ഓഫിസർ സഹായം നൽകുന്നുണ്ടെന്നും ആക്ഷേപമുണ്ട്. സർവേ നമ്പർ തറ്റാണെന്ന് വില്ലേജ് ഓഫിസർ റിപ്പോർട്ട് ചെയ്യാത്തതെന്തെന്ന ആദിവാസികളുടെ ചോദ്യത്തിനും ഉദ്യോഗസ്ഥർക്ക് മറുപടിയില്ല. ഹൈകോടതി ഉത്തരവ് ലഭിച്ച് 751/1സർവേ നമ്പരിൽ ആദിവാസികൾ നികുതി അടച്ച രസീതും ഉദ്യോഗസ്ഥരെ കാണിച്ചു.
(തഹസിൽദാരുടെ സംഭാഷണം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.