കോഴിക്കോട്: കോണ്‍ഗ്രസിനും ലീഗിനും ആരുമായും സഖ്യമോ ധാരണയോ ഉണ്ടാക്കാമെന്നും ഇത് സമസ്തയുടെ വിഷയമല്ലെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യു.ഡി.എഫ് ബന്ധത്തില്‍ സമസ്തക്ക് എതിര്‍പ്പുണ്ടെന്ന വാര്‍ത്ത അദ്ദേഹം തള്ളി. ഇത് സമസ്തയുടെ പരിഗണനാ വിഷയമേ അല്ലെന്ന് മീഡിയവണിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിനും ബി.ജെ.പിക്കും ലീഗിനും കോൺഗ്രസിനുമൊക്കെ അവർക്ക് ഉചിതമായ തീരുമാനമെടുക്കാനുള്ള പ്രഗൽഭരായ നേതൃത്വം ഉണ്ട്. ആരുമായി സഖ്യം വേണമെന്നും വേണ്ടെന്നും അവരാണ് തീരുമാനമെടുക്കേണ്ടത്. അവരുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കേണ്ടത് സമസ്തയല്ല.
ഇക്കാര്യത്തില്‍ സമസ്ത അഭിപ്രായം പറയേണ്ട ആവശ്യമില്ല. ജോസ് കെ. മാണി എല്‍.ഡി.എഫില്‍ ചേര്‍ന്നപ്പോള്‍ ആരും സമസ്തയുടെ അഭിപ്രായം ചോദിച്ചിട്ടില്ല. പി.സി തോമസ് എൻ.ഡി.എ വിട്ട് യു.ഡി.എഫിൽ ചേരുന്നുവെന്ന് അറിയുന്നു. അതത് പാർട്ടികൾക്കും മുന്നണികൾക്കും സ്വീകാര്യമെന്ന് തോന്നുന്ന നിലപാട് അവരവർ സ്വീകരിക്കും. ഞങ്ങൾ അതിലൊക്കെ അഭിപ്രായം പറയാൻ നിൽക്കാറില്ല. സമസ്തക്ക് രാഷ്ട്രീയ താല്‍പര്യമുണ്ടെങ്കില്‍ സ്വന്തം പാര്‍ട്ടി ഉണ്ടാക്കാമായിരുന്നു. രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്നാണ് തീരുമാനമെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.
മതപരമായ വിഷയങ്ങളിൽ ആവശ്യമായ മാർഗ നിർദേശം നൽകാനും തടസ്സങ്ങൾ നേരിടുേമ്പാൾ ഇടപെടാനുമാണ് സമസ്ത പ്രാധാന്യം നൽകുന്നത്. അത് പഴയകാലം മുതൽ ചെയ്യുന്നതാണ്. ഇനിയും തുടരും. ആരെയും സമ്മര്‍ദത്തില്‍ നിര്‍ത്തുന്ന ശൈലി സംഘടനക്കില്ല -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.