പയ്യന്നൂർ: കാസർകോട് സ്വദേശിനിയായ എട്ടുവയസ്സുകാരിയുടെ ശ്വാസനാളിയിൽ കുടുങ്ങിയ ഷൂ വിസിൽ സങ്കീർണ റിജിഡ് ബ്രോങ്കോസ്കോപ്പി ചികിത്സ വഴി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പുറത്തെടുത്തു. ഒരു മാസത്തിലേറെയായി ശ്വാസനാളിയിൽ കുടുങ്ങിയ വിസിലാണ് പുറത്തെടുത്തത്. നിർത്താതെയുള്ള ചുമയും ശ്വാസതടസ്സവും കാരണം കാസർകോട് ഗവ. ആശുപത്രിയിൽനിന്നും കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കുട്ടിയെ റഫർ ചെയ്യുകയായിരുന്നു.
പരിയാരത്തെത്തിയ കുട്ടിയെ വിദഗ്ധ പരിശോധനക്ക് വിധേയയാക്കിയപ്പോൾ ശ്വാസനാളിയിൽ മറ്റെന്തോ വസ്തു കുടുങ്ങിക്കിടക്കുന്നതായി ബോധ്യപ്പെട്ടു. കൂടുതൽ പരിശോധനയിൽ അന്യവസ്തു കുടുങ്ങിക്കിടന്നതുമൂലം വലത്തേ ശ്വാസകോശത്തിലെ താഴെയുള്ളഭാഗം പൂർണമായുംതന്നെ അടഞ്ഞ് കുട്ടി ഗുരുതരാവസ്ഥയിലേക്കെത്തിയതായി ബോധ്യപ്പെടുകയായിരുന്നു. ഉടൻ അതിസങ്കീർണമായ പീഡിയാട്രിക് റിജിഡ് ബ്രോങ്കോസ്കോപ്പി ചികിത്സക്ക് കുട്ടിയെ വിധേയമാക്കുകയും കുടുങ്ങിക്കിടന്ന വിസിൽ പുറത്തെടുക്കുകയുമായിരുന്നു.
കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ശ്വാസകോശ വിഭാഗത്തിലെ ഡോക്ടറും ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടും ശ്വാസകോശവിഭാഗം മേധാവിയുമായ ഡോ. രാജീവ് റാം, ഡോ. രജനി, ഡോ. മുഹമ്മദ് ഷഫീഖ്, ഡോ. പത്മനാഭൻ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ചാൾസ്, ഡോ. ദിവ്യ, ഡോ. സജിന എന്നിവരുടെ നേതൃത്വത്തിലാണ് ബുദ്ധിമുട്ടേറിയ ചികിത്സ വഴി കുട്ടിക്ക് ജീവിതത്തിലേക്കുള്ള പുതുശ്വാസം ലഭ്യമാക്കിയത്. ചികിത്സക്ക് വിധേയയായ എട്ടു വയസ്സുകാരി സുഖം പ്രാപിച്ചുവരുന്നു. മെഡിക്കൽ സംഘത്തെ പ്രിൻസിപ്പൽ ഡോ. കെ.എം. കുര്യാക്കോസും ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.