തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച് ജനജീവിതം സാധാരണനിലയിലായിട്ടും രാത്രി ട്രെയിനുകളിലടക്കം റിസർവേഷനില്ലാത്ത കോച്ചുകളിലും ജനറൽ ടിക്കറ്റിലും റെയിൽവേയുടെ ചവിട്ടിപ്പിടിത്തം. രാത്രി തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന അമൃത എക്സ്പ്രസ്, മംഗലപുരം എക്സ്പ്രസ്, കൊച്ചുവേളിയില്‍ നിന്നുള്ള നിലമ്പൂര്‍ എക്സ്പ്രസ് എന്നിവയിലടക്കം ജനറല്‍ ടിക്കറ്റോ അണ് റിസര്‍വ്ഡ് കോച്ചോ പുനഃസ്ഥാപിച്ചിട്ടില്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ പാലക്കാട്, കാസർകോട് മേഖലകളില്‍നിന്ന് ചികിത്സക്കായി തിരുവനന്തപുരത്ത് എത്തുന്ന രോഗികള്‍ അടക്കമുള്ളവരാണ് വലയുന്നത്.
കൊച്ചുവേളി-മുംബൈ ഗരീബ്രഥ്, തിരുവനന്തപുരം-സെക്കന്ദരാബാദ് ശബരി, തിരുനെൽവേലി-ഗാന്ധിധാം ഹംസഫർ, കൊച്ചുവേളി-ഇൻഡോർ വീക്ക്ലി സൂപ്പർഫാസ്റ്റ്, എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ മംഗള, തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് അടക്കം 20 ലേറെ ദീർഘദൂര ട്രെയിനുകളിലും ജനറൽ കോച്ച് ഇല്ല. നേരേത്ത ജനശതാബ്ദി, രാജധാനി, തുരന്തോ ഒഴികെ എല്ലാ ട്രെയിനിലും ജനറൽ കോച്ച് ഉണ്ടായിരുന്നു. ജനറൽ കോച്ചുകളെ ആശ്രയിച്ചിരുന്നവർ കൂടിയ നിരക്ക് നൽകി റിസർവ് കോച്ചുകളെ ആശ്രയിക്കുന്നതുവഴിയുള്ള അധിക വരുമാനത്തിലാണ് റെയിൽവേയുടെ കണ്ണ്.
പാലക്കാട് വഴി മധുരയിലേക്ക് പോകുന്ന അമൃത എക്സ്പ്രസ് (16343) രാത്രി 8.30നാണ് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്നത്. പാലക്കാട് മേഖലയിലുള്ളവര്‍ക്ക് സഞ്ചരിക്കാനുള്ള ഏക ആശ്രയമാണ് ഈ ട്രെയിന്‍. എട്ടിനുമുമ്പ് ഈ ട്രെയിനിന്റെ തത്സമയ റിസര്‍വേഷന്‍ അവസാനിപ്പിക്കുന്നതിനാല്‍ ആർ.സി.സി, ശ്രീചിത്ര അടക്കം ആശുപത്രികളില്‍നിന്ന് പിന്നീട് എത്തുന്നവര്‍ക്ക് ടിക്കറ്റ് ലഭിക്കില്ല. രാത്രി 8.50ന് കണ്ണൂര്‍ വഴി മംഗളൂരുവിലേക്ക് പുറപ്പെടുന്ന മംഗളൂരു എക്സ്പ്രസിന്റെ (16347) അവസ്ഥയും ഇതുതന്നെ. കൊച്ചുവേളിയില്‍നിന്ന് 8.45 ന് പുറപ്പെടുന്ന നിലമ്പൂര്‍ എക്സ്പ്രസിലെ യാത്രയും സമാനമാണ്.
ബസ് മാത്രമാണ് ഇവര്‍ക്ക് പിന്നീടുള്ള ആശ്രയം. തിരക്കായതിനാല്‍ രോഗികള്‍ക്ക് ബസില്‍ ദീര്‍ഘദൂര യാത്ര ഏറെ ദുഷ്കരമാണ്. ഇതോടൊപ്പം കടകളിലും സ്വകാര്യ സ്ഥാപനങ്ങളിലും അടക്കം ജോലി നോക്കുന്ന നൂറുകണക്കിന് സീസണ് ടിക്കറ്റ് യാത്രക്കാര്‍ക്കും രാത്രി സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.