തിരുവനന്തപുരം: തീവ്രവാദ സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഐ.എസ് സ്ലീപ്പർ സെല്ലുകൾ പ്രവൃത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നജീബ് കാന്തപുരം, യുഎ ലത്തീഫ്, എംകെ മുനീർ, പി അബ്ദുൽ ഹമീദ് എന്നിവരുടെ ചോദ്യങ്ങൾക്കായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മുൻ പൊലീസ് മേധാവി ഇത്തരത്തിൽ ഒരു റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു. വിരമിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു സംസ്ഥാന പൊലീസ് മേധാവി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റ സ്ലീപ്പര്‍സെല്ലുകളെ കുറിച്ച് പ്രതികരിച്ചത്.
'കേരളം വലിയ റിക്രൂട്ടിങ് ഗ്രൗണ്ടാണ്. ഇവിടത്തെ ആളുകൾ വലിയ വിദ്യാഭ്യാസം ഉള്ള ആളുകളാണ്. ഡോക്ടർമാർ, എഞ്ചിനീയർമാർ... അവർക്ക് ഈ തരത്തിലുള്ള ആളുകൾ വേണം. അവർക്ക് വലിയ ലക്ഷ്യമുണ്ടല്ലോ. അതുകൊണ്ട് ഈ ആളുകൾക്ക് ഏതു രീതിയിൽ റാഡിക്കലൈസ് ചെയ്തിട്ട് അങ്ങോട്ടേക്ക് കൊണ്ടു പോകാം... അതേക്കുറിച്ച് കൂടുതൽ കാര്യം ഞാൻ പറയുന്നില്ല. പേടിക്കേണ്ട കാര്യമില്ല. ന്യൂട്രലൈസ് ചെയ്യാനായി ഞങ്ങൾ കാപ്പബ്ൾ ആണ്. ഇക്കാര്യത്തിൽ ഉത്കണ്ഠയുണ്ട്. ഞങ്ങൾ ഒരു വ്യവസ്ഥാപിതമായ രീതിയിൽ അത് കൗണ്ടർ ചെയ്തിട്ടുണ്ട്. ന്യൂട്രലൈസേഷൻ, ഡീ റാഡിക്കലൈസേഷൻ, കൗണ്ടർ റാഡിക്കലൈസേഷൻ എന്നീ മൂന്നു കാര്യങ്ങൾ കേരളത്തിൽ വളരെ നല്ല രീതിയിൽ പോകുന്നുണ്ട്.' - എന്നായിരുന്നു ബെഹ്റയുടെ വാക്കുകള്‍.
ഭീകരവാദ വിരുദ്ധ സ്‌ക്വാഡിന് രൂപം നൽകിയിട്ടുണ്ടെന്നും അവരുടെ പ്രവർത്തനത്തിലൂടെ ഇത്തരം സെല്ലുകളുടെ പ്രവർത്തനം കുറക്കാനാകുമെന്നും മുൻ ഡി.ജി.പി വ്യക്തമാക്കിയിരുന്നു. ഈ നിലപാടാണ് ഇപ്പോൾ സംസ്ഥാന സർക്കാർ തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.