കോഴിക്കോട്: കേരളത്തിലെ യുവതയെ നാട്ടിൽ പിടിച്ചുനിർത്തുന്നതിന് നമ്മുടെ ചുറ്റുപാടിൽത്തന്നെ ധാരാളം അവസരങ്ങളുണ്ടാകണമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്.കോഴിക്കോട് സരോവരം ട്രേഡ് സെന്ററിൽ കേരള ടെക്നോളജി എക്സ്പോ (കെ.ടി.എക്സ് 2024) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യുവാക്കളുടെ കർമശേഷി ഇവിടെ പ്രയോജനപ്പെടുത്തണം. അതിന് അവർക്ക് സാധ്യതകൾ തുറക്കണം. ഇതിന് സർക്കാർ മുൻഗണന നൽകും. ഇതുപോലുള്ള എക്സ്പോകൾക്ക് ഇക്കാര്യത്തിൽ ഏറെ പങ്കുവഹിക്കാനുണ്ട്.
തകർന്നുപോയ ഓട് വ്യവസായമടക്കം കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖലയിലെ സൗകര്യം ഐ.ടി മേഖലക്ക് ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ സജീവമായി ആലോചിക്കുന്നുണ്ട്.ടൂറിസം കേന്ദ്രങ്ങളെ ഐ.ടി മേഖലയുമായി ബന്ധപ്പെടുത്തിയുള്ള വികസന സാധ്യതകളും പരിഗണനയിലാണ്. വയനാടിനെ മുൻനിർത്തി ആഭ്യന്തര ടൂറിസം വിപണനം ചെയ്യാനുള്ള ശ്രമം ഗുണം ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം-കാസർകോട് ആറുവരി ദേശീയപാത നിർമാണം 2025 അവസാനം പൂർത്തീകരിക്കും. വലിയ ലക്ഷ്യം മുൻനിർത്തിയാണ് സർക്കാർ സിൽവർ ലൈൻ പദ്ധതി പ്രഖ്യാപിച്ചത്. വന്ദേ ഭാരത് വന്നതോടെ മുമ്പ് എതിർത്ത പലരുടെയും നിലപാട് മാറി. റെയിൽവേ ലൈനിലെ വളവ് നിവർത്താൻവേണ്ട ചെലവു വരില്ല കേരളത്തിൽ സിൽവർ ലൈൻ നടപ്പാക്കാനെന്നതാണ് യാഥാർഥ്യമെന്നും മന്ത്രി പറഞ്ഞു.
മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് എം.എ. മെഹ്ബൂബ് അധ്യക്ഷത വഹിച്ചു. ഐ.ഐ.എം ഡയറക്ടർ പ്രഫ. ദേബാശിഷ് ചാറ്റർജി, ടാറ്റാ എലക്സി എം.ഡി മനോജ് രാഘവൻ, രമേന്ദ്ര വർമ (ഗ്രാൻഡ് ടോംടൺ ഭാരത്), കെ.എസ്.ഐ.ടി.എൽ എം.ഡി ഡോ. സന്തോഷ് ബാബു, കോഴിക്കോട് ഗവ. സൈബർ പാർക്ക് സി.ഇ.ഒ സുശാന്ത് കുരുന്തിൽ എന്നിവർ സംസാരിച്ചു.കാലിക്കറ്റ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി ഇനീഷ്യേറ്റിവ് ചെയർമാൻ അജയൻ കെ. ആനാട്ട് സ്വാഗതവും ജനറൽ സെക്രട്ടറി അനിൽ ബാലൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.