പ്രതിപക്ഷ നേതാവ് നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾ ഇവയാണ്...

തിരുവനന്തപുരം: പ്രതിപക്ഷം കഴിഞ്ഞ മൂന്നുവർഷം പറഞ്ഞ കാര്യങ്ങൾക്കുള്ള അംഗീകാരമാണ് മുഖ്യമന്ത്രി ചട്ടം 300 പ്രകാരം നിയമസഭയിൽ നടത്തിയ പ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ധനമന്ത്രി പറയേണ്ട കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞത്. മൂന്നു കൊല്ലം കൊണ്ട് സർക്കാർ ജനങ്ങള്‍ക്ക് കൊടുക്കാനുള്ളത് പതിനായിരക്കണക്കിന് കോടിയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

എവിടെനിന്ന് പണം കിട്ടുമെന്ന വിശ്വാസത്തിലാണ് കോടിക്കണക്കിന് രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അലാവുദ്ദീന്റെ അത്ഭുത വിളക്കൊന്നും കൈയിലില്ലല്ലോ. ധനമന്ത്രിയുടെ കൈയില്‍ റവന്യൂ എസ്റ്റിമേറ്റ് പോലുമില്ല. ആരെയാണ് സർക്കാർ കബളിപ്പിക്കുന്നതെന്നും അദ്ദേഹം നിയമസഭയിൽ ചോദിച്ചു.

കേരളത്തിന്റെ നികുതി വരുമാനം 65 ശതമാനം വര്‍ധിച്ച് ഇന്ത്യയില്‍ നമ്പര്‍ വണ്‍ ആയെന്ന ധനമന്ത്രിയുടെ പ്രസ്താവന ഞെട്ടിക്കുന്നതാണ്. 2020-21 കോവിഡ് കാലത്തെ തനത് വരുമാനവുമായാണ് മന്ത്രിയുടെ താരതമ്യം. ഇത് എഴുതിക്കൊടുത്ത ഉദ്യോഗസ്ഥരെ സമ്മതിക്കണം. 2020-21 വര്‍ഷത്തെ തനത് വരുമാനം 36,362 കോടിയാണ്. അത് 2021-22 ആയപ്പോള്‍ 53,000 കോടിയായി. അത് സ്വാഭാവിക മാറ്റമാണ്. 2022-23 ആയപ്പോള്‍ കൂടിയത് 6000 കോടി മാത്രമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവിന്‍റെ ചോദ്യങ്ങൾ..

കേരളത്തില്‍ എത്ര ടണ്‍ സ്വര്‍ണം വില്‍ക്കുന്നു എന്നതിന്‍റെ കണക്ക് സര്‍ക്കാറിന്റെ പക്കലില്ല. സ്വര്‍ണത്തില്‍ ആയിരക്കണക്കിന് കോടിയുടെ വെട്ടിപ്പാണ് നടക്കുന്നത്. എത്ര ടണ്‍ സ്വര്‍ണം വില്‍ക്കുന്നെന്ന് അറിയില്ലെങ്കിൽ എന്തിനാണ് ജി.എസ്.ടി വകുപ്പ്?

കിഫ്ബിയാണ് കേരളീയത്തിന് 15 കോടിയുടെ ധനാനുമതി നല്‍കിയത്. കിഫ്ബിയാണോ കേരളീയം നടത്തുന്നത്. മീഡിയ കാമ്പയിന് കിഫ്ബിയാണോ പണം നല്‍കേണ്ടത്. എവിടെനിന്നാണ് ഈ പണം.

മസാല ബോണ്ട് വിറ്റ് 9.27 ശതമാനം പലിശക്ക് വാങ്ങിയ 2150 കോടിക്ക് മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ 3200 കോടി നല്‍കി. 1000 കോടിയാണ് പലിശ. അങ്ങനെ പലിശക്ക് വാങ്ങിയ പണത്തില്‍നിന്നാണോ കേരളീയത്തിന് തുക അനുവദിച്ചത്.

Tags:    
News Summary - These are the questions raised by the Leader of the Opposition VD Satheesan in the Assembly...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.