കൊച്ചി/ആലപ്പുഴ: എൻ.സി.പി സംസ്ഥാന അധ്യക്ഷനും മുൻ ഗതാഗതമന്ത്രിയുമായ തോമസ് ചാണ്ടി എം.എൽ.എ (72) അന്തരിച്ചു. കൊച്ചി വൈറ്റില ടോക്-എച്ച് റോഡിലെ മകെൻറ വസതിയിൽ ഉച്ചക്ക് 2.20ഓടെ ഹൃദയാഘാതത്തെതുടർന്നാണ് അന്ത്യം. ദീർഘനാളായി അർബുദ-കരൾരോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ആശുപത്രിയിലേക്ക് പോകാൻ തുടങ്ങവേയാണ് മരണം. മരണസമയത്ത് ഭാര്യയും മൂന്നുമക്കളും അരികിലുണ്ടായിരുന്നു. ഒരുമാസം മുമ്പ് യു.എസിൽ ചികിത്സക്ക് വിധേയനായിരുന്നു.
മൂന്നുതവണ കുട്ടനാട് നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായ തോമസ് ചാണ്ടി, 1947 ആഗസ്റ്റ് 29ന് കുട്ടനാട് ചേന്നങ്കരിയിൽ കർഷകപ്രമുഖനായ വി.സി. തോമസിെൻറയും ഏലിയാമ്മയുെടയും മകനായാണ് ജനിച്ചത്. ആലപ്പുഴ ലിയോതേർട്ടീന്ത് ഹൈസ്കൂളിലെ പഠനശേഷം മദിരാശിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയറിങ് ടെക്നോളജിയിൽനിന്ന് ടെലികമ്യൂണിക്കേഷനിൽ ഡിപ്ലോമ നേടി. 1975ൽ സന്ദർശക വിസയിൽ കുവൈത്തിലേക്ക് പോയി. ദീർഘകാലം കുവൈത്ത് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡൻറായിരുന്നു. കുവൈത്ത് യുദ്ധകാലത്ത് ഇവാക്വേഷൻ കമ്മിറ്റി അംഗമായിരുന്നു.
യൂത്ത് കോൺഗ്രസിൽ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം കെ. കരുണാകരനോടുള്ള വ്യക്തിപരമായ അടുപ്പത്തെതുടർന്നാണ് രാഷ്ട്രീയത്തിൽ സജീവമായത്. 2006ൽ കെ. കരുണാകരെൻറ ഡി.ഐ.സി-കെ മത്സരിച്ച 17 നിയമസഭ മണ്ഡലങ്ങളില്‍ തോമസ് ചാണ്ടി മാത്രമാണ് വിജയിച്ചത്. പിന്നീട് പാർട്ടി നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എൻ.സി.പി) ലയിച്ചശേഷം 2011ല്‍ ഇടതുമുന്നണി സ്ഥാനാർഥിയായാണ് രണ്ടാം വിജയം.
2016ൽ മൂന്നാം തവണയും വിജയം ആവർത്തിെച്ചങ്കിലും അഞ്ചുതവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ.കെ. ശശീന്ദ്രനുവേണ്ടി പാർട്ടിക്ക് ലഭിച്ച മന്ത്രിസ്ഥാനം വിട്ടുകൊടുത്തു. എന്നാൽ, പിന്നീട് വിവാദങ്ങളിൽ കുടുങ്ങി ശശീന്ദ്രന് രാജിവെക്കേണ്ടി വന്നപ്പോൾ ഗതാഗത മന്ത്രിയായി. എന്നാൽ, കായൽ കൈയേറ്റ വിവാദത്തെതുടർന്ന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു. 2017 ഏപ്രിൽ ഒന്നിന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹത്തിന് ആറരമാസം മാത്രമാണ് അധികാരത്തിലിരിക്കാനായത്.
ഭാര്യ: മേഴ്‌സി ചാണ്ടി. മക്കൾ: ഡോ. ബെറ്റി ലെനി (പ്രഫസർ, പെൻസിൽവാനിയ യൂനിവേഴ്സിറ്റി, യു.എസ്), ഡോ. ടോബി ചാണ്ടി (ലേക്ഷോർ ഹോസ്പിറ്റൽ), ടെസി ചാണ്ടി (കുൈവത്ത്). മരുമക്കൾ: ലെനി മാത്യു ശങ്കരമംഗളം, ഇരവിപേരൂർ (സയൻറിസ്റ്റ്, അമേരിക്ക), ഡോ. അൻസു ടോബി (എറണാകുളം ജനറൽ ഹോസ്പിറ്റൽ), അഡ്വ. ജോയല്‍ ജേക്കബ്.
ആസ്റ്റർ മെഡ്സിറ്റി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹത്തിൽ ജില്ല കലക്ടർ എസ്. സുഹാസ്, കോൺഗ്രസ് നേതാവ് പി.സി. ചാക്കോ, പ്രമുഖ വ്യവസായി എം.എ. യൂസഫ് അലി, എൻ.സി.പി േദശീയ ജന. സെക്രട്ടറി ടി.പി. പീതാംബരൻ, സംസ്ഥാന സെക്രട്ടറി ജയൻ പുത്തൻപുരക്കൽ, എറണാകുളം ബ്ലോക്ക് പ്രസിഡൻറ് വി. രാംകുമാർ, സേവാദൾ സംസ്ഥാന ചെയർമാൻ ജോണി തോട്ടക്കര തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. ഭൗതികശരീരം തിങ്കളാഴ്ച മൂന്നിന് ആലപ്പുഴയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കുട്ടനാട് ചേന്നങ്കരി സെൻറ് പോൾസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.
തോമസ് ചാണ്ടിയെന്ന കുവൈത്ത് ചാണ്ടി
കുവൈത്ത് സിറ്റി: വെള്ളിയാഴ്ച നിര്യാതനായ മുൻമന്ത്രിയും കുട്ടനാട് എം.എൽ.എയുമായ തോമസ് ചാണ്ടി അറിയപ്പെട്ടത് കുവൈത്ത് ചാണ്ടി എന്നപേരിൽ. എം.എൽ.എയും മന്ത്രിയും ആകുന്നതിനുമുമ്പ് അദ്ദേഹത്തിെൻറ കർമരംഗം കുവൈത്ത് ആയിരുന്നു. രാഷ്ട്രീയത്തിൽ സജീവമായ ശേഷവും അദ്ദേഹം കുവൈത്ത് ബന്ധം വിട്ടില്ല. ബിസിനസ് മേഖലയിൽ വെന്നിക്കൊടി പാറിച്ച് പിന്നീട് രാഷ്ട്രീയത്തിലും തിളങ്ങി. അദ്ദേഹം കരസ്ഥമാക്കിയ നേട്ടങ്ങളുടെയെല്ലാം അടിത്തറയൊരുക്കിയത് കുവൈത്തിലെ പ്രവർത്തനങ്ങളിലൂടെയാണ്. 1975ലാണ് അദ്ദേഹം കുവൈത്തിൽ എത്തിയത്.
കുവൈത്തിൽ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ, ജാബിരിയ ഇന്ത്യൻ പബ്ലിക് സ്കൂൾ, ഹൈഡൈൻ സൂപ്പർമാർക്കറ്റ്, ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ പ്രവർത്തിക്കുന്ന ഓഷ്യാനിക് ജനറൽ ട്രേഡിങ് കമ്പനി, സൗദിയിലെ ജിദ്ദയിൽ അൽ അഹ്‌ലിയ സ്കൂൾ എന്നിവ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുണ്ട്. കുവൈത്തിലെ രണ്ട് സ്കൂളുകളിലുമായി 11,500 കുട്ടികളും റിയാദിലെ സ്കൂളിൽ 4,500 കുട്ടികളും പഠിക്കുന്നു.
എല്ലാ സ്ഥാപനങ്ങളിലുമായി 600ഓളം പേർ ജോലി ചെയ്യുന്നുണ്ട്. നാട്ടിൽ ചെറുപ്പത്തിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന തോമസ് ചാണ്ടി കുവൈത്തിലും കോൺഗ്രസ് സംഘടനയുമായി ബന്ധപ്പെട്ടും നേതൃത്വം നൽകിയും പ്രവർത്തിച്ചു. എൻ.സി.പിയിൽ ചേർന്നതിനു ശേഷവും കുവൈത്തിൽ കോൺഗ്രസ് അനുഭാവികളുടെ സംഘടനയുടെ രക്ഷാധികാരിയായി ഏറക്കാലം പ്രവർത്തിച്ചിട്ടുണ്ട്. കുവൈത്ത് ഇന്ത്യൻ കമ്യൂണിറ്റി സ്കൂളുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ചരിത്രവും അദ്ദേഹത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.