തിരുവനന്തപുരം: മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് ശിപാർശചെയ്ത സംഘത്തെ മാറ്റി ഭൂമി കൈയേറ്റ കേസ് അന്വേഷിക്കാന്‍ വിജിലന്‍സ് പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചത് കേസന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണെന്ന് ആരോപണം. എന്നാൽ നടപടിക്രമത്തിെൻറ ഭാഗമായാണിതെന്നാണ് വിജിലൻസിെൻറ വിശദീകരണം.
കോടതിയുടെ നിർദേശാനുസരണമാണ് തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സംബന്ധിച്ച കാര്യങ്ങൾ ആദ്യസംഘം അന്വേഷിച്ചത്. വിജിലൻസ് കോട്ടയം എസ്.പി എം. േജാൺസൻ ജോസഫിെൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം. തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന ശിപാർശ എസ്.പി നൽകിയിരുന്നെങ്കിലും എല്ലാ പരാതികളും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച് വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ റിപ്പോർട്ട് മടക്കിയിരുന്നു. വീണ്ടും അന്വേഷണം നടത്തിയ സംഘമാണ് വലിയകുളം സീറോജെട്ടി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് കൈയേറ്റം നടത്തിയെന്നാരോപിച്ച് തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച ശിപാർശ കോടതിയിൽ സമർപ്പിക്കുകയും തോമസ്ചാണ്ടി ഉൾപ്പെടെയുള്ളവരെ പ്രതിചേർത്ത് വിജിലൻസ് കോടതിയിൽ എഫ്.െഎ.ആർ സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അന്വേഷണസംഘത്തെ മാറ്റിയിരിക്കുന്നത്.
കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണിതെന്നാണ് പരാതിക്കാരുടെ ആരോപണം. മതിയായ കാരണങ്ങളില്ലാതെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുതെന്ന പ്രാഥമികതത്വം പോലും പാലിക്കാതെയാണ് അന്വേഷണസംഘത്തെ ഒന്നാകെ മാറ്റിയതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കേസിെൻറ ആരംഭം മുതൽ അന്വേഷണരീതിയോട് വിജിലൻസ് ഡയറക്ടർക്ക് വലിയ യോജിപ്പില്ലായിരുന്നു. അന്വേഷണം പുരോഗമിക്കുമ്പോഴാണ് അന്വേഷണസംഘത്തെ മാറ്റിയത്. അന്വേഷണസംഘത്തിലെ മറ്റ് അംഗങ്ങളുടെ കാര്യത്തിൽ ഇതുവരെ അന്തിമതീരുമാനമായിട്ടില്ല. വിഷയത്തിൽ ആവശ്യമില്ലാത്ത വിവാദമാണുണ്ടായതെന്നാണ് വിജിലൻസിെൻറ വിശദീകരണം. ദ്രുതപരിശോധന നടത്തുന്നതിന് ഒരുസംഘെത്തയും വിശദമായ അന്വേഷണത്തിന് മറ്റൊരു സംഘത്തെയും നിയോഗിക്കുന്നത് സാധാരണമാണെന്നും നടപടിക്രമം പാലിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വിജിലൻസ് അധികൃതർ വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.