കണക്കപ്പിള്ളയല്ല, മാത്യു കുഴൽനാടന്റെ കണക്ക് പരിശോധിക്കാമെന്ന് തോമസ് ഐസക്

കോട്ടയം: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എയുടെ കണക്ക് പരിശോധിക്കാൻ തയാറാണെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ തോമസ് ഐസക്. താൻ കണക്കപ്പിള്ളയല്ലെങ്കിലും മാത്യു കുഴൽനാടന്‍റെ കണക്ക് വേണമെങ്കിൽ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ കണക്കുകൾ പരിശോധിക്കാൻ തോമസ് ഐസകിന്‍റെ പേര് നേരത്തേ മാത്യു കുഴൽനാടൻ നിർദേശിച്ചിരുന്നു. മാത്യു കുഴൽനാടന്‍റെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞുകഴിഞ്ഞു. മാത്യു കുഴൽനാടനോട് ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയില്ല. അതിന് മറുപടി പറഞ്ഞ ശേഷം സംവാദം ആലോചിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണക്ക് ലഭിച്ച പണം മാസപ്പടിയല്ലെന്നും സേവനത്തിന് നൽകിയ പ്രതിഫലമാണെന്നും മാത്യു കുഴൽനാടൻ തന്നെ സമ്മതിച്ചതായും ഐസക് പറഞ്ഞു. സേവനത്തിന് ജി.എസ്.ടി അടച്ചില്ലെന്ന് മാത്യു പറഞ്ഞതോടെ ഇതുവരെ ഉയർത്തിയ വാദങ്ങളെല്ലാം പൊളിഞ്ഞു. അതിസാമർഥ്യമാണ് വിനയായതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇനി ജി.എസ്.ടിയുമായി ബന്ധപ്പെട്ട മാത്യുവിന്‍റെ ആക്ഷേപമാണ്. അത് വകുപ്പ് അന്വേഷിച്ച് നടപടിയെടുക്കട്ടെ. വീണയുമായി ബന്ധപ്പെട്ട വിവാദത്തിൽ സത്യം പറഞ്ഞ കുഴൽനാടന് നന്ദിയെന്നും തോമസ് ഐസക് പറഞ്ഞു.

Tags:    
News Summary - Thomas Isaac on Mathew Kuzhalnadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.