തിരുവനന്തപുരം: തിരുവനന്തപുരം ഗവ. ആയുർവേദ കോളജില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയവര്‍ക്കായി നടത്തിയ സംഗമത്തില്‍ ബി.എ.എം.എസ് പരീക്ഷ പാസാകാത്തവർ പങ്കെടുക്കുകയും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുകയും ചെയ്ത സംഭവം അന്വേഷിക്കാൻ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉത്തരവിട്ടു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് നല്കാന് ആയുർവേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നല്കി. കോഴ്സ് വിജയിക്കാത്തവർക്ക് വിതരണം ചെയ്ത സർട്ടിഫിക്കറ്റ് 24 മണിക്കൂറിനകം തിരിച്ചുവാങ്ങി റിപ്പോർട്ട് നൽകാൻ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ കോളജ് പ്രിൻസിപ്പലിന് നിർദേശം നൽകി.
കോളജ് കാമ്പസില്‍ കഴിഞ്ഞ 14 മുതൽ നടന്ന സമാപന സംഗമത്തിലെ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ പരീക്ഷ തോറ്റ ഏഴുപേർ പങ്കെടുത്തതാണ് വിവാദമായത്. പി.ടി.എ ഭാരവാഹിയുടെ മകനും ഇതിൽ ഉൾപ്പെടുന്നു. വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ അവര്‍തന്നെ തയാറാക്കി നല്കുന്ന സര്‍ട്ടിഫിക്കറ്റാണ് വിതരണം ചെയ്യുന്നത്.
സർട്ടിഫിക്കറ്റിൽ പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലുണ്ടെങ്കിൽ അത് തെറ്റിദ്ധാരണക്കിടയാക്കുമെന്നും ഈ സാഹചര്യത്തിലാണ് തോറ്റവരിൽനിന്ന് സർട്ടിഫിക്കറ്റ് തിരിച്ചുവാങ്ങാൻ നിർദേശിച്ചതെന്നും വൈസ് ചാൻസലർ പറഞ്ഞു. തോറ്റ വിദ്യാർഥികൾക്ക് സർവകലാശാല ബിരുദ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും വി.സി വ്യക്തമാക്കി.
വിദ്യാര്‍ഥികള്‍ കോണ്വൊക്കേഷന് എന്നപേരിൽ നടത്തുന്ന ചടങ്ങുമായി സർവകലാശാലക്കോ മെഡിക്കല്‍ കൗണ്‍സിലിനോ ബന്ധമില്ലെന്ന് കോളജ് അധികൃതരും വ്യക്തമാക്കി.
മുന്‍കാലങ്ങളില്‍ ബി.എ.എം.എസ് തോല്‍വി പതിവില്ലായിരുന്നതിനാല് എല്ലാ വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, കഴിഞ്ഞ ഏതാനും വർഷങ്ങളായി ചുരുക്കം വിദ്യാര്‍ഥികള്‍ തോൽക്കുന്നുണ്ട്. സമാപന ചടങ്ങില്‍ ഇവര്‍ പങ്കെടുക്കുന്നതും ഗ്രൂപ് ഫോട്ടോയില്‍ നില്ക്കുന്നതും പതിവാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.