പ്രതിപക്ഷത്തിനെതിരെ ആയിരക്കണക്കിന് കേസുകൾ, പിഴയായി ലക്ഷങ്ങൾ കെട്ടിവെക്കേണ്ട അവസ്ഥ -വി.ഡി. സതീശൻ

തിരുവനന്തപുരം: പൊലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത നടപ്പാക്കാനാണ് കേരളത്തില്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ ആയിരക്കണക്കിന് കേസുകളാണ് എടുത്തിരിക്കുന്നതെന്നും പിഴയായി ലക്ഷക്കണക്കിന് രൂപ കെട്ടിവയ്‌ക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ബുക്ക്‌ലെറ്റ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ.

പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനം തടസപ്പെടുത്തിയും അടിച്ചമര്‍ത്തിയുമുള്ള സ്റ്റാലിനിസ്റ്റ് നയമാണ് ആധുനിക കേരളത്തില്‍ പിണറായി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. എത്ര അടിച്ചമര്‍ത്തിയാലും പൂര്‍വാധികം ശക്തിയോടെ തിരിച്ചടിക്കും. പ്രതിഷേധിക്കുന്നവരെ പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ്.

സെക്രട്ടേറിയറ്റിന്റെ മുന്നില്‍ നടന്ന സമരം ഉദ്ഘാടനം ചെയ്ത എം.എല്‍.എയെ ഒന്നാം പ്രതിയാക്കി കേസെടുക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്? യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവിനെ ഒന്നാം പ്രതിയാക്കിയും കേസെടുത്തു. ഇതിലൂടെയൊക്കെ പിണറായി ആരെയാണ് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്ത രീതിയെ കേരളം ഒറ്റക്കെട്ടായാണ് എതിര്‍ക്കുന്നത്. അധികാരം ദുരുപയോഗം ചെയ്യുന്നതില്‍ സര്‍ക്കാര്‍ ആനന്ദം കണ്ടെത്തുകയാണ്. സര്‍ക്കാരിനെ ഉപദേശിക്കുന്നവര്‍ സര്‍ക്കാരിന്റെ ശത്രുക്കളാണെന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള കാര്യങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്.

41 എ നോട്ടീസ് അറസ്റ്റ് ചെയ്യുന്നതിന് മുന്‍പാണ് നല്‍കേണ്ടത്. എന്നാല്‍ അടൂരില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ എടുത്ത് കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ എത്തിച്ചശേഷമാണ് പൊലീസ് നോട്ടീസ് നല്‍കിയത്. എല്ലാ നിയമങ്ങളും ലംഘിക്കുകയാണ്. സെക്ഷന്‍ 333 നിയമപ്രകാരം കേസെടുത്തത് പത്ത് വര്‍ഷം വരെ തടവ് ലഭിക്കുന്നതിന് വേണ്ടിയാണ്. ഷൂ എറിഞ്ഞതിന്റെ പേരില്‍ വധശ്രമത്തിന് കേസെടുത്ത് വഷളായി പോയ സര്‍ക്കാരാണിത്. രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിയിക്കാന്‍ സി.പി.എമ്മിനെയും സംസ്ഥാന സെക്രട്ടറിയെയും വെല്ലുവിളിക്കുകയാണ്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പറയുന്നത് വിവരക്കേടും വിലകുറഞ്ഞ രാഷ്ട്രീയവുമാണ്.

ന്യൂറോ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. പക്ഷെ ബി.പി നോക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. 160 എന്ന ബി.പി ഡോക്ടര്‍ രേഖപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ജനറല്‍ ആശുപത്രിയിലെ ആര്‍.എം.ഒയെ സ്വാധീനിച്ച് ബി.പി നോര്‍മല്‍ എന്ന് രേഖപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ ജയിലില്‍ അടയ്ക്കുന്നതിന് വേണ്ടി ആര്‍.എം.ഒയെ സ്വാധീനിച്ചുവരെ സര്‍ട്ടിഫിക്കറ്റുണ്ടാക്കി. ആര്‍.എം.ഒ നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് വ്യാജം. അര്‍.എം.ഒയും എസ്.എച്ച്.ഒയുമൊക്കെ അധികാരം ദുരുപയോഗം ചെയ്യുകയാണ്. ട്രാന്‍സ്‌പോര്‍ട്ട് സമരത്തിന്റെ ഭാഗമായി ബസിന് തീ കൊളുത്തി ആളുകളെ ചുട്ടുകൊന്നവരുടെ പിന്‍മുറക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. നിയമവിരുദ്ധ നടപടി എടുത്ത എല്ലാ ഉദ്യോഗസ്ഥര്‍ക്ക് പിന്നാലെയും ഞങ്ങളുണ്ടാകും. ആരെയും വെറുതെ വിടില്ല. എം.വി ഗോവിന്ദന്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വമാണ് മൂന്നാം കിട വര്‍ത്തമാനത്തിലൂടെ ഇല്ലാതാക്കിയത്.

മുഖ്യമന്ത്രിയുടെ അപ്പുറവും ഇപ്പുറവും നടക്കുന്നവര്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസുകളിലെ പ്രതികളാണ്. അകത്ത് പോകേണ്ടവരെയാണ് മുഖ്യമന്ത്രി കൊണ്ടു നടക്കുന്നത്. ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകര്‍ത്ത ഡി.വൈ.എഫ്.ഐക്കാരനെ മോചിപ്പിച്ച ഏരിയാ സെക്രട്ടറിക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല. പൊലീസുകാരനോട് കക്കൂസ് കഴുകാന്‍ പറഞ്ഞ എസ്.എഫ്.ഐ സെക്രട്ടറിയെ പാല്‍ക്കുപ്പി നല്‍കിയാണ് ജീപ്പില്‍ കയറ്റിയത്. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പരസ്യമായി നിയമം ലംഘിക്കുകയാണ്. എല്ലാ കുഴപ്പങ്ങള്‍ക്കും തുടക്കമിട്ടത് മുഖ്യമന്ത്രിയാണ്. ഇതിനെല്ലാം മറുപടി പറയിപ്പിക്കും.

‘രാമന്‍ ബി.ജെ.പിക്കൊപ്പമല്ല, ഗാന്ധിജി മരിച്ചുവീണ ബിര്‍ളാ മന്ദിരത്തിന്റെ ഇടനാഴിയിലാണ്’

അയോധ്യ വിഷയത്തിലുള്ള കോണ്‍ഗ്രസ് നിലപാട് എ.ഐ.സി.സി വ്യക്തമാക്കിയിട്ടുണ്ട്. ചടങ്ങിലേക്ക് പാര്‍ട്ടിയെ അല്ല വ്യക്തികളെയാണ് ക്ഷണിച്ചത്. ക്ഷണം ലഭിച്ച നേതാക്കള്‍ പാര്‍ട്ടിയുമായി ആലോചിച്ചു. അയോധ്യയില്‍ നടക്കുന്നത് രാഷ്ട്രീയ പരിപാടിയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് മതത്തെ രാഷ്ട്രീയവത്ക്കരിക്കാനും ആരാധനാലയങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമാക്കി മാറ്റാനുമാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിനോട് യോജിക്കാന്‍ പറ്റില്ലെന്നതാണ് കോണ്‍ഗ്രസ് നിലപാട്. മതത്തെ രാഷ്ട്രീയവത്ക്കരിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന വ്യക്തമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്.

എന്‍.എസ്.എസിന് അവരുടെ അഭിപ്രായം പറയാം. ഞങ്ങളുടെ അഭിപ്രായം ആരുടെ മേലും അടിച്ചേല്‍പ്പിക്കില്ല. കോണ്‍ഗ്രസ് എടുത്തത് രാഷ്ട്രീയമായ തീരുമാനമാണ്. രാമന്‍ ബി.ജെ.പിക്കൊപ്പമല്ല. 'ഹേ റാം...' എന്ന ചുണ്ടനക്കത്തോടെ ഗാന്ധിജി മരിച്ചുവീണ ബിര്‍ളാ മന്ദിരത്തിന്റെ ഇടനാഴിയിലാണ് രാമന്‍ നില്‍ക്കുന്നത്. ഞങ്ങളുടെ രാമന്‍ അവിടെയാണ്. ബി.ജെ.പിയുടേത് രാഷ്ട്രീയമായി സൃഷ്ടിക്കപ്പെട്ട രാമനാണ്. ഇന്ത്യയിലെ എല്ലാ ഹിന്ദുമത വിശ്വാസികളുടെയും ആരാധ്യപുരുഷനാണ് രാമന്‍. രാമനോടോ അയോധ്യയോടോ അല്ല പ്രശ്‌നം. ക്ഷേത്രത്തെയും മതത്തെയും രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശ്രമത്തോടാണ് ഞങ്ങളുടെ വിയോജിപ്പ്. ഇത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടാണ്.

ആദി ശങ്കരന്റെ പിന്മുറക്കാരും നാല് മഠങ്ങളിലെ മഠാധിപതികളുമായ ശങ്കരാചര്യന്മാരും അയോധ്യയെ ബി.ജെ.പി രാഷ്ട്രീയവത്ക്കരിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. അയോധ്യയെ രാഷ്ട്രീയവത്ക്കരിക്കുന്നതിനെ കുറിച്ച് ഹിന്ദുസമൂഹത്തിനും ബോധ്യം വന്നിട്ടുണ്ട്. ക്ഷേത്രത്തില്‍ ഏത് വിശ്വാസികള്‍ക്കും പോകാം. പക്ഷെ ചടങ്ങ് രാഷ്ട്രീയവത്ക്കരിക്കുന്നു എന്നതാണ് പ്രശ്‌നം.

ഭാരത് ജോഡോ ന്യായ് യാത്ര ചരിത്രസംഭവമായി മാറും

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഈ മാസം 14-ന് മണിപ്പൂരിലെ ഇംഫാലില്‍ നിന്നും ആരംഭിച്ച് മാര്‍ച്ച് 20-ന് മുംബെയില്‍ അവസാനിക്കും. പത്ത് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ രാജ്യത്തെ തകര്‍ത്തെന്ന സ്ഥിതിവിവര കണക്കുകളുമായാണ് ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്നത്. ബി.ജെ.പി- ആര്‍.എസ്.എസ്- സംഘപരിവാര്‍ താല്‍പര്യങ്ങള്‍ രാജ്യ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഇന്ത്യ എന്ന ആശയത്തെ തകര്‍ക്കാന്‍ വിദ്വേഷം പടര്‍ത്തി ജനങ്ങളെ ഭിന്നിപ്പിച്ച് അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് അവര്‍ ശ്രമിക്കുന്നത്.

മോദി സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് കോര്‍പറേറ്റുകളാണ്. കര്‍ഷക, തൊഴില്‍ നിയമങ്ങള്‍ പാസാക്കപ്പെടുന്നത് കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. കാര്‍ഷിക മേഖലയില്‍ മൂന്ന് കരിനിയമങ്ങളാണ് കൊണ്ടുവന്നത്. മണിക്കൂറില്‍ ഒരു കര്‍ഷകന്‍ എന്ന നിലയിലാണ് ആത്മഹത്യ ചെയ്യുന്നത്. ഇന്ധനവിലക്കയറ്റിന് ആനുപാതികമായി രൂക്ഷമായ വിലക്കയറ്റമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.

പട്ടികജാതിക്കാര്‍ക്കെതിരായ അക്രമങ്ങള്‍ പത്ത് വര്‍ഷത്തിനിടെ 46.11 ശതമാനമായി വര്‍ധിച്ചു. പട്ടികവര്‍ഗക്കാര്‍ക്കെതിരയാ അക്രമങ്ങള്‍ 58.5 ശതമാനമായി വര്‍ധിച്ചും. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും രാജ്യവ്യാപകമായി വര്‍ധിച്ചു. പൊതുജാനാരോഗ്യ, വിദ്യാഭ്യാസ രംഗങ്ങള്‍ സംരക്ഷിക്കുന്നതിന് ഒരു നടപടിയുമില്ല. ലോക്ഡൗണ്‍ കാലത്ത് നാല് കോടിയോളം തൊഴിലാളികള്‍ വഴിയാധാരമായി. ഇവിടെയെല്ലാം സര്‍ക്കാര്‍ നോക്കുകുത്തിയായി. കേന്ദ്ര സര്‍ക്കാരിന്റെ പരാജയം വ്യക്തമാക്കുന്ന കുറ്റപത്രവും ഭാരത് ജോഡോ ന്യായ് യാത്രയില്‍ അവതരിപ്പിക്കും.

നീതിപൂര്‍വം ജനങ്ങളോട് പെരുമാറാനും നീതിപൂര്‍വമായ പദ്ധതികള്‍ നടപ്പാക്കാനും സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണം നടപ്പാക്കാനുമുള്ള പദ്ധതികളാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നത്. ന്യായ് പദ്ധതി ഉള്‍പ്പെടെയുള്ളവ കോണ്‍ഗ്രസ് നടപ്പാക്കും. തൊഴിലുറപ്പ് പദ്ധതി പോലുള്ള അഭിമാനപദ്ധതികള്‍ 14 കോടി ജനങ്ങളെയാണ് ദാരിദ്രത്തില്‍ നിന്നും മോചിപ്പിച്ചത്.

സംഘപരിവാര്‍ ശക്തികള്‍ ഇന്ത്യ മുന്നണിയെ ഭയപ്പെടുകയാണ്. ഫാഷിസ്റ്റ് വിരുദ്ധ വര്‍ഗീയവിരുദ്ധ ഫ്‌ളാറ്റ്‌ഫോമാണ് ഇന്ത്യ മുന്നണി. ഭാരത് ജോഡോ ന്യായ് യാത്ര ചരിത്രസംഭവമായി മാറും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും യാത്രയുമായി ബന്ധപ്പെട്ട പ്രചരണങ്ങളുണ്ടാകും. ജാഥയെ തുടക്കത്തില്‍ തന്നെ തടസപ്പെടുത്താനുള്ള ശ്രമങ്ങളാണ് മണിപ്പൂരില്‍ ഉള്‍പ്പെടെ ബി.ജെ.പി സര്‍ക്കാരുകള്‍ സ്വീകരിച്ചത്. ഇതിനെയെല്ലാം മറികടന്നാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ജാഥ സംഘടിപ്പിക്കുന്നത്.

Tags:    
News Summary - Thousands of cases against the opposition -V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.