കൊച്ചി: തകരുന്ന വൃക്കയും ഹൃദയവും കരളും മാറ്റിവെച്ച് ജീവിതത്തിലേക്ക് തിരിച്ചുനടക്കാൻ സംസ്ഥാനത്ത് കാത്തിരിക്കുന്നത് ആയിരങ്ങൾ. ഈ വർഷം ജൂലൈവരെയുള്ള കണക്കുപ്രകാരം സർക്കാറിെൻറ സമ്പൂർണ അവയവദാന പദ്ധതിയായ 'മൃതസഞ്ജീവനി'യിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് 2329 പേരാണ്.
എന്നാൽ, രജിസ്റ്റർ ചെയ്യാത്തവർ കാൽലക്ഷം പേരെങ്കിലും വരുമെന്നാണ് അനൗദ്യോഗിക കണക്ക്. മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കാൻ പുറപ്പെടുവിച്ച ഉത്തരവും ഫലം കണ്ടില്ലെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
ജൂലൈ 12വരെയുള്ള കണക്കുപ്രകാരം വൃക്കക്കായി 1791 പേരും കരൾ കിട്ടാൻ 487 പേരും ഹൃദയത്തിന് 39 പേരും പാൻക്രിയാസിന് മൂന്ന് പേരും കൈക്ക് എട്ടും ചെറുകുടലിന് ഒരാളുമാണ് മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തത്. ഇവരിൽ ചിലരെങ്കിലും അവയവം കിട്ടാതെ മരിച്ചു.
എന്നാൽ, ഈ വർഷം 12 പേരിൽനിന്നായി 23 വൃക്കയും ഒമ്പത് കരളും നാലുവീതം കൈയും ഹൃദയവും രണ്ട് ചെറുകുടലും ഉൾപ്പെടെ 42 അവയവങ്ങൾ മാത്രമാണ് മാറ്റിവെച്ചത്.
സംസ്ഥാനത്ത് റോഡപകടങ്ങളിൽ ഉൾപ്പെടെ പ്രതിവർഷം ആയിരക്കണക്കിന് മസ്തിഷ്ക മരണം സംഭവിക്കുന്നുണ്ടെങ്കിലും ഇതിന് ആനുപാതികമായി അവയവദാനം നടക്കുന്നില്ലെന്നും ഇക്കാര്യത്തിൽ ബോധവത്കരണമടക്കം ശക്തിപ്പെടുത്തി വരുകയാണെന്നും മൃതസഞ്ജീവനി സംസ്ഥാന നോഡൽ ഓഫിസർ ഡോ. നോബിൾ ഗ്രേഷ്യസ് 'മാധ്യമ'ത്തോട് പറഞ്ഞു.
മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങളും നിയമപ്രശ്നങ്ങളുംമൂലം അവയവദാനം മന്ദഗതിയിലായ ഘട്ടത്തിൽ കഴിഞ്ഞ ജനുവരിയിലാണ് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
നാല് ഡോക്ടർമാരടങ്ങുന്ന സംഘം ആറു മണിക്കൂർ ഇടവേളയിൽ രണ്ട് ഘട്ടമായി നടത്തുന്ന ഒരുകൂട്ടം പരിശോധനകളുടെ അടിസ്ഥാനത്തിൽ യഥാസമയം മസ്തിഷ്ക മരണം ഉറപ്പാക്കി ബന്ധുക്കളെ അറിയിച്ച് അവയവദാനത്തിന് അവസരമൊരുക്കണം എന്നതായിരുന്നു പ്രധാന നിർദേശം.
എന്നാൽ, സർക്കാർ ആശുപത്രികളിൽ ഇത് കാര്യമായി പാലിക്കാത്തതാണ് അവയവദാനം കുറയാൻ കാരണം. അതേസമയം, സ്വകാര്യ ആശുപത്രികളിൽ ജീവിച്ചിരിക്കുന്നവരിൽനിന്നും മരണാനന്തരവും അവയവദാനം ധാരാളമായി നടക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.