കാസർകോട്: മഞ്ചേശ്വരത്ത് പത്രിക പിൻവലിക്കാൻ ബി.എസ്.പി സ്ഥാനാർഥി കെ.സുന്ദരക്ക് രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയത് മൂന്നു ദൂതന്മാർ വഴി. ബി.ജെ.പി സംസ്ഥാന പ്രസിഡൻറും സ്ഥാനാർഥിയുമായ കെ. സുരേന്ദ്രനു വേണ്ടി സുരേഷ് നായിക്, അശോക് ഷെട്ടി, സുനിൽ നായിക് എന്നിവരാണ് പണം കൈമാറിയത്.
തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം നൽകിയാണ് പത്രിക പിൻവലിപ്പിച്ചതെന്നും കെ. സുന്ദര അന്വേഷണ സംഘത്തിന് മൊഴി നൽകി. കൊടകര കുഴൽപ്പണകേസിൽ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചയാൾ കൂടിയാണ് പണം നൽകിയ സംഘത്തിലെ സുനിൽ നായിക്. ഇതോടെ, കുഴൽപ്പണകേസിലെ മഞ്ചേശ്വരം ബന്ധം കൂടുതൽ വ്യക്തമാകുകയാണ്.
കഴിഞ്ഞതവണത്തേതുപോലെ ഇത്തവണയും പത്രിക നൽകിയതോടെ ഒേട്ടറെ പേർ വിളിച്ചു പലതും വാഗ്ദാനം ചെയ്തതായി ഇദ്ദേഹം മൊഴി നൽകി. 15 ലക്ഷം രൂപയാണ് പത്രിക പിൻവലിക്കാൻ താൻ ആവശ്യപ്പെട്ടതെങ്കിലും സമ്മതിച്ചില്ല. പിന്നീട് ഒരു സംഘം തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണി ഭയന്നാണ് രണ്ടരലക്ഷം രൂപ വാങ്ങി പത്രിക പിൻവലിച്ചത്. സ്വന്തം നിലക്ക് പത്രിക പിൻവലിച്ചതായി മാധ്യമങ്ങളോട് പറയാൻ സംഘം നിർദേശിച്ചതായും അദ്ദേഹം മൊഴി നൽകി.
മാർച്ച് 21ന് വീട്ടിലെത്തിയാണ് പണവും ഫോണും നൽകിയത്. സുരേന്ദ്രൻ ജയിച്ചാൽ കർണാടകയിൽ വീടും വൈൻപാർലറും വാഗ്ദാനം ചെയ്തു. ഇതിനുശേഷം സുരേന്ദ്രൻ ഫോൺ ചെയ്തതായും എല്ലാ ഉറപ്പുകളും പാലിക്കുമെന്നു പറഞ്ഞതായും സുന്ദര മൊഴി നൽകി. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥി വി.വി. രമേശനാണ് പരാതി നൽകിയത്. അതിനിടെ, ഭീഷണി കണക്കിലെടുത്ത് കെ. സുന്ദരക്ക് മൂന്നു പൊലീസുകാരുടെ സുരക്ഷ ഏർപ്പെടുത്തി.
തൃശൂർ/പത്തനംതിട്ട: കുഴൽപണക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രെൻറ മകൻ കെ.എസ്. ഹരികൃഷ്ണനെ ചോദ്യംചെയ്യും. ഹരികൃഷ്ണനും ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജുമായി ഫോണിൽ ബന്ധപ്പെട്ടതിെൻറയും കോന്നിയിൽ കൂടിക്കാഴ്ച നടത്തിയതിെൻറയും തെളിവുകൾ ലഭിച്ചു.
ഹരികൃഷ്ണെൻറ ഫോണിൽനിന്ന് ധർമരാജിനെയും ധർമരാജ് തിരിച്ചും വിളിച്ചതിെൻറ തെളിവുകളും അന്വേഷണ സംഘത്തിന് കിട്ടി. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കെ. സുരേന്ദ്രനൊപ്പം ഹരികൃഷ്ണനുമുണ്ടായിരുന്നു. സുേരന്ദ്രൻ മഞ്ചേശ്വരത്തേക്ക് പോയപ്പോഴും ഹരികൃഷ്ണൻ കോന്നിയിൽതന്നെ തുടർന്നു.
സുരേന്ദ്രനും സഹായികളും താമസിച്ച അപ്പാർട്മെൻറിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.