ഉമ തോമസ് സൈക്കിൾ റിക്ഷയിലെത്തി പത്രിക നൽകിയതിന് പിന്നിൽ ഇങ്ങനെയൊരു പ്രതിഷേധം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് ഇന്നാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. യു.ഡി.എഫ് നേതാക്കളോടൊപ്പം കാക്കനാട് കലക്ടറേറ്റിലെത്തി പത്രിക നൽകുകയായിരുന്നു. പി.ടിയോടൊപ്പം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിറഞ്ഞു നിന്ന ഓർമകളോടൊപ്പം പി.ടിയില്ലാത്ത ആദ്യത്തെ തെരഞ്ഞെടുപ്പിലെ പത്രിക സമർപ്പണം തനിക്കും സഹപ്രവർത്തകർക്കും പഴയ ഓർമകളുടെ സംഗമം കൂടിയാണെന്നാണ് ഉമ തോമസ് പത്രിക നൽകിയ ശേഷം പറഞ്ഞത്.

പത്രിക നൽകാൻ കാക്കനാട് കലക്ടറേറ്റിലേക്ക് സൈക്കിൾ റിക്ഷയിലാണ് ഉമ തോമസ് എത്തിയത്. ഇത് ഒരു പ്രതിഷേധത്തിന്‍റെ ഭാഗമാണെന്ന് സ്ഥാനാർഥി വ്യക്തമാക്കി. കോവിഡ് കാലത്തിനു ശേഷം ജനത സമാനതകൾ ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയുടെ കയത്തിലേക്ക് വീണിരിക്കുന്ന കാലത്ത് ഭരണകൂടം യാതൊരു ദയയും കൂടാതെ അവരെ വേട്ടയാടുകയാണ്. 


ഏറ്റവും പ്രാഥമികമായ ആവശ്യങ്ങളായ പെട്രോൾ, ഡീസൽ, ഗ്യാസ് വിലയിൽ കുറഞ്ഞ കാലം കൊണ്ടുണ്ടായ വിലക്കയറ്റം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ജനകീയ പ്രതിഷേധത്തിന്റെ മാർഗമാകണം ഓരോ വോട്ടും. അതുകൊണ്ട് തന്നെയാണ് പത്രിക സമർപ്പണ വേള സാധാരണക്കാരന് വേണ്ടിയുള്ള സൈക്കിൾ റിക്ഷ പ്രതിഷേധം കൂടിയാക്കി മാറ്റിയത് -ഉമ തോമസ് വ്യക്തമാക്കി. 

Tags:    
News Summary - Thrikkakara by election updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.