തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പ്രസ് ഫോറം രണ്ടാമത് സംസ്ഥാന മാധ്യമ അവാർഡ് ‘മാധ്യമം’ വയനാട് റിപ്പോർട്ടർ എസ്. മൊയ്തുവിന്. ജൂൺ 18ന് വാരാദ്യമാധ്യമം പ്രസിദ്ധീകരിച്ച ‘വള്ളിക്കുടിലിലെ സ്വർഗം’ എന്ന ഫീച്ചർ ആണ് മൊയ്തുവിനെ അവാർഡിന് അർഹനാക്കിയത്.
തൃക്കരിപ്പൂർ പഞ്ചായത്ത് ബോർഡ് പ്രസിഡന്റും മലയാള മനോരമ തൃക്കരിപ്പൂർ ലേഖകനുമായിരുന്ന ടി.വി. ചവിണിയന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ മികച്ച പത്രപ്രവർത്തകനുള്ള സംസ്ഥാന തല അവാർഡിനാണ് മൊയ്തു അർഹനായത്. അച്ചടി മാധ്യമങ്ങളിൽ പരിസ്ഥിതി സംബന്ധമായ വാർത്തകളാണ് അവാർഡിന് പരിഗണിച്ചത്.
പ്രസ് ഫോറം പ്രസിഡന്റും കേരളകൗമുദി ലേഖകനുമായിരുന്ന കെ. കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ദൃശ്യമാധ്യമ അവാർഡിന് പയ്യന്നൂർ നെറ്റ് വർക്ക് ചാനലിലെ കെ.എൻ. വർഷ അർഹയായി.
മുതിർന്ന മാധ്യമ പ്രവർത്തകൻ വി.കെ. രവീന്ദ്രൻ, മുൻ മാധ്യമപ്രവർത്തകൻ വി.പി.പി. മുസ്തഫ, രജീഷ് കുളങ്ങര എന്നിവരടങ്ങിയ അവാർഡ് നിർണയ കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. നവംബർ14 ന് ഉച്ചയ്ക്ക് 2.30 ന് തൃക്കരിപ്പൂർ വ്യാപാരഭവനിൽ നടക്കുന്ന ചടങ്ങിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പി അവാർഡ് വിതരണം ചെയ്യും.
വയനാട് മാനന്തവാടി അഞ്ചാംപീടിക സ്വദേശിയാണ് മൊയ്തു. സെയ്ത് അബ്ദുല്ലയുടെയും പരേതയായ ഖദീജയുടെയും മകനാണ്. ഭാര്യ: നൂർജഹാൻ. മക്കൾ: മുഹമ്മദ് ഷിജാസ്, മുഹമ്മദ് ഷബാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.