ഖാദി ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭനാ ജോർജ്ജ് അഭിനയിക്കുന്ന ഖാദി പരസ്യ ചിത്രത്തിന്റെ ചിത്രീകരണം കലൂർ ഖാദി ഡിസൈനർ സ്റ്റുഡിയോയിൽ നടന്നപ്പോൾ

താരങ്ങളുടെ പിറകെ നടന്ന് മടുത്തു; അവസാനം സ്വയം അഭിനയിക്കാൻ തീരുമാനിച്ച് ശോഭന ജോർജ്

കൊച്ചി: ഖാദി ഫാഷൻ വസ്ത്രങ്ങളുടെ പ്രചാരണത്തിനുള്ള പരസ്യ ചിത്രത്തിനായി താരങ്ങളെ സമീപിച്ച ഖാദി ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭന ജോർജ് അവരുടെ പ്രതിഫലം കേട്ട് ശരിക്കും ഞെട്ടി. അഞ്ച് ലക്ഷം രൂപ മുതൽ അൻപത് ലക്ഷം രൂപ വരെയാണ് താരങ്ങൾ പ്രതിഫലം ചോദിച്ചത്. ഒടുവിൽ വിളിച്ചാൽ ഫോൺ പോലും എടുക്കാത്ത അവസ്‌ഥയിലായി. അതോടെ കാമറക്ക് മുന്നിലെത്താൻ ശോഭന ജോർജ് തീരുമാനിക്കുകയായിരുന്നു.


കഴിഞ്ഞ രണ്ടു വർഷമായി താരങ്ങളുടെ പിന്നാലെ നടന്നു മടുത്താണ് ഒടുവിൽ സ്വയം അഭിനയിക്കാൻ തീരുമാനിച്ചത്. സിനിമ സംവിധാനം ചെയ്തും തിരക്കഥ എഴുതിയും നിർമ്മിച്ചും അഭിനയിച്ചും ഉള്ള പരിചയം ആത്മവിശ്വാസം നൽകിയെന്ന് ശോഭനാ ജോർജ് പറഞ്ഞു.

ശോഭനാ ജോർജിനൊപ്പം ഖാദി ഭവൻ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് പരസ്യ ചിത്രത്തിൽ വേഷമിടുന്നത്. കാമറ മാത്രമാണ് പുറത്ത് നിന്നുള്ളത്. ഖാദി വിപണിയിലിറക്കിയ പട്ടു സാരികളും ഷർട്ടുകളും കുട്ടികളുടെ വസ്ത്രങ്ങളും ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്താൻ പരസ്യ ചിത്രം അനിവാര്യമാണെന്ന തിരിച്ചറിവിലാണ് പരസ്യത്തെ കുറിച്ച് ഖാദി ബോർഡ് ചിന്തിച്ചത്.പരസ്യ ചിത്രത്തതിനായി പണം ചെലവഴിക്കാൻ കഴിയുന്ന സാമ്പത്തിക സ്‌ഥിതിയിലല്ല ബോർഡ്. ലാഭവും നഷ്ടവുമില്ലാതെ മുന്നോട്ട് കൊണ്ടുപോവുകയാണ്. സാധാരണക്കാരായ ആയിരക്കണക്കിന് സ്ത്രീകളടക്കമുള്ള തൊഴിലാളികളാണ് ഖാദി മേഖലയിൽ പണിയെടുക്കുന്നത്. ഇവർക്ക് വേണ്ടി ചെലവഴിക്കാനുള്ള പണം പരസ്യ ചിത്രത്തിന് ചെലവഴിക്കേണ്ടതില്ല എന്ന ഉറച്ച തീരുമാനം എടുക്കുകയായിരുന്നുവെന്ന് ശോഭന പറഞ്ഞു.


പരസ്യ ചിത്രത്തിൻറെ ചിത്രീകരണം എറണാകുളം കലൂർ ഖാദി ഫാഷൻ സ്റ്റുഡിയോയിൽ നടന്നു. ഖാദി ബോർഡ് മാർക്കറ്റിങ് ഡയറക്ടറും ഇൻഫർമേഷൻ ഓഫീസറുമായ പി.എൻ. അജയകുമാറാണ് സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. പത്ത് വർഷത്തോളം ചലച്ചിത്ര- സീരിയൽ മേഖലയിലെ അനുഭവ സമ്പത്ത് അജയകുമാറിന് കാര്യങ്ങൾ എളുപ്പമാക്കി.

Tags:    
News Summary - Tired of walking behind the stars; Shobhana George finally decides to act herself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.