ടൈറ്റാനിയം അഴിമതിക്കേസ്: മൊഴി നല്‍കാന്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ മൊഴി നല്‍കാന്‍ മുന്‍മന്ത്രി കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ക്ക് അന്വേഷണസംഘം നോട്ടീസ് നല്‍കി. വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബര്‍ 31നകം അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരായി മൊഴി നല്‍കാനാണ് നോട്ടീസ് നല്‍കിയത്. ടൈറ്റാനിയം അഴിമതിയെക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ അറിയാമെങ്കിലും കോടതിയില്‍ വിവരങ്ങള്‍ നല്‍കാന്‍ തയാറാണെന്ന് രാമചന്ദ്രന്‍ മാസ്റ്റര്‍ പരസ്യപ്രസ്താവന നടത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭരണത്തിന്‍കീഴില്‍ വിജിലന്‍സിന് മൊഴി നല്‍കാനാകില്ളെന്നായിരുന്നു അദ്ദേഹത്തിന്‍െറ മുന്‍ പ്രതികരണം.

അന്വേഷണത്തിന്‍െറ ഭാഗമായി 16 പേരുടെ മൊഴി രേഖപ്പെടുത്തിയതായി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ചന്ദ്രശേഖരന്‍ കോടതിയെ അറിയിച്ചു. എട്ട് രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചതായും വിജിലന്‍സ് ഇന്‍സ്പെക്ടര്‍ ചന്ദ്രന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് രണ്ടു മാസത്തെ സാവകാശം നല്‍കി. കേസ് ജനുവരി 31ന് വീണ്ടും പരിഗണിക്കും.

ടൈറ്റാനിയം അഴിമതിക്കേസില്‍ മുന്‍ എം.ഡി ഉള്‍പ്പടെ ആറുപേര്‍ക്കെതിരെ നേരത്തേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ടൈറ്റാനിയം എം.ഡി, മുന്‍ എം.ഡി ഈപ്പന്‍ ജോസഫ്, ഡയറക്ടര്‍മാരായിരുന്ന എ.എം. ഭാസ്കരന്‍, തോമസ് മാത്യു, സന്തോഷ് കുമാര്‍, ഗോപകുമാരന്‍ നായര്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹീം കുഞ്ഞ് എന്നിവരെക്കൂടി കേസില്‍ പ്രതിചേര്‍ക്കണമെന്ന് പരാതിക്കാരനായ ടൈറ്റാനിയം മുന്‍ ജീവനക്കാരന്‍ ജയന്‍ ആവശ്യപ്പെട്ടിരുന്നു.

അന്വേഷണത്തില്‍ തെളിവ് ലഭിക്കുകയാണെങ്കിലേ പ്രതിചേര്‍ക്കേണ്ടതുള്ളൂവെന്നാണ് വിജിലന്‍സ് നിലപാട്. ടൈറ്റാനിയം മാലിന്യ പ്ളാന്‍റ് സ്ഥാപിച്ചതില്‍ 360 കോടിയുടെ അഴിമതി ആരോപിച്ച് സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് 2014 സെപ്റ്റംബര്‍ 14ന് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

Tags:    
News Summary - titanium curreption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.