മാമുക്കോയ തന്നെ സ്വയം വിശേഷിപ്പിക്കുന്നതിങ്ങനെ; ‘അസാധാരണക്കാരായ കുറെ മനുഷ്യരോടൊപ്പം ജീവിക്കാൻ ഭാഗ്യം കിട്ടിയ ഒരു സാധാരണ മനുഷ്യൻ’, അതായിരുന്നു യാഥാർഥ്യം. ജീവിതത്തിലും സിനിമയിലും നടന്റെ നാട്യങ്ങളൊന്നുമില്ലാത്ത തനി കോഴിക്കോട്ടുകാരനാണെന്നും മാമുക്കോയ. അനുഭവങ്ങളുടെ അരങ്ങിൽനിന്ന് ജീവിതത്തിന്റെ ഉപ്പുകടൽ നീന്തിക്കയറിയ കലാകാരൻ. ഒരുകാലഘട്ടത്തിലെ കോഴിക്കോടിന്റെ സാഹിത്യ, സാംസ്കാരിക ജീവിതം കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞതിന്റെ ആഴമുണ്ട് മാമുക്കോയയുടെ ജീവിതത്തിന്.
എസ്.കെ. പൊറ്റക്കാടിന്റെയും ബഷീറിന്റെയും ബാബുരാജിന്റെയുമൊക്കെ ജീവിത വഴികളിൽ എവിടെയൊക്കെയോ ഉണ്ടായിരുന്നു മാമുക്കോയ എന്ന കൂപ്പിലെയും കല്ലായിയിലെയും തടിയളവുകാരനായ ഈ നാടക നടൻ. കലാകാരനാകണമെന്ന ആഗ്രഹം ചെറുപ്പം മുതലേയുണ്ടായിരുന്നു. എന്നാൽ അനുകൂലമായ സാഹചര്യമൊന്നുമുണ്ടായിരുന്നില്ല. എന്നു മാത്രമല്ല, എല്ലാം പ്രതികൂലമായിരുന്നു. പ്രദേശത്തുള്ള നാടകങ്ങളും മറ്റുമൊക്കെ കണ്ടാണ് വളർന്നത്. അങ്ങനെ പിന്നീട് നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. അങ്ങനെയൊരു വാസനയുണ്ടായിരുന്നു. അമച്വർ നാടകങ്ങളിലാണ് അഭിനയിച്ചിരുന്നത്. കല്ലായിയിൽ മരത്തിന്റെ അളവ് പണിയുണ്ടായിരുന്നതിനാൽ പ്രഫഷനലായൊന്നും പോകാൻ കഴിഞ്ഞിരുന്നില്ല.
കോഴിക്കോടും പരിസര പ്രദേശങ്ങളിലുമൊക്കെയായിരുന്നു നാടകാഭിനയം. അന്ന് സാഹിത്യകാരന്മാരായാലും സംഗീതജ്ഞരായാലും കലാസാംസ്കാരിക പ്രവർത്തകരായാലും കോഴിക്കോട്ട് ഒറ്റക്കെട്ടാണ്. നാടകമാണെങ്കിലും എസ്.കെ. പൊറ്റക്കാടും, വൈക്കം മുഹമ്മദ് ബഷീറും ബാബുരാജുമൊക്കെ റിഹേഴ്സൽ കാണാനെത്തി. അഭിപ്രായം പറഞ്ഞു. അന്നത്തെ കൂട്ടായ്മകളിൽ തിക്കോടിയനും ഉറൂബും പി. ഭാസ്കരനും കെ. രാഘവൻ മാഷുമൊക്കെയുണ്ടായിരുന്നു.
നാടകവും തടി അളവുമായങ്ങനെ പോകുന്നതിനിടെ നാടക സംഘത്തിൽ തന്നെയുള്ളവർ ചേർന്ന് ഒരുസിനിമയുണ്ടാക്കുന്നു, അന്യരുടെ ഭൂമി. എന്നാൽ അത് സിനിമയാക്കാനുള്ള കാശുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് കെ.ജി. ജോർജും സംഘവും മണ്ണ് എന്ന പേരിലൊരു സിനിമക്കായി കോഴിക്കോട്ടെത്തുന്നത്. രണ്ടു പേരായിരുന്നു നിർമാതാക്കൾ. എന്നാൽ ഷൂട്ടിങ് തുടങ്ങുന്നതിനു മുമ്പ് നിർമാതാക്കൾ അതിൽ നിന്നു പിൻവാങ്ങി. നിർമാതാക്കളിലൊരാളായ ടി.വി. മാധവൻ നിലമ്പൂർ ബാലന്റെയടുത്ത് എത്തുന്നതങ്ങനെയാണ്.
അയാളോട് നിലമ്പൂർ ബാലൻ അന്യരുടെ ഭൂമിയെക്കുറിച്ചു പറഞ്ഞു. നല്ല കഥയാണ് കേട്ടുനോക്കാം എന്നു പറഞ്ഞു കൂട്ടിവന്നു. കഥ കേട്ട് ഇഷ്ടപ്പെട്ട് സിനിമ തുടങ്ങാമെന്നായി. അന്ന് കല്ലായി സംഘത്തിന്റെ നേതാവായിരുന്ന പി.എ. മുഹമ്മദ് കോയ എന്ന ഇയ്യാക്ക പറഞ്ഞു ‘എന്നാൽ സിനിമ നിലമ്പൂർ ബാലൻ തന്നെ സംവിധാനം ചെയ്യട്ടെ’. അതുവരെ പി.എ. ബക്കറെക്കൊണ്ട് സംവിധാനം ചെയ്യിക്കാമെന്നാണ് ആലോചിച്ചിരുന്നത്. ആ ചിത്രത്തിൽ ഒരു നിഷേധിയുടെ കഥാപാത്രത്തെയാണ് മാമുക്കോയ അവതരിപ്പിച്ചത്. എന്നാൽ ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.