കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി ഒ.പി ബ്ലോക്കിൽ അടച്ചിട്ട ശുചിമുറികൾ അറ്റകുറ്റപ്പണി നടത്താത്തതും പുതുതായി നിർമിച്ചവ തുറന്നുകൊടുക്കാത്തതും ചികിത്സക്കെത്തുന്ന രോഗികളെ ദുരിതത്തിലാക്കുന്നു. അതിരാവിലെ വന്ന് വരിനിന്ന് ടിക്കറ്റെടുത്ത് ഡോക്ടറെ കാണിച്ച് രോഗികൾ മടങ്ങുമ്പോഴേക്കും ഉച്ചയാവും. ഇതിനിടെ വീൽച്ചെയറിലും ട്രോളിയിലും അല്ലാതെയും അവശരായി എത്തുന്ന രോഗികൾക്ക് മൂത്രശങ്ക തീർക്കാൻ സൗകര്യമില്ലാത്തത് വൻദുരിതമാണ് സമ്മാനിക്കുന്നത്. ഒ.പി ബ്ലോക്കിന്റെ താഴെ നിലയിൽ മെഡിസിൻ ഒ.പിക്കു സമീപം നാലു കക്കൂസും വാഷ്ബെയ്സിനും അടക്കമുള്ള ശുചിമുറി അടച്ചിട്ടിട്ട് രണ്ടു വർഷത്തിലധികമായി. ഒന്നാം നിലയിൽ ഓർത്തോ ഒ.പിയിലും ഇതേ അവസ്ഥയാണ്. പുതുതായി നിർമിച്ച ശുചിമുറി തുറന്നു കൊടുത്തിട്ടില്ല. പരസഹായമില്ലാതെ നടക്കാനോ ഇരിക്കാനോ കഴിയാതെ വീൽച്ചെയറിലും ട്രോളിയിലും ഡോക്ടറെ കാണാൻ എത്തുന്നവർക്ക് മൂത്രശങ്ക തീർക്കണമെങ്കിൽ താഴെ നിലയിൽ ഇറങ്ങണം. അവിടെയുള്ളത് പൊട്ടിപ്പൊളിഞ്ഞ് ദുർഗന്ധം പരത്തുന്ന ശുചിമുറിയും.
മെഡിസിൻ ഒ.പിക്കു സമീപമുള്ള ശുചിമുറി കക്കൂസ് ബ്ലോക്കായതോടെ പൂട്ടിയിടുകയായിരുന്നു. ജനറൽ മെഡിസിൻ, സൈക്യാട്രി, ഫാർമസി, സി.ടി സ്കാൻ തുടങ്ങിയ വിഭാഗങ്ങളിലേക്ക് എത്തുന്ന രോഗികളെല്ലാം ഈ ശുചിമുറിയാണ് ഉപയോഗിച്ചിരുന്നത്. ഇത് അറ്റകുറ്റപ്പണി നടത്തി തുറന്നുകൊടുക്കുന്നതിനുള്ള നടപടിയൊന്നുമായിട്ടില്ല. ദുർഗന്ധം കാരണം ഇതിന് സമീപത്ത് നിൽക്കാൻപോലും പറ്റാത്ത അവസ്ഥയാണ്.
ഓർത്തോ ഒ.പിയോട് ചേർന്ന് സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ആറു കക്കൂസും രണ്ടു യൂറിൻപോട്ടുമാണ് പുതുതായി നിർമിച്ചത്. ആശുപത്രി വികസന സമിതിയുടെ ഫണ്ട് വിനിയോഗിച്ച് പി.ഡബ്ല്യു.ഡി നിർമിച്ച ശുചിമുറി ആശുപത്രി അധികൃതർക്ക് കൈമാറിയെന്നാണ് വിവരം. ഇപ്പോൾ ഒ.പിയിൽ വരുന്ന രോഗികൾ ശുചിമുറിയിലേക്ക് ഇറങ്ങാതിരിക്കാൻ ബെഞ്ച് വെച്ച് അടച്ചിട്ടിരിക്കുകയാണ്. രോഗികളുടെ ഏറെനാളത്തെ നിരന്തര ആവശ്യത്തിനുശേഷമാണ് ഇവിടെ ശുചിമുറി നിർമിക്കാൻ ആശുപത്രി വികസന സമിതി തയാറായത്. രോഗികൾക്ക് തുറന്നുകൊടുക്കാനല്ലെങ്കിൽപിന്നെ എന്തിനാണ് ഇത് നിർമിച്ചതെന്ന് രോഗികളും കൂട്ടിരിപ്പുകാരും ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.