മദ്യനയ രൂപവത്കരണത്തിൽ ടൂറിസം വകുപ്പ് കൈകടത്തിയിട്ടില്ല -മന്ത്രി റിയാസ്

തിരുവനന്തപുരം: മദ്യനയ രൂപവത്കരണത്തിൽ ടൂറിസം വകുപ്പ് ഇടപെട്ടെന്ന പ്രതിപക്ഷ ആരോപണത്തിൽ മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇക്കാര്യത്തിൽ വകുപ്പ് കൈകടത്തിയിട്ടില്ലെന്നും ടൂറിസം ഡയറക്ടർ യോഗം വിളിച്ചത് ചീഫ് സെക്രട്ടറിയുടെ നിർദേശത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിൽ റോജി എം. ജോണിന്‍റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

“മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് ഒരു നിലപാടും അറിയിച്ചിട്ടില്ല. ടൂറിസം ഡയക്ടറുടെ അധ്യക്ഷതയിൽ നടന്ന യോഗം മന്ത്രി വിളിച്ചുചേർത്തതല്ല. ചീഫ് സെക്രട്ടറിയുടെ നിർദേശ പ്രകാരമുള്ള യോഗമാണ്. കേരള ഇൻഡസ്ട്രി കണക്ട് യോഗത്തിന് മദ്യനയവുമായി ബന്ധമില്ലെന്ന് ഡയറക്ടർ വ്യക്തമാക്കിയതാണ്. ടൂറിസം മേഖലയിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേരള ട്രാവൽമാർട്ട് സൊസൈറ്റി ഉൾപ്പെടെയുള്ള സംഘടനകളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് മേയ് 21ന് യോഗം വിളിച്ചത്” -മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പുതിയ മദ്യനയം രൂപവത്കരിക്കുന്നതിൽ വിനോദസഞ്ചാര വകുപ്പ് കൈകടത്തുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എക്സൈസ് വകുപ്പ് എം.ബി. രാജേഷിന്‍റെ കൈയിൽത്തന്നെ ഉണ്ടോ എന്ന് പരിശോധിക്കുന്നത് നന്നാവുമെന്ന് പ്രതിപക്ഷ നേതാവ് പരിഹാസ്യരൂപേണ പറഞ്ഞിരുന്നു. ടൂറിസം ഡയറക്ടർ വിളിച്ച യോഗത്തിൽ ഡ്രൈ ഡേ ഒഴിവാക്കൽ, പ്രവർത്തന സമയം കൂട്ടൽ അടക്കം ചർച്ച ചെയ്തെന്നും ആരോപണമുയർന്നിരുന്നു. 

Tags:    
News Summary - Tourism department has not interfered in the formulation of liquor policy, Says Minister PA Muhammad Riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.