കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട അപ്പീലുകളിൽ ഹൈകോടതിയിൽ വാദം തുടങ്ങി. കേസിലെ 12 പ്രതികൾ ശിക്ഷാവിധിക്കെതിരെയും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സർക്കാറും സി.പി.എം നേതാവ് പി. മോഹനനടക്കമുള്ളവരെ വെറുതെവിട്ടതിനെതിരെ ടി.പിയുടെ ഭാര്യ കെ.കെ. രമ എം.എൽ.എയും നൽകിയ അപ്പീലുകളാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.
ആർ.എം.പി സ്ഥാപക നേതാവായ ചന്ദ്രശേഖരനെ 2012 മേയ് നാലിനാണ് ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സി.പി.എമ്മിൽനിന്ന് വിട്ടുപോയി തന്റെ നാടായ ഒഞ്ചിയത്ത് ആർ.എം.പി എന്ന പേരിൽ പാർട്ടിയുണ്ടാക്കിയതിലുള്ള പക നിമിത്തം സി.പി.എമ്മുകാരായ പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. എം.സി അനൂപ്, കിർമ്മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ. ഷിനോജ്, കെ.സി രാമചന്ദ്രൻ, ട്രൗസർ മനോജ്, സി.പി.എം പാനൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി.കെ. കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നീ പ്രതികൾക്ക് 2014 വിചാരണ കോടതി ജീവപര്യന്തം തടവും പിഴയും മറ്റൊരു പ്രതി കണ്ണൂർ സ്വദേശി ലംബു പ്രദീപന് മൂന്നു വർഷം കഠിന തടവും ശിക്ഷ വിധിച്ചു. ഇതിനെതിരെയാണ് അപ്പീൽ. പി.കെ കുഞ്ഞനന്തൻ ജയിൽ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ 2020 ജൂണിൽ മരിച്ചു.
36 പ്രതികളുണ്ടായിരുന്ന കേസിൽ പി. മോഹനൻ ഉൾപ്പെടെ 24 പേരെ വെറുതെവിട്ടിരുന്നു. എഫ്.ഐ.ആറിൽ എത്ര പ്രതികളുണ്ടെന്ന് കൃത്യമായി പറയുന്നില്ലെന്നും ഗൂഢാലോചനയെ തുടർന്നാണ് പലരെയും പ്രതിചേർത്തതെന്നും ഒന്നാം പ്രതി എം.സി അനൂപിന് വേണ്ടി അപ്പീലിൽ ഹാജരായ സീനിയർ അഭിഭാഷകൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.