തിരുവനന്തപുരം: 51 വെട്ടിന്റെ കൊടുംക്രൂരതയിൽ രാഷ്ട്രീയ കേരളം ഞെട്ടിത്തരിച്ച കേസാണ് ടി.പി. ചന്ദ്രശേഖരൻ വധം. സി.പി.എമ്മിന് വലിയ പരിക്കേൽപ്പിച്ച കേസ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ ഒരിക്കൽക്കൂടി പാർട്ടിയെ പ്രതിരോധത്തിലാക്കുകയാണ്. കരിമണൽ മാസപ്പടിയിൽ കേന്ദ്ര അന്വേഷണത്തിൽ പരുങ്ങലിലായ സി.പി.എമ്മിന് ടി.പി കേസ് പുതിയ തലവേദനയായി. നേരത്തേ വിചാരണക്കോടതി വെറുതെവിട്ട രണ്ടു പ്രതികളെ ഹൈകോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നു. അതിലൊരാൾ കെ.കെ. കൃഷ്ണൻ ടി.പി കൊല്ലപ്പെട്ട കാലത്തെ സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റിയംഗമാണ്. രണ്ടമത്തെയാൾ ജ്യോതിബാബു പ്രാദേശിക സി.പി.എം നേതാവുമാണ്.
സി.പി.എം വിട്ട് ആർ.എം.പി എന്ന പുതിയ പാർട്ടിയുണ്ടാക്കിയ ടി.പി ചന്ദ്രശേഖരനെ കൊന്നത് സി.പി.എം നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണെന്ന് ആർ.എം.പിയും യു.ഡി.എഫും തുടക്കം മുതൽ ഉന്നയിക്കുന്ന ആക്ഷേപമാണ്. അന്നത്തെ ഏരിയാകമ്മിറ്റിയംഗം കെ.കെ കൃഷ്ണൻ കുറ്റക്കാരനെന്ന് ഹൈകോടതി വിധി പ്രസ്തുത ആക്ഷേപം ഭാഗികമായി ശരിവെക്കുന്നു. ഇതു ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് തീർച്ച. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയം മുഖ്യതെരഞ്ഞെടുപ്പ് വിഷയമാക്കാൻ പ്രതിപക്ഷം മുൻതെരഞ്ഞെടുപ്പുകളിൽ പ്രധാനമായി ഉന്നയിച്ച വിഷയം ടി.പി കേസാണ്. ഉറച്ച സീറ്റ് വടകര നഷ്ടപ്പെടുന്നതിലേക്ക് വരെ അത് സി.പി.എമ്മിനെ നയിക്കുകയും ചെയ്തു.
അതേസമയം, സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ ഉൾപ്പെടെ 22 പ്രതികളെ വിട്ടയച്ചത് ഹൈകോടതി ശരിവെച്ചിട്ടുണ്ട്. അത് സി.പി.എമ്മിന് ആശ്വാസം പകരുന്നതാണ്. പി. മോഹനൻ ഉൾപ്പെടെ സി.പി.എമ്മിന്റെ ഉന്നത നേതാക്കൾ ടി.പി വധഗൂഢാലോചനയിൽ പ്രതികളാണ് എന്നതാണ് ആർ.എം.പിയും പ്രതിപക്ഷവും ആവർത്തിച്ച് ആരോപിക്കുന്നത്. പി. മോഹനനെ വെറുതെവിട്ടത് ഹൈകോടതി ശരിവെക്കുമ്പോൾ കേസിൽ സി.പി.എം നേതൃത്വത്തിന് ബന്ധമില്ലെന്ന് തെളിഞ്ഞെന്ന് സി.പി.എം അവകാശപ്പെടുന്നു.
ടി.പി കേസിൽ സി.പി.എമ്മിന് പങ്കില്ലെന്നും കേസിൽ രാഷ്ട്രീയം കലർത്തുന്നത് പ്രതിപക്ഷമാണെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചത്. രണ്ടു പ്രതികളെ ശിക്ഷിച്ചത് പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുമ്പോൾ പി. മോഹനനെ വെറുതെവിട്ടത് ഉയർത്തിക്കാട്ടി പ്രതിരോധിക്കാനാകുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.