കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രത്യേക വിചാരണകോടതി വെറുതെവിട്ട പാനൂർ കുന്നോത്ത്പറമ്പ് മുൻ ലോക്കൽ കമ്മിറ്റിയംഗം ജ്യോതി ബാബുവിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ വിധി കണ്ണൂരിലെ പാർട്ടിക്ക് ഏൽപിച്ചത് കനത്ത പ്രഹരം. കേസിൽ ശിക്ഷയനുഭവിക്കുന്നതിനിടെ അന്തരിച്ച പാനൂർ മുൻ ഏരിയ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തനെ അവസാന ശ്വാസംവരെ ന്യായീകരിക്കുന്നതിനിടെയാണ് ജ്യോതിബാബുകൂടി പട്ടികയിൽ വരുന്നത്. ‘ഓപറേഷൻ’ കോഴിക്കോട് ആണെങ്കിലും തിരക്കഥയെല്ലാം കണ്ണൂരിലെന്ന് അരക്കിട്ടുറപ്പിക്കുന്നതായി വിധി.
ടി.പി. വധത്തിൽ പി.കെ. കുഞ്ഞനന്തന് പങ്കില്ലെന്നാണ് പാർട്ടി എക്കാലവും പറഞ്ഞിരുന്നത്. ജയിലിലായിരിക്കെ പാനൂർ ഏരിയ കമ്മിറ്റിയംഗമായി അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുത്തതിനു കാരണവും ഈ ‘നിരപരാധിത്വ’മായിരുന്നു. മരിച്ചിട്ടും അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ ഉറപ്പിക്കുകയും പിഴത്തുക അടക്കുന്നതിൽനിന്ന് ഒഴിവാക്കാതിരുന്നതും പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കും.
കുന്നോത്ത് പറമ്പ് ലോക്കൽ കമ്മിറ്റിയംഗമായിരിക്കെ ജയിലിലായ ജ്യോതി ബാബുവിനെ പാർട്ടി പുനഃസംഘടിപ്പിച്ചപ്പോൾ ഉൾപ്പെടുത്തിയിരുന്നില്ല. വൃക്ക തകരാർ കാരണം പാർട്ടിയിൽ ഇപ്പോൾ ഒട്ടും സജീവവുമല്ല. ബ്രാഞ്ച് അംഗത്വം മാത്രമാണ് നിലവിലുള്ളത്. സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്ന വേളയിലാണ് കോടതിവിധി എത്തുന്നത്.
വടകര: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കീഴ്കോടതി രണ്ട് പ്രതികളെ വെറുതെവിട്ട നടപടി ഹൈകോടതി റദ്ദാക്കിയതോടെ പ്രതിപ്പട്ടികയിൽ വീണ്ടും ഇടംപിടിച്ച കെ.കെ. കൃഷ്ണൻ സി.പി.എമ്മിന്റെ ഒഞ്ചിയത്തെ കരുത്തുറ്റ മുഖം. കുന്നുമ്മക്കര തട്ടോളിക്കര സ്വദേശിയായ കെ.കെ. കൃഷ്ണൻ ടി.പി. വധം നടക്കുമ്പോൾ സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്നു. ഒഞ്ചിയത്തെ പാർട്ടിയുടെ പ്രധാന നേതാക്കളിൽ ഒരാളായ എഴുപതുകാരനായ കൃഷ്ണൻ വടകര േബ്ലാക്ക് പഞ്ചായത്ത് അംഗവുമായിരുന്നു. പിന്നീട്, കുന്നുമ്മക്കര ലോക്കൽ കമ്മിറ്റിയിലേക്ക് ഇദ്ദേഹത്തെ തരംതാഴ്ത്തി. ടി.പിക്കൊപ്പം ഒഞ്ചിയം ഏരിയ കമ്മിറ്റിയിലും ഏറാമല ലോക്കൽ കമ്മിറ്റിയിലും അംഗമായിരുന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഗൂഢാലോചന, കുറ്റകൃത്യം മറച്ചുവെക്കൽ ഉൾപ്പെടെയുള്ള കുറ്റകൃത്യമാണ് ഇദ്ദേഹത്തിനെതിരെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.