തിരുവനന്തപുരം: സർക്കാറിനെതിരെ ഡി.ജി.പി ഡോ. ടി.പി. സെൻകുമാർ നടത്തിയ നിയമപോരാട്ടം സംഭവബഹുലമായിരുന്നു. 2016 മേയ് 31നാണ് സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കി സർക്കാർ ഉത്തരവിറങ്ങിയത്. അദ്ദേഹത്തെക്കാൾ രണ്ടു ബാച്ച് ജൂനിയറായ ഡി.ജി.പി ലോക്നാഥ് െബഹ്റയെ പുതിയ പൊലീസ് മേധാവിയായി നിയമിക്കുകയും ചെയ്തു. നടപടിക്രമങ്ങൾ പാലിക്കാതെയുള്ള സ്ഥാനമാറ്റത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച സെൻകുമാർ തനിക്ക് െബഹ്റയാകാൻ സാധിക്കില്ലെന്നും അധികാരത്തിനായി ആരുടെ പിന്നാലെയും പോകില്ലെന്നും വ്യക്തമാക്കി.
പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കപ്പെട്ട സെൻകുമാറിനെ കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ ആൻഡ് കോർപറേഷൻ (കെ.പി.എച്ച്.സി.സി) സി.എം.ഡി ആയിട്ടായിരുന്നു സർക്കാർ നിയമിച്ചത്. എന്നാൽ, പദവി ഏറ്റെടുക്കാതെ സെൻകുമാർ അവധിയിൽ പോയി. തുടർന്ന് സര്‍ക്കാര്‍ നടപടിക്കെതിരെ അദ്ദേഹം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെയും ഹൈകോടതിയെയും സമീപിച്ചെങ്കിലും അനുകൂലവിധിയുണ്ടായില്ല. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ കെ.പി.എച്ച്.സി.സി സി.എം.ഡിയായി ഐ.ജി ബൽറാംകുമാർ ഉപാധ്യായയെ സർക്കാർ നിയമിച്ചു.
കോടതി വ്യവഹാരങ്ങൾ നീണ്ടുപോയതോടെ സെൻകുമാറിെൻറ അവധി കാലാവധി കഴിഞ്ഞു. തുടർന്ന് അദ്ദേഹം ജോലിയിൽ പ്രവേശിക്കാൻ സന്നദ്ധത അറിയിച്ച് സർക്കാറിന് കത്തുനൽകി. ഇതിെൻറ അടിസ്ഥാനത്തിലാണ് ഫെബ്രുവരി 17ന് അദ്ദേഹത്തെ ഐ.എം.ജി ഡയറക്ടറായി നിയമിച്ചത്. ഇതിനിടെ കേസ് അന്തിമഘട്ടത്തിലേക്ക് കടന്നു.
സെന്‍കുമാര്‍ രാഷ്ട്രീയ എതിരാളിയല്ല, കാര്യപ്രാപ്തി ഇല്ലാത്ത ഉദ്യോഗസ്ഥനായതിനാലാണ് സ്ഥലം മാറ്റിയതെന്ന് മാര്‍ച്ച് 23ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. സത്യവാങ്മൂലം കളവാണെന്ന് രേഖകളുടെ അടിസ്ഥാനത്തിൽ സെന്‍കുമാര്‍ മാര്‍ച്ച് 25ന് എതിര് സത്യവാങ്മൂലവും നല്കി. സെന്‍കുമാറിനെ മാറ്റിയതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാനും പുറ്റിങ്ങല്‍, ജിഷ കേസുകളുടെ അന്വേഷണപുരോഗതി അറിയിക്കാനും മാര്‍ച്ച് 30ന് സുപ്രീംകോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എന്നാൽ, രേഖകള്‍ സമര്‍പ്പിക്കാന്‍ സാവകാശത്തിനായി കേസ് രണ്ടു ദിവസം നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഏപ്രിൽ 11ന് അപേക്ഷ നൽകി. കോടതി ഇത് തള്ളി. തുടർന്ന് ഫയലുകൾ പരിശോധിച്ച കോടതി ഏപ്രില്‍ 24ന് അന്തിമവിധി പുറപ്പെടുവിച്ചു.
സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയ സംസ്ഥാന സര്‍ക്കാറിെൻറ തീരുമാനം കോടതി റദ്ദാക്കുകയായിരുന്നു. സെന്‍കുമാറിനെ മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയപ്രേരിതമാകാമെന്ന നിരീക്ഷണവും കോടതി നടത്തി. എന്നാൽ, വിധി നടപ്പാക്കാതെ ഒളിച്ചുകളിച്ച സർക്കാർ വിധി സംബന്ധിച്ച് നിയമോപദേശം തേടി. സെന്‍കുമാറിനെ പൊലീസ് മേധാവിയായി എത്രയും വേഗം നിയമിക്കണമെന്നും ഇല്ലാത്തപക്ഷം തിരിച്ചടി നേരിടുമെന്നുമായിരുന്നു നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥിെൻറ റിപ്പോര്‍ട്ട്.
പുനഃപരിശോധന ഹരജിക്ക് സാധ്യതയില്ലെന്നും നിയമസെക്രട്ടറി ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഇത് അവഗണിച്ച സർക്കാർ ഏപ്രില്‍ 28ന് സെന്‍കുമാര്‍ കേസിലെ വിധിയില്‍ വ്യക്തതതേടി മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന് ഹരീഷ് സാല്‍വെയുടെ നിയമോപദേശം തേടി. ഇതിനിടെ, വിധി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ തടസ്സം നില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ 28ന് കോടതിയലക്ഷ്യ ഹരജി സമര്‍പ്പിച്ചു. ഇതോടെ കേസ് കൂടുതൽ സങ്കീർണമായി. സെൻകുമാർ വിഷയത്തിൽ ഉടൻ തീരുമാനമാകുമെന്ന് മുഖ്യമന്ത്രി 30ന് വ്യക്തമാക്കിയെങ്കിലും തീരുമാനമൊന്നും കൈക്കൊണ്ടില്ല.
കോടതി വിധി വന്നാല്‍ പിറ്റേദിവസം തന്നെ നടപ്പാക്കാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് വിധിയില്‍ വ്യക്തതതേടിയും ഭേദഗതി ആവശ്യപ്പെട്ടും സര്‍ക്കാര്‍ സുപ്രീംകോടതിയിൽ മേയ് മൂന്നിന് പ്രത്യേക ഹരജികൾ സമർപ്പിച്ചു. ഇവയാണ് വെള്ളിയാഴ്ച കോടതി തള്ളിയത്. സെൻകുമാറിന് 2017 ജൂണ്‍ 30 വരെ സർവിസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.