തിരുവനന്തപുരം: സംസ്ഥാനത്ത് നോക്കുകൂലി വാങ്ങില്ലെന്ന് ചുമട്ടുതൊഴിലാളി യൂനിയനുകളുടെ സംയുക്ത യോഗത്തിൽ തീരുമാനം. നിയമാനുസൃതമായി സർക്കാർ നിശ്ചയിച്ച കൂലി മാത്രമേ വാങ്ങൂ എന്നും തൊഴിലാളി യൂനിയനുകൾ വ്യക്തമാക്കി. തീരുമാനം സ്വാഗതാർഹമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി യോഗത്തിൽ പറഞ്ഞു.
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെൻററിലേക്ക് എത്തിച്ച ഉപകരണങ്ങൾ വാഹനത്തിൽനിന്ന് ഇറക്കുന്നതിന് നോക്കുകൂലിയും അമിതകൂലിയും ചോദിച്ചെന്ന ആക്ഷേപം ഉയർന്നുവന്നിരുന്നു. ട്രേഡ് യൂനിയനുകളിൽ അംഗങ്ങളായവരല്ല ഈ തെറ്റായ നിലപാട് സ്വീകരിച്ചത്. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതാണെങ്കിലും ഒരു വിഭാഗത്തെ മൊത്തം ആക്ഷേപിക്കാൻ ഇത്തരം കാര്യങ്ങൾ ഇടയാക്കുന്നെന്നത് ട്രേഡ് യൂനിയനുകൾ വളരെ ജാഗ്രതയോടെ കാണണമെന്ന് മന്ത്രി പറഞ്ഞു. ഏതെങ്കിലും പ്രശ്നം ചൂണ്ടിക്കാണിച്ച് സംസ്ഥാനം നിക്ഷേപത്തിന് അനുയോജ്യമായ പ്രദേശമല്ലെന്ന് വരുത്തിത്തീർക്കാൻ നാടിെൻറ ശത്രുക്കൾക്ക് അവസരമൊരുക്കിക്കൊടുക്കാൻ പാടില്ല. ഈ ജാഗ്രത എല്ലാ ട്രേഡ് യൂനിയനുകളുടെയും പ്രവർത്തനത്തിൽ ഉണ്ടാകണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി
തൊഴിൽ സെക്രട്ടറി മിനി ആൻറണി, ലേബർ കമീഷണർ ഡോ. എസ് ചിത്ര, ട്രേഡ് യൂനിയനുകളെ പ്രതിനിധീകരിച്ച് സി.കെ. മണിശങ്കർ, പി.കെ. ശശി (സി.ഐ.ടി.യു), വി.ആർ. പ്രതാപൻ, എ.കെ. ഹാഫിസ് സഫയർ (ഐ.എൻ.ടി.യു.സി), കെ. വേലു, ഇന്ദുശേഖരൻ നായർ (എ.ഐ.ടി.യു.സി), യു. പോക്കർ, അബ്ദുൽ മജീദ് (എസ്.ടി.യു), ജി. സതീഷ് കുമാർ (ബി.എം.എസ്) എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.