പേരാവൂർ (കണ്ണൂര്‍): ആറ് മാസം മുമ്പ് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായ ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളെ ബന്ധുക്കൾ ചേർന്ന് ആക്രമിച്ചതായി പരാതി. പേരാവൂര്‍ തൊണ്ടിയില്‍ കുട്ടിച്ചാത്തന്‍ കണ്ടിയിലെ ശിഖ -ബന്‍ഷിയോ ദമ്പതികളാണ് അക്രമത്തിനിരയായത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ഇവര്‍ താമസിക്കുന്ന വീടിന് നേരെ കല്ലെറിഞ്ഞ ശേഷം അക്രമിച്ചുവെന്നാണ് പരാതി.
സംഭവത്തില്‍ ബന്‍ഷിയോയുടെ സഹോദരന്‍ സന്തോഷും സൃഹുത്തുക്കളുമുള്‍പ്പെടെ നാലുപേര്‍ക്കെതിരെ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തൊണ്ടിയില്‍ സ്വദേശികളായ സന്തോഷ്, തോമസ്, രതീശന്‍, ജോസി ആന്റണി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ ഒളിവിലാണ്.
തങ്ങളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായും വീട്ടില്‍ നിന്നും ഇറങ്ങിയില്ലെങ്കില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണി മുഴക്കിയതായും ദമ്പതികള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എറണാകുളം സ്വദേശിനിയാണ് ശിഖ. ബന്‍ഷിയോയുടെ തൊണ്ടിയിലെ തറവാട്ടുവീട്ടില്‍ മാതാവിനൊപ്പം താമസിച്ചുവരികയായിരുന്നു. കുടുംബകലഹമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
അക്രമത്തിനിടെ ശിഖയുടെ കഴുത്തില്‍ കത്തിക്കൊണ്ടു മുറിവേറ്റു. ഇവരെ ആദ്യം പേരാവൂരിലെ ആശുപത്രിയിലും പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അതേസമയം, രണ്ടാഴ്ച്ച മുന്‍പ് തന്നെ അക്രമിച്ചുവെന്ന് കാണിച്ച് ബന്‍ഷിയോക്കും ശിഖയ്ക്കുമെതിരെ സന്തോഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.