വിവാദ നോട്ടീസ്: ചടങ്ങിൽ പ​ങ്കെടുക്കില്ലെന്ന് രാജകുടുംബം

തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബര വാർഷികവുമായി ബന്ധപ്പെട്ട് രാജഭക്തി കവിഞ്ഞൊഴുകിയ ഉദ്ഘാടന നോട്ടീസ് വിവാദമായതോടെ ചടങ്ങിൽ പ​​ങ്കെടുക്കില്ലെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. ക്ഷേ​ത്ര പ്ര​വേ​ശ​ന വി​ളം​ബ​ര​ത്തിന്റെ 87ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇന്ന് നന്തന്‍കോടുള്ള ദേവസ്വം ബോർഡ്‌ ആസ്ഥാനത്താണ് പരിപാടി നടക്കുന്നത്.

‘തിരുവിതാംകൂര്‍ രാജ്ഞിമാരായ പൂയം തിരുനാള്‍ ഗൗരീപാര്‍വതീഭായിയും അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മീഭായിയും ചടങ്ങില്‍ ഭദ്രദീപം കൊളുത്തും’ എന്നാണ് നോട്ടീസിലുണ്ടായിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ഈ ചടങ്ങിലേക്കാണ് ഇരുവരെയും ക്ഷണിച്ചിരിക്കുന്നത്. എന്നാൽ, നോട്ടീസിലെ പദപ്രയോഗങ്ങൾ വിവാദമായതോടെ തങ്ങൾ പ​ങ്കെടുക്കില്ലെന്ന് ഇവർ അറിയിക്കുകയായിരുന്നു. കൂടുതൽ വിവാദങ്ങൾക്ക് താത്‌പര്യമില്ലാത്തതിനാലാണ് പിന്മാറുന്നതെന്ന് അവർ അറിയിച്ചു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചടങ്ങിൽ പുഷ്‌പാർച്ചന മാത്രമേ ഉണ്ടാവൂ. ഇന്ന് ദേവസ്വം ബോർഡ് യോഗം വിഷയം ചർച്ചചെയ്യും.

ബോർഡിന്റെ സാംസ്കാരിക - പുരാവസ്തു വിഭാഗം മേധാവി ബി. മധുസൂദനൻ നായരാണ് നോട്ടീസ് തയ്യാറാക്കിയത്. നാടുവാഴിത്തത്തെ വാഴ്‌ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തെ തമസ്കരിക്കുന്നതായി വിമർശനമുയർന്നിരുന്നു. തിരുമനസ്, രാജ്ഞി തുടങ്ങി രാജഭരണത്തിൽ മാത്രം കേട്ടിട്ടുള്ള ചില പ്രയോഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു നോട്ടീസ് തയാറാക്കിയത്. ഇതിനെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നത്. തുടർന്ന് ദേവസ്വം ബോർഡ് നോട്ടീസ് പിൻവലിച്ചിരുന്നു.

ദേവസ്വം ബോർഡിന്റെ വിവാദ നോട്ടീസ് പരിശോധിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചിരുന്നു. ജാതിക്കെതിരെ ഒട്ടേറെ പ്രക്ഷോഭങ്ങൾ നടന്ന നാടാണിതെന്നും എന്നിട്ടും ചിലതൊക്കെ അ​വശേഷിച്ചു കിടക്കുന്നുണ്ടെന്നും നോട്ടീസിൽ പറയാൻ പാടില്ലാത്ത എന്തെങ്കിലുമുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം പിഴവ് സംഭവിച്ചത് യാദൃശ്ചികമായാണെന്നും ദുരുദ്ദേശ്യത്തോടെ തയാറാക്കിയതല്ല എന്നുമാണ് വിവാദത്തിൽ ദേവസ്വം ബോർഡ് പ്രതികരിച്ചത്. രണ്ട് അഭിനവ "തമ്പുരാട്ടി"മാരിലൂടെ നാടുവാഴിത്ത മേധാവിത്തത്തെയും സംസ്കാരത്തെയും എഴുന്നള്ളിക്കാനുള്ള ദേവസ്വം ബോർഡിൻ്റെ നീക്കം അപലനീയമാണെന്ന് പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ പ്രതികരിച്ചു. തിരുവിതാംകൂറിലെ ദലിത് പിന്നാക്ക ജനവിഭാഗങ്ങള്‍ പൊരുതി നേടിയതാണ് ക്ഷേത്രപ്രവേശനമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

നോ​ട്ടീ​സ് ത​യാ​റാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​രോ​ട്​ വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന്​ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് അ​ഡ്വ. കെ. ​അ​ന​ന്ത​ഗോ​പ​ൻ പറഞ്ഞു. ‘നോ​ട്ടീ​സി​ൽ പ്ര​തി​പാ​ദി​ച്ച ആ​ശ​യ​ങ്ങ​ളു​മാ​യി ദേ​വ​സ്വം ബോ​ർ​ഡി​ന് യോ​ജി​പ്പി​ല്ല. ക്ഷേ​ത്ര പ്ര​വേ​ശ​നം ആ​രു​ടെ​യും ഔ​ദാ​ര്യ​മാ​യി​രു​ന്നി​ല്ല. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ മേ​ഖ​ല​യി​ലെ​യും ജ​ന​വി​ഭാ​ഗ​ങ്ങ​ൾ ധീ​ര​മാ​യി പോ​രാ​ടി നേ​ടി​യെ​ടു​ത്ത അ​വ​കാ​ശ​മാ​ണ്. എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും ആ ​സ​മ​ര​ത്തി​ല്‍ അ​ണി​നി​ര​ന്നി​ട്ടു​ണ്ട്.

അ​ത്ത​ര​ത്തി​ല്‍ ധീ​ര​മാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ത്ത അ​വ​കാ​ശം തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടാ​ൻ നോ​ട്ടീ​സ് ഇ​ട​യാ​ക്കി​യ​തി​നാ​ലാ​ണ് പി​ൻ​വ​ലി​ച്ച​ത്. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡി​ന്റെ 50ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ചി​ത്തി​ര തി​രു​നാ​ൾ രാ​ജാ​വി​ന്റെ പ്ര​തി​മ ദേ​വ​സ്വം ബോ​ര്‍ഡ് ആ​സ്ഥാ​ന​ത്ത് സ്ഥാ​പി​ത​മാ​യ​ത്. ദീ​ർ​ഘ​നാ​ളാ​യി മോ​ശ​മാ​യി കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു പ്ര​തി​മ​യും പ​രി​സ​ര​വും. അ​ത് ന​വീ​ക​രി​ച്ച്​ 87ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ല്ല​നി​ല​യി​ൽ നി​ല​നി​ർ​ത്തു​ക എ​ന്ന​ത് മാ​ത്ര​മാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് ഉ​ദ്ദേ​ശി​ച്ച​ത്. എ​ന്നാ​ൽ, ഇ​തു​സം​ബ​ന്ധി​ച്ച നോ​ട്ടീ​സി​ലെ ആ​ശ​യ​ങ്ങ​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കാ​ൻ ഇ​ട​യാ​യി’ -അ​ന​ന്ത​ഗോ​പ​ന്‍ പ​റ​ഞ്ഞു.

Tags:    
News Summary - travancore devaswom board royal family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.