പത്തനംതിട്ട: ക്ഷേത്ര പ്രവേശന വിളംബരവുമായി ബന്ധപ്പെട്ട് ഇറങ്ങിയ വിവാദ നോട്ടീസ് തയാറാക്കിയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ.
നോട്ടീസിൽ പ്രതിപാദിച്ച ആശയങ്ങളുമായി ദേവസ്വം ബോർഡിന് യോജിപ്പില്ല. ക്ഷേത്ര പ്രവേശനം ആരുടെയും ഔദാര്യമായിരുന്നില്ല. സമൂഹത്തിലെ എല്ലാ മേഖലയിലെയും ജനവിഭാഗങ്ങൾ ധീരമായി പോരാടി നേടിയെടുത്ത അവകാശമാണ്. എല്ലാ വിഭാഗം ജനങ്ങളും ആ സമരത്തില്‍ അണിനിരന്നിട്ടുണ്ട്.
അത്തരത്തില്‍ ധീരമായ പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശം തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ നോട്ടീസ് ഇടയാക്കിയതിനാലാണ് പിൻവലിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ 50ാം വാർഷികത്തോടനുബന്ധിച്ചാണ് ചിത്തിര തിരുനാൾ രാജാവിന്റെ പ്രതിമ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് സ്ഥാപിതമായത്. ദീർഘനാളായി മോശമായി കിടക്കുന്ന അവസ്ഥയിലായിരുന്നു പ്രതിമയും പരിസരവും.
അത് നവീകരിച്ച് 87ാം വാർഷികത്തോടനുബന്ധിച്ച് നല്ലനിലയിൽ നിലനിർത്തുക എന്നത് മാത്രമാണ് ദേവസ്വം ബോർഡ് ഉദ്ദേശിച്ചത്. എന്നാൽ, ഇതുസംബന്ധിച്ച നോട്ടീസിലെ ആശയങ്ങൾ തെറ്റായി വ്യാഖ്യാനിക്കാൻ ഇടയായതായും അനന്തഗോപന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.