അട്ടപ്പാടിയിൽ വീണ്ടും ആദിവാസി ഭൂമി കൈയേറ്റം -വിഡിയോ

കോഴിക്കോട്: അട്ടപ്പാടിയിൽ വീണ്ടും ആദിവാസി ഭൂമി കൈയേറ്റം. കോട്ടത്തറ വില്ലേജിൽ മരപ്പാലത്ത് ആട്-മാട് മേയ്ക്കുന്ന റോഡ് സൈഡിലുള്ള കണ്ണായ സ്ഥലമാണ് ഭൂ മാഫിയ കൈയേറിയതെന്ന് ആദിവാസികൾ പറയുന്നു. ശനി, ഞായർ ദിവസങ്ങളിലായി ജെ.സി.ബി ഉപയോഗിച്ച് ആദിവാസികളുടെ കുടിൽ തകർത്ത് ആ സ്ഥലത്തെ മണ്ണ് നിരപ്പാക്കി തുടങ്ങി. പൊലീസ് സംരക്ഷണയിലാണ് കൈയേറ്റം തുടരുന്നതെന്നാണ് ആദിവാസികളുടെ ആരോപണം.


കോട്ടത്തറ വില്ലേജിൽ സർവേ നമ്പർ 523/2 ഭാഗത്തിൽപ്പെട്ട 6.32 ഏക്കർ (2.56 ഹെക്ടർ) ഭൂമി ആദിവാസി കുടുംബാംഗമായ ബദിരന്‍റെ പേരിലാണ്. പാരമ്പര്യമായ തറവാട് സ്ഥലമാണിത്. കുടുംബത്തിലെ മൂത്തമകന്റെ പേരിലാണ് ക്രയ സർട്ടിഫിക്കറ്റ് പട്ടയം അനുവദിച്ചു നൽകിയത്. ഇളയമകൻ നഞ്ചനുകൂടി അവകാശപ്പെട്ടതാണ് ഭൂമി. ക്രയസർട്ടിഫിക്കറ്റിന്റെ പകർപ്പ് ആദിവാസികളുടെ കൈവശമുണ്ട്. രേഖകൾ പ്രകാരം അഗളി ലാൻഡ് ട്രൈബ്യൂണൽ 1986 ഏപ്രിൽ 11നാണ് ക്രയസർട്ടിഫിക്കറ്റ് നൽകിയത്. 1998 ലെ വില്ലേജ് രജിസ്റ്റർ പ്രകാരം ആദിവാസിയായ കുള്ളന്റെ മുത്തമകൻ ബദിരന്റെ പേരിലാണ് ഭൂമി. തൊട്ടടുത്ത ഭൂമികളും (സർവേ നമ്പർ 528-, 528-2) ആദിവാസികളുടേതാണ്.

ഈ ഭൂമി വിലക്ക് വാങ്ങിയെന്ന് അവകാശപ്പെടുന്നവർക്കൊപ്പം കോട്ടത്തറ വില്ലേജ് ഓഫിസറും സ്ഥലത്ത് വന്നിരുന്നതായി ആദിവാസികൾ ആരോപിക്കുന്നു. എന്നാൽ, ഇങ്ങനെയൊരു സംഭവം താൻ അറിഞ്ഞിട്ടില്ലെന്നാണ് വില്ലേജ് ഓഫിസർ 'മാധ്യമം ഓൺലൈനോ'ട് പറഞ്ഞത്. ഭൂമി വിലക്ക് വാങ്ങിയവർ വ്യാജ ആധാരങ്ങളാണ് ഹാജരാക്കിയതെന്ന് ആദിവാസികൾ പറയുന്നു. നേരത്തെ മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഈ ഭൂമിയിൽ പ്രവേശിക്കാൻ വന്നപ്പോൾ ആദിവാസികൾ ആയുധവുമായി അക്രമിക്കാൻ ചെന്നുവെന്ന് അവർ ഹരജി നൽകിയിരുന്നു. ഈമാസം 14ന് കോടതി ആദിവാസികൾ ഈ സ്ഥലത്ത് പ്രവേശിക്കുന്നത് വിലക്കി ഇഞ്ചക്ഷൻ ഓഡർ നൽകി. അതിനെതുടർന്ന് ഷോളയൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് ജെ.സി.ബിയുമായി ഭൂമി കൈയേറ്റത്തിനെത്തിയത്.

ഉടമസ്ഥർ എന്ന് അവകാശപ്പെടുന്നവർ ഹാജരാക്കിയ രേഖകൾ പ്രകാരം 1968 ലാണ് ഈ ഭൂമി ആദ്യം കൈമാറ്റം നടത്തിയത്. 3276/68 നമ്പർ ആധാര പ്രകാരം തമിഴ്നാട് കോയമ്പത്തൂരുകാരനായ കെ. വേലുമണി നായിഡു എന്നയാൾ എ. ജോൺ വിൻസെന്റിന് ഭൂമി കൈമാറി. അയാൾ മുക്തിയാർ ഏജന്റ് ആയ കാട്ടിൽപുറ കെ. രാധാകൃഷ്ണന് അഗളി സബ് രജിസ്റ്റർ ഓഫിസിൽ വച്ച് 1999ൽ (118/99 ആധാരം) ഭൂമി കൈമാറ്റം നടത്തി. 1199 ലെ രേഖകളുടെ അടിസ്ഥാനത്തിൽ പിന്നീട് രാമൻകുട്ടി വാര്യർ എന്നയാൾ ഭൂമി വാങ്ങി. രാമൻകുട്ടി വാര്യർ ആണ് 2002ലെ (1038/2022 നമ്പർ) ആധാര പ്രകാരം അഗളി സബ് രജിസ്റ്റർ ഓഫിസിൽ വെച്ച് മലപ്പുറം സ്വദേശികൾക്ക് ഭൂമി വിൽപ്പന നടത്തിയത്. ആദിവാസികളായ ബദിരനും നഞ്ചനും തുല്യ അവകാശമുള്ള വസ്തുവിലാണ് കൈയേറ്റം നടന്നത്. 

Tags:    
News Summary - Tribal land encroachment again in Attapadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.