അഗളി(പാലക്കാട്): കടകളിൽനിന്ന് സാധനം മോഷ്ടിക്കുന്നെന്നാരോപിച്ച് ആദിവാസി യുവാവ് മധു(32) വിനെ ആൾക്കൂട്ടം മർദിച്ചുകൊന്ന സംഭവത്തിൽ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം ആളുന്നു. മനഃസാക്ഷിയെ മരവിപ്പിച്ച കൊലയിൽ രോഷം പ്രകടിപ്പിച്ച് ആദിവാസി സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ അട്ടപ്പാടിയിൽ പ്രകടനം നടന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തു. മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്ന് തൃശൂർ റേഞ്ച് ഐ.ജി എം.ആർ. അജിത് കുമാർ പറഞ്ഞു. പ്രതികളിൽ ചിലർ ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായി സൂചനയുണ്ട്.പാലക്കാട് എസ്.പിയുടെയും അഗളി ഡിവൈ.എസ്.പിയുടേയും നിയന്ത്രണത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. അസ്വാഭാവിക മരണത്തിനാണ് കേസ്. ആദിവാസി പീഡന വിരുദ്ധ നിയമത്തിന് കീഴിൽ കൊലപാതക കുറ്റം അടക്കമുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തുമെന്നും ഐ.ജി അറിയിച്ചു. ശനിയാഴ്ച അട്ടപ്പാടി സന്ദർശിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു.
സംഭവത്തിൽ കേന്ദ്ര മനുഷ്യാവകാശ കമീഷൻ സർക്കാറിനോട് റിപ്പോർട്ട് തേടി. തന്നെ വാഹനത്തിൽ കയറ്റിയ ആളുകളാണ് മർദിച്ചതെന്ന് മധു പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ പങ്കുള്ള എല്ലാവരെയും പിടികൂടണമെന്നാവശ്യപ്പെട്ട് മധുവിെൻറ ബന്ധുക്കളും പ്രതിഷേധക്കാരും മൃതദേഹം സൂക്ഷിച്ച അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മോർച്ചറിക്ക് മുന്നിൽ കുത്തിയിരുന്നു. മണ്ണാർക്കാട്-ചിന്നത്തടാകം റോഡ് ഉപരോധിച്ചു. പോസ്റ്റുമോർട്ടത്തിന് തൃശൂരിലേക്ക് കൊണ്ടുപോകാനായി മധുവിെൻറ മൃതദേഹം കയറ്റിയ ആംബുലൻസ് പ്രതിഷേധക്കാർ തടഞ്ഞു.
മധുവിെൻറ അമ്മ മല്ലിയുടെ നേതൃത്വത്തിൽ ഊരുവാസികളാണ് ആംബുലൻസ് തടഞ്ഞത്. പ്രതികളെ പിടികൂടിയാലേ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കൂെവന്ന് പൊലീസിനെ അറിയിച്ചു. പാലക്കാട് എസ്.പി പ്രതീഷ് കുമാർ ചർച്ച നടത്തിയതിനെ തുടർന്നാണ് ആംബുലൻസ് കടത്തിവിട്ടത്. അഗളി പൊലീസ് സ്റ്റേഷനു മുന്നിലും സമരം തുടർന്നു. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ ആളുകൾക്കെതിരെയും ആദിവാസി പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യാതെ പ്രതിഷേധമവസാനിപ്പിക്കില്ലെന്ന് സമരക്കാർ അറിയിച്ചു. ഐ.ജിയുടെ ഉറപ്പിൽ സമരക്കാർ ഗതാഗതം മുടക്കിയുള്ള സമരം പന്തലിലേക്ക് മാറ്റി.
വ്യാഴാഴ്ചയാണ് മധു ക്രൂരമായി കൊല്ലപ്പെട്ടത്. പലചരക്ക് കടയിൽനിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്നാരോപിച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് മധുവിനെ മുക്കാലിക്കടുത്ത് ഭവാനി പുഴക്കരയിലെ ഗുഹയിൽനിന്ന് ഒരുസംഘം പിടികൂടിയത്. കാട്ടിൽനിന്ന് മർദിച്ചവശനാക്കിയ മധുവിനെ മുക്കാലിയിലെത്തിച്ച് പരസ്യവിചാരണക്ക് വിധേയനാക്കി. പിന്നീടാണ് പൊലീസിനെ അറിയിച്ചത്. മാരകമായി പരിക്കേറ്റ മധു പൊലീസ് വാഹനത്തിൽ ഛർദ്ദിച്ച് ബോധരഹിതനായി വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചു.
പോസ്റ്റുമോർട്ടം ശനിയാഴ്ച രാവിലെ
മുളങ്കുന്നത്തുകാവ്: മധുവിെൻറ പോസ്റ്റ്മോർട്ടം ശനിയാഴ്ച കാലത്ത് എട്ടിന് നടക്കും. വെള്ളിയാഴ്ച വൈകീട്ട് 3.45 നാണ് മൃതദേഹം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലെത്തിച്ചത്. അരമണിക്കൂറോളം മൃതദേഹം വരാന്തയിൽ കിടത്തി. വിവാദമായ കേസായതിനാൽ നടപടി ക്രമം പാലിച്ച് വിശദ പരിശോധന നടത്തി പോസ്റ്റുമോർട്ടം നടത്താനാണ് ശനിയാഴ്ചത്തേക്ക് മാറ്റിയതെന്ന് ഫോറൻസിക് മേധാവി ഡോ. ബലറാം പറഞ്ഞു.
കള്ളനെന്ന് പറഞ്ഞ് മർദിച്ചു
അഗളി: കാട്ടിൽനിന്ന് പിടിച്ച് കൊണ്ടുവന്ന് കള്ളനെന്ന് പറഞ്ഞ് ആൾക്കൂട്ടം മർദിച്ചതായി മരിച്ച ആദിവാസി യുവാവ് മധുവിെൻറ മൊഴി. ജീപ്പിൽ കയറ്റിക്കൊണ്ടുവരുമ്പോൾ ചവിട്ടുകയും അടിക്കുകയും ചെയ്തതായും മധു മൊഴി നൽകിയതായി പൊലീസിെൻറ പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നു. അഗളി സ്റ്റേഷനിലെ അഡീഷനൽ സബ് ഇൻസ്പെക്ടർ പ്രസാദ് വർക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്.
കാട്ടിൽനിന്ന് പിടിച്ച് കൊണ്ടുവന്ന മധുവിനെ വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് മുക്കാലി ജങ്ഷനിൽ എത്തിച്ചത്. അവിടെ പ്രദർശിപ്പിച്ചു. അതിനുശേഷമാണ് പൊലീസ് എത്തിയത്. ഹുസൈൻ, മാത്തച്ചൻ, മനു, അബ്ദുൽ റഹ്മാൻ, അബ്ദുൽ ലത്തീഫ്, അബ്ദുൽ കരീം, എ.പി. ഉമ്മർ എന്നിവരാണ് മധുവിനെ പൊലീസിൽ ഏൽപ്പിച്ചത്. കുറച്ച് അരി പൊലീസ് വാഹനത്തിൽ കയറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.
മജിസ്േട്രറ്റ് അന്വേഷിക്കും
തൃശൂർ: ആദിവാസി, പിന്നാക്ക വിഭാഗങ്ങളുടെ മേൽ കൈവെക്കാൻ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി എ.കെ. ബാലൻ. ഒരു പാവത്തെ തല്ലിക്കൊന്നത് കേരളത്തിൽ സംഭവിക്കാൻ പാടില്ലാത്തതാണ്. മജിസ്റ്റീരിയൽ അന്വേഷണം നടത്താൻ മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു.
യുവാവിെൻറ കുടുംബത്തിന് സർക്കാർ സഹായം ലഭ്യമാക്കും. പൊലീസ് വാഹനത്തിലാണ് മരണം സംഭവിച്ചത്. അതുകൊണ്ടു കൂടിയാണ് മജിസ്റ്റീരിയിൽ അന്വേഷണം. പൊലീസിന് വീഴ്ച പറ്റിയിട്ടില്ല. തൃശൂർ റേഞ്ച് ഐ.ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മുഴുവൻ പ്രതികളേയും ഇന്നുതന്നെ പിടികൂടും. ആദിവാസി യുവാവ് ഭക്ഷണത്തിനായി മോഷണം നടത്തി എന്ന് വിശ്വസിക്കുന്നില്ല. ഭക്ഷണം കിട്ടാതിരിക്കുന്ന സാഹചര്യം ആദിവാസികൾക്കില്ല. ഒറ്റപ്പെട്ട സംഭവമാണിത്. ഏത് പാർട്ടിക്കാരായാലും പ്രതികളെ പിടികൂടും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായ ശിക്ഷ പ്രതികൾക്ക് നൽകേണ്ടതുണ്ട്.
ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.