കൊച്ചി: മമ്പാട് ഗ്രാമപഞ്ചായത്തിലെ ആദിവാസികൾക്ക് ലഭിച്ചത് ആടില്ലാ തൊഴുത്തുകളെന്ന് ഫീൽഡ് തല പരിശോധനാ റിപ്പോർട്ട്. ആദിവാസികളുടെ ജീവനോപാധിക്കാണ് ആട് വളർത്തൽ യൂനിറ്റുകൾ തുടങ്ങുന്നതിന് കോർപ്പസ് ഫണ്ടിൽ നിന്നാണ് 9.37 ലക്ഷം രൂപ ആനുവദിച്ചത്.
2018 ഫെബ്രുവരി 22ന് തുക പിൻവലിക്കുകയും ചെയ്തു. ആട് വളർത്തൽ യൂനിറ്റിന്‍റെ നടത്തിപ്പ് ചുമതല ടി.ഇ.ഒയിക്കായിരുന്നു. 2018 ഫെബ്രുവരിയിൽ തന്നെ പദ്ധതി നടത്തിപ്പിനായി തുക പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. ഓഡിറ്റ് സംഘം നടത്തിയ ആദ്യ ഫീൽഡ് തല പരിശോധനയിൽ മമ്പാട് കോളനിയിലെ ആടുവളർത്തൽ യൂനിറ്റ് നടപ്പാക്കിയിട്ടില്ലെന്ന് കണ്ടെത്തി. മമ്പാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി 9.37 ലക്ഷം രൂപ കൈവശംവെച്ച് ആദിവാസികളുടെ ഉപജീവനത്തിനുള്ള മാർഗം തടഞ്ഞുവെന്ന് റിപ്പോർട്ട് നൽകി.
രണ്ടാമത് ഓഡിറ്റ് സംഘം പരിശോധനക്ക് എത്തിയപ്പോഴും ഈ തുക പഞ്ചായത്ത് സെക്രട്ടറിയുടെ കൈവശമാണെന്ന് കണ്ടെത്തി. ആട്ടിൻ തൊഴുത്ത് പണിതതല്ലാതെ മറ്റൊരു പ്രവർത്തനവും നടക്കുന്നില്ലെന്ന് നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അന്വേഷണ സംഘത്തോട് പറഞ്ഞു. പദ്ധതി വിഭാവനം ചെയ്ത പ്രകാരം തെരഞ്ഞെടുത്ത കുടുംബങ്ങൾക്ക് നാല് ആടുകൾ (മൂന്ന് പെൺ, ഒരു ആണ്), ഇൻഷുറൻസ്, മരുന്ന്, തീറ്റകൾ, പാത്രങ്ങൾ എന്നിവ വാങ്ങാനുള്ള തുക നൽകും. ആടിന്‍റെ ഷെഡ് നിർമ്മാണത്തിന് 16,000 രൂപയും അനുവദിക്കുമെന്നായിരുന്നു. പഞ്ചായത്ത് ഷെഡ് നിർമ്മാണത്തിനായി 16000 രൂപ ചെലവഴിച്ചുവെന്ന് ടി.ഇ.ഒ അറിയിച്ചു. 2017-18 വർഷത്തെ പ്ലാൻ ഫണ്ടിലാണ് ഈ പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്.
പദ്ധതി പൂർത്തിയാകാത്തതിനാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി തുക പലിശ സഹിതം തിരിച്ചടക്കണമെന്നാണ് റിപ്പോർട്ടിലെ നിർദേശം. ഗ്രാമപഞ്ചായത്തിന്റെ നടപടി ആദിവാസികളുടെ ഉപജീവനമാർഗമാണ് ഇല്ലാതാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ, തുക ഉടൻ തിരികെ നൽകുന്നതിന് പദ്ധതിയുടെ നടത്തിപ്പ് ഓഫീസറായ എൽ.എസ്ജി.ഐ മമ്പാട് സെക്രട്ടറിക്ക് കത്ത് നൽകുമെന്ന് മറുപടി നൽകി.
നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ ഹോസ്റ്റലിൽ അടുക്കളയോട് ചേർന്ന് ഒരു 'സ്റ്റീമർ സെറ്റ്' (ഹോസ്റ്റലിലെ അടുക്കളയിൽ ആവി കൊണ്ട് ഭക്ഷണം പാകം ചെയ്യുന്നതിനുളള സുഷിരമുളള പാത്രം) സ്ഥാപിക്കാൻ അനുവദിച്ച 10.17 ലക്ഷവും പാഴാക്കിയെന്നാണ് പരിശോധനയിൽ കണ്ടെത്തി. കൃത്യമായ സംരക്ഷണമില്ലാതെ ഉപകരണങ്ങൾ ഉപയോഗശൂന്യമായി സൂക്ഷിച്ചിരുന്നതായി ഫീൽഡ് തല പരിശോധനയിൽ കണ്ടെത്തി.
സ്റ്റീമർ സെറ്റ് സ്ഥാപിക്കുന്നതിന് 20.90 ലക്ഷം രൂപയ്ക്ക് അടുക്കളഭാഗം കൂടി നിർമിക്കാൻ എ.എസ് നൽകിയെങ്കിലും ഇതുവരെ അതിന്‍റെ പണി പൂർത്തിയായിട്ടില്ല. അധിക അടുക്കള ഭാഗത്തിന്റെ നിർമ്മാണത്തിന് മുമ്പേ സ്റ്റീമർ സെറ്റ് സ്ഥാപിചതിനാൽ 10.17 ലക്ഷം രൂപ നിഷ്ഫലമായി. ഉദ്യോഗസ്ഥ തലത്തിലെ കെടുകാര്യസ്ഥതയാണ് ഇതിന് കാരണം.
അതുപോലെ, പട്ടികവർഗ വകുപ്പിന് കീഴിലുള്ള 18 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ ചവർ കത്തിക്കുന്ന യന്ത്രം സ്ഥാപിക്കുന്നതിന് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് (കെ.എസ്.ഐ.ഇ.എൽ) സമർപ്പിച്ച നിർദ്ദേശം പട്ടികവർഗ ഡയറക്ടർ 2021 ഫെബ്രുവരി 25നാണ് അംഗീകരിച്ചു. ഉപകരണങ്ങൾ വിതരണം ചെയ്യുകയും സ്ഥാപിക്കുകയും ചെയ്യുമ്പോൾ ജോലി പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് നൽകാൻ സീനിയർ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
മെഷീൻ വിതരണം ചെയ്തതിന്‍റെയും സ്ഥാപിക്കുന്നതിന്‍റെയും ഫയൽ പരിശോധിച്ചതിൽ, ഒരു പോർട്ടബിൾ ഇൻസിനറേറ്റർ (ട്രാഷ് ബേണിങ് മെഷീനും ട്രോളി മൗണ്ട് ഫയർ മെഷീനും) സ്ഥാപിക്കുന്നതിന് സീനിയർ സൂപ്രണ്ട് 2021 മെയ് നാലിന് കെ.എസ്.ഐ.ഇ.എല്ലിന് വർക്ക് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് നൽകിയതായി വ്യക്തമായി. ഫീൽഡ് തല പരിശോധനയിൽ ചവർ കത്തിക്കുന്ന മെഷീനും ഫയർ എക്‌സ്‌റ്റിംഗുഷറും ഇൻസ്‌റ്റാൾ ചെയ്തിട്ടില്ല. മെഷീൻ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അന്വേഷണ സംഘം നിർദേശം നൽകി. നിലമ്പൂർ ഐ.ടി.പി.ഡി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.