മലപ്പുറം: രാജ്യസഭയിലെ മുത്തലാഖ് ബിൽ ചർച്ചയിൽ പി.വി അബ്ദുൽ വഹാബ് പങ്കെടുക്കാത്തത് വലിയ തെറ്റെന്ന് പാണക്കാട്ട് കുടുംബാംഗവും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റുമായ മുഈനലി ശിഹാബ് തങ്ങൾ. മുസ് ലിം ലീഗിന്‍റെ ഉന്നത നേതാവാണ് അദ്ദേഹം. വഹാബ് ചർച്ചയിൽ പങ്കെടുക്കാത്ത വിഷയത്തിൽ ലീഗ് ഉത്തരം പറയണമെന്നും മുഈനലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.
പാർലമെന്‍റിൽ പോകാൻ പ്രയാസമുണ്ടെങ്കിൽ വഹാബ് മാറിനിൽക്കണം. അത് മറ്റുള്ളവർക്ക് പ്രോത്സാഹനമാകും. വഹാബിന്‍റെ രാജ്യസഭയിലെ ഹാജർനില വളരെ കുറവാണ്. വിവിധ വിഷയങ്ങളിൽ ലീഗിൽ നിന്ന് കൂടുതൽ ഇടപെടലുകൾ ജനങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും മുഈനലി ശിഹാബ് തങ്ങൾ മീഡിയവൺ അഭിമുഖത്തിൽ വ്യക്തമാക്കി.
മുത്തലാഖ് ബില്ലിന്മേലുള്ള ചർച്ചയിൽ വൈകിയെത്തിയ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്‍റെ ഏക എം.പി പി.വി. അബ്ദുൽ വഹാബിന് രാജ്യസഭയിൽ പ്രസംഗിക്കാൻ സാധിച്ചിരുന്നില്ല. പ്രസംഗിക്കാൻ പേര് വിളിച്ചപ്പോൾ ഹാജരില്ലാതിരുന്ന വഹാബ് ചർച്ച അവസാനിപ്പിച്ച് നിയമമന്ത്രി മറുപടി പറഞ്ഞു തീർക്കുന്ന സമയത്ത് വന്നതു കൊണ്ടാണ് സംസാരിക്കാൻ കഴിയാതെ പോയത്.
ഉച്ചക്ക് 12 മണിക്ക് രാജ്യസഭയിൽ തുടങ്ങിയ മുത്തലാഖ് ബിൽ ചർച്ചക്ക് നാല് മണിക്കൂർ സമയമാണ് അനുവദിച്ചിരുന്നത്. ഇതനുസരിച്ച് അഞ്ച് മണിക്ക് ചർച്ച അവസാനിച്ച് ബിൽ വോട്ടിനിടേണ്ടതായിരുന്നു. എന്നാൽ, വൈകുന്നേരം അഞ്ച് മണി കഴിഞ്ഞും ചർച്ച തുടർന്നുവെങ്കിലും വഹാബ് സഭയിലെത്തിയില്ല. പേര് നൽകിയിരുന്ന വഹാബിനെ ഉപാധ്യക്ഷൻ സംസാരിക്കാൻ വിളിച്ചുവെങ്കിലും ഹാജരില്ലാത്തതിനാൽ അടുത്തയാളെ വിളിച്ചു.
തുടർന്ന് ചർച്ചയിലുള്ള എല്ലാവരുടെയും പ്രസംഗം അവസാനിച്ചിട്ടും നിയമമന്ത്രി രവി ശങ്കർ പ്രസാദ് മറുപടി പ്രസംഗം തുടങ്ങിയിട്ടും വഹാബ് എത്തിയില്ല. വോട്ടിനിടുന്നതിന് തൊട്ടുമുമ്പ് നിയമമന്ത്രിയുടെ പ്രസംഗം അവസാനിക്കാറായപ്പോൾ കയറിവന്ന വഹാബ് നേരെ ചെയറിലുണ്ടായിരുന്ന വെങ്കയ്യ നായിഡുവിെന സമീപിച്ചുവെങ്കിലും അദ്ദേഹം അനുവദിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.