കൊച്ചി: ക്രിസ്ത്യൻ യുവാവിനെ വിവാഹം ചെയ്തതിെൻറ പേരിൽ ആയുർവേദ ഡോക്ടർ കൊടുംപീഡനങ്ങൾക്കും ഭീഷണികൾക്കും ഇരയായ തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിനെതിരായ ആരോപണങ്ങൾ ശരിവെച്ച് കൂടുതൽ പേർ രംഗത്ത്. ഹിന്ദുമതത്തിലേക്ക് മടങ്ങാമെന്ന് സമ്മതിച്ച് സ്ഥാപനത്തിൽനിന്ന് രക്ഷപ്പെടുകയും കഴിഞ്ഞദിവസം പൊലീസ് ഇടപെടലിനെത്തുടർന്ന് മോചനം ലഭിക്കുകയും ചെയ്ത അന്തേവാസികളാണ് പീഡനവാർത്തകൾ ശരിവെക്കുന്നത്.
ഇതിനിടെ, ഘർവാപസി കേന്ദ്രം അധികൃതർ ഡോ. ഹാദിയയെയും വലയിലാക്കാൻ ശ്രമിച്ചിരുന്നെന്ന വിവരവും പുറത്തുവന്നു. ഇസ്ലാംമതം സ്വീകരിച്ച് ഹാദിയയായി മാറിയ വൈക്കം സ്വദേശി അഖിലയുടെ പിതാവ് അശോകനാണ് മകളുടെ വിഷയത്തിൽ തൃപ്പൂണിത്തുറയിലെ ഘർവാപസി കേന്ദ്രത്തിെൻറ ഇടപെടൽ വെളിപ്പെടുത്തിയത്. മകളെ ഹിന്ദുമതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് ഇദ്ദേഹം യോഗ കേന്ദ്രത്തിെൻറ സഹായം തേടിയത്. കേന്ദ്രത്തിലെ വളൻറിയർ ഹാദിയയെ സന്ദർശിച്ച് ഭീഷണിസ്വരത്തിൽ ഏറെ നേരം സംസാരിച്ചെങ്കിലും അവർ വഴങ്ങിയില്ല. ഘർവാപസി കേന്ദ്രത്തിലെ ശാരീരികവും മാനസികവുമായ പീഡനം സഹിക്കാനാവാതെ ഹിന്ദുമതത്തിലേക്ക് മടങ്ങിയ കൂട്ടുകാരിയെ ഹാദിയയുമായി സംസാരിക്കാൻ നിയോഗിച്ചെങ്കിലും ഇൗ ശ്രമവും പരാജയപ്പെട്ടു.
കണ്ണൂർ, എറണാകുളം സ്വദേശികളായ യുവതികളാണ് ഇതരമതസ്ഥരെ വിവാഹം ചെയ്തതിെൻറ പേരിൽ യോഗ കേന്ദ്രത്തിൽ ക്രൂരപീഡനങ്ങൾ നേരിടേണ്ടിവന്നതായി വെളിപ്പെടുത്തിയത്. ഹിന്ദു യുവാവിനെ വിവാഹം കഴിക്കാൻ തയാറാകുകയോ ഭർത്താവ് ക്രിസ്തുമതം ഉപേഷിച്ച് ഹിന്ദുമതത്തിൽ ചേരുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ആയുർവേദ ഡോക്ടറായ യുവതിയെ കേന്ദ്രം നടത്തിപ്പുകാർ ക്രൂരമായി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് തങ്ങളും സാക്ഷികളാണെന്ന് ഇവർ പറയുന്നു.
എന്തുവില കൊടുത്തും മക്കളെ ഹിന്ദുമതത്തിലേക്ക് മടക്കിക്കൊണ്ടുവരുമെന്ന് കേന്ദ്രം നടത്തിപ്പുകാരൻ മനോജ് ഗുരു രക്ഷിതാക്കൾക്ക് നൽകിയ വാഗ്ദാനം പാലിക്കാനായിരുന്നു തടങ്കലിൽ പാർപ്പിച്ചുള്ള പീഡനമുറകളത്രയും. അന്തേവാസികളുടെ സ്വകാര്യതക്ക് പോലും വിലകൽപിച്ചിരുന്നില്ല. ഇവരിൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരുമുണ്ട്. കേന്ദ്രത്തിനുള്ളിൽ നടക്കുന്നത് പുറംലോകം അറിയാതിരിക്കാൻ ഫോൺ ചെയ്യുന്നതും പരസ്പരം സംസാരിക്കുന്നതും കർശനമായി വിലക്കിയിരുന്നു. ഇവിടെനിന്ന് മടങ്ങിയവരുടെ ദേഹവും രേഖകളും വിശദമായി പരിശോധിച്ചശേഷമാണ് പോകാൻ അനുവദിച്ചത്. അന്തേവാസികൾ ഫോൺ നമ്പർ കൈമാറിയിട്ടില്ലെന്ന് ഉറപ്പാക്കാനായിരുന്നത്രെ ഇത്. യോഗ കേന്ദ്രത്തിലെ മനുഷ്യത്വഹീനമായ പ്രവൃത്തികളെക്കുറിച്ച് ചില അന്തേവാസികൾ കഴിഞ്ഞദിവസം പൊലീസിനും മൊഴി നൽകിയിരുന്നു. ആരോപണങ്ങൾ ശരിയാണെന്നാണ് പൊലീസിെൻറ പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തൽ. കഴിഞ്ഞദിവസം അറസ്റ്റിലായ ശ്രീജേഷിെൻറ സാന്നിധ്യത്തിലാണ് പലപ്പോഴും പീഡനമുറകൾ അരങ്ങേറിയിരുന്നത്. സ്ഥാപനത്തിെൻറ ഡയറക്ടർ മനോജ് ഗുരുജി അടക്കം മറ്റ് അഞ്ച് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.