പെട്രോള്‍-പാചകവാതക വിലര്‍ധനക്കും നികുതി കൊള്ളയ്ക്കുമെതിരെ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തില്‍ നടന്ന 100 കിലോമീറ്റർ സൈക്കിള്‍ ചവിട്ടിയുള്ള പ്രതിഷേധ യാത്ര ഏറെ ശ്രദ്ധേയമായിരുന്നു. ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് കൂടി എത്തിയതോടെ ദേശീയതലത്തിലും ഈ പ്രതിഷേധം ശ്രദ്ധ നേടി. എന്നാല്‍, പ്രതിഷേധ യാത്രക്കിടെ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ഷാഫി പറമ്പിലിനുണ്ടായ നാക്കുപിഴ സാമൂഹിക മാധ്യമങ്ങളിലിപ്പോള്‍ ട്രോളായി നിറഞ്ഞ് നില്‍ക്കുകയാണ്.
സൈക്കിൾ റാലിയുടെ ഫേസ്ബുക്ക് ലൈവ് പോകുന്നുണ്ടെന്നത് ഓർക്കാതെയായിരുന്നു ഷാഫിയുടെ സംസാരം. സൈക്കിൾ ചവിട്ടി ക്ഷീണിച്ച ഷാഫി 'ഞാനപ്പോഴേ പറഞ്ഞതാ വല്ല പദയാത്രയും മതിയെന്ന്' എന്ന് പ്രവർത്തകരോട് പറയുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ട്രോളർമാർ കൂടി ഏറ്റെടുത്തതോടെ ഈ വീഡിയോ വൈറൽ ആകാൻ അധികം നേരം വേണ്ടി വന്നില്ല.
പദയാത്ര മതിയായിരുന്നു എന്ന് പറയുന്ന ഷാഫിയോട് കൂടെ സൈക്കിൾ ചവിട്ടുന്ന പ്രവർത്തകൻ 'ആരാ ഈ ഐഡിയ സജസ്‌റ്റ് ചെയ്‌തത്' എന്ന് ചോദിക്കുന്നുണ്ട്. ഞാൻ തന്നെയാണെന്നാണ് ഷാഫിയുടെ മറുപടി. അപ്പോഴാണ് മുന്നിൽ വീഡിയോ ചിത്രീകരിക്കുന്നയാൾ ലൈവ് ആണെന്ന് ഓർമ്മിപ്പിക്കുന്നത്. അപ്പോൾ 'ഡിലീറ്റ് ചെയ്യ്' എന്ന് ഷാഫി പലതവണ പറയുന്നുണ്ടെങ്കിലും വീഡിയോ അതിനോടകം ട്രോളന്മാരുടെയും രാഷ്ട്രീയ എതിരാളികളുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു.
സമരങ്ങളോടും ജനകീയ പ്രശ്‌നങ്ങളോടും ആത്മാർഥതയില്ലാതെ ഇടപെടുന്ന, സ്വന്തം ഇമേജ് വർധിപ്പിക്കൽ മാത്രം ലക്ഷ്യമിടുന്ന ചില സിനിമ കഥാപാത്രങ്ങളെ ഉപയോഗിച്ചാണ് പ്രധാനമായും ട്രോളുകൾ ഉണ്ടാക്കിയിരിക്കുന്നത്. വോട്ടിന് വേണ്ടിയുള്ള നാടകമെന്ന് പറഞ്ഞാണ് ഈ ട്രോളുകളും ഷാഫിയുടെ വീഡിയോയും പ്രചരിക്കപ്പെടുന്നത്. എന്നാൽ, നികുതി കുറക്കാൻ തയാറാകാത്ത സംസ്ഥാന സർക്കാറിനെ വിമർശിക്കാത്ത ഡി.ൈവ.എഫ്.ഐക്കാരാണ് സൈക്കിള്‍ റാലിയാണെങ്കിലും പദയാത്രയാണെങ്കിലും പ്രതിഷേധിക്കുന്ന കാര്യം പറഞ്ഞ ഷാഫിയെ കളിയാക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് അനുകൂലികള്‍ ഇതിനെ പ്രതിരോധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.